ബറോസ് ഓണത്തിന് തീയേറ്ററുകളിലേക്ക് ? സൂചന നൽകി അണിയറ പ്രവർത്തകർ
മോഹൻലാലിന്റെ കന്നി സംവിധാന ചിത്രമായ ബറോസ് ഓണത്തിന് തീയേറ്ററുകളിൽ എത്തും എന്ന് സൂചനകൾ പുറത്തുവരുന്നു. ഒരു എഫ് എം ന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന് വെളിപ്പെടുത്തിയതാണ് ഇത്. ചിത്രം എന്ന് കാണാനാവുമെന്ന അവതാരകയുടെ ചോദ്യത്തിന് സന്തോഷ് രാമന്റെ മറുപടി ഇങ്ങനെ- ഈ ഓണത്തിന് കാണാമെന്നാണ് പ്രതീക്ഷ. അങ്ങനെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ് നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. “ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്.
400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. കടലിലും കരയിലുമായുള്ള വാസ്കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്ക്കുന്ന ബറാസ്. ഓരോ കപ്പലെത്തുമ്പോഴും അയാള്‍ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടെന്ന്.ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമേ ബറോസ് നിധി കൈമാറുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം ഗാമയെ തേടി ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്തുടര്ച്ചക്കാരന് താനാണെന്ന് അവന് പറയുന്നു. പിന്നീട് കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
