Connect with us

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, ഒരു സോറി പോലും പറയാന്‍ പറ്റിയില്ല ; കനകലതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഭാഗ്യലക്ഷ്മി

Malayalam

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, ഒരു സോറി പോലും പറയാന്‍ പറ്റിയില്ല ; കനകലതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഭാഗ്യലക്ഷ്മി

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, ഒരു സോറി പോലും പറയാന്‍ പറ്റിയില്ല ; കനകലതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഭാഗ്യലക്ഷ്മി

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സിനിമാ സീരിയല്‍ നടി കനകലത അന്തരിച്ചത്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം സഹോദരി വിജയമ്മ നല്‍കിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ശക്തമായ വലിയ കഥാപാത്രങ്ങളല്ലെങ്കിലും ചെറു ചെറു കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു നിറഞ്ഞ കലാകാരിയാണ് കനകലത. പക്ഷേ, അവസാനകാലം ടെലിവിഷനില്‍ സ്വന്തം മുഖം കണ്ടാല്‍പോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവര്‍ രോഗാവസ്ഥയിലായിരുന്നു.

ഇപ്പോഴിതാ നടി കനകലതയെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വയ്യാതിരിക്കുകയാണെന്ന് അറിഞ്ഞിട്ടും അന്വേഷിക്കാനോ കാണാന്‍ പോകാനോ പറ്റിയില്ലെന്നും ഓരോ മരണവും ഓരോ ഓര്‍മപ്പെടുത്തലാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ;

‘നമ്മള്‍ എപ്പോഴും വിചാരിക്കും ഇവരെ കണ്ടിട്ട് കുറേ വര്‍ഷമായല്ലോ. നാളെ വിളിക്കാം അല്ലെങ്കില്‍ പോയി കാണാം എന്ന്. അങ്ങനെ ആ നാളെ നീണ്ടു നീണ്ടു ഒടുവില്‍ അവര്‍ അന്തരിച്ചു എന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ ഉള്ളില്‍ കുറ്റബോധം തോന്നും. കനകലതയുടെ കാര്യത്തില്‍ ഞാന്‍ അങ്ങനെ ചിന്തിച്ചു. പലപ്പോഴും വിചാരിച്ചിരുന്നു വിളിക്കണം അന്വേഷിക്കണം എന്നൊക്കെ.

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, പോയി കാണാന്‍ തോന്നിയില്ലല്ലോ. ഇനി ഒരിക്കലും കാണാന്‍ പറ്റില്ല. ഒരു സോറി പോലും പറയാന്‍ പറ്റിയില്ല. വലിയ സൗഹൃദമൊന്നും ഇല്ലെങ്കിലും കാണുമ്പോള്‍ വളരെ സ്‌നേഹത്തോടെ സംസാരിച്ചിരുന്നു, സങ്കടങ്ങള്‍ പങ്കുവച്ചിരുന്നു. ഓരോ മരണവും ഓരോ ഓര്‍മപ്പെടുത്തലാണ്. സ്മരണാഞ്ജലികള്‍’ എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

അതേസമയം കനകലതയ്ക്കു അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഭാഗ്യലക്ഷ്മി എത്തുകയുണ്ടായി. ഇന്ദ്രന്‍സ്, ആദിത്യന്‍ ജയന്‍ തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിരവധി പേരാണ് നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. മലയിന്‍കീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം.

ചികിത്സയുടെ ഇടവേളകളില്‍ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകള്‍ ഓര്‍മ്മയില്‍ വരുമെങ്കിലും സ്‌ക്രീനില്‍ തന്നെ കണ്ടാല്‍പോലും തിരിച്ചറിയില്ല. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് അവരെ തളര്‍ത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹന്‍ലാല്‍ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകള്‍ക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കും. സിനിമ കാണുമ്പോഴും അവളഭിനയിച്ച സീനുകള്‍ വരുമ്പോഴുമൊക്കെ എന്തൊക്കെയോ ഓര്‍ത്തിരിക്കും. വീട്ടിലുള്ളവരെയും ബന്ധുക്കളെയുമൊക്കെ കണ്ടാല്‍ മനസ്സിലാവുന്നുണ്ട്. മറന്നത് ദൈനംദിന കാര്യങ്ങളാണ്. സ്വയം ചെയ്യേണ്ട കാര്യങ്ങളെല്ലാം മറന്നു എന്നും വിജയമ്മ പറയുന്നു.

1980ല്‍ ‘ഉണര്‍ത്ത് പാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. എന്നാല്‍ ചിത്രം റിലീസായില്ല. 1982ല്‍ പുറത്തിറങ്ങിയ ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് കനകലത മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം മോശമായതുകൊണ്ട് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്. അതേസമയം വിവാഹമോചിതയാണ് കനകലത. പതിനഞ്ച് വര്‍ഷത്തെ വിവാഹജീവിതം 2005ലാണ് നടി വേര്‍പെടുത്തിയത്. ഇവര്‍ക്ക് കുട്ടികളില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top