Malayalam
കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം; അച്ഛന് കാണാന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് ബാലഭാസ്ക്കറിന്റെ അമ്മ
കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം; അച്ഛന് കാണാന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് ബാലഭാസ്ക്കറിന്റെ അമ്മ
മലയാളികളുടെ മനസ്സില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കര്‍. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും വേദനയിലാഴ്ത്തി ബാലഭാസ്കര്‍ മരണപ്പെടുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആ മരണത്തിന്റെ വേദനയില്‍ നിന്നും ഇന്നും മുക്തരാകാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.
വലിയ വിവാദങ്ങളായിരുന്നു ബാലഭാസ്കറിന്റെ മരണത്തിന് ശേഷം അരങ്ങേറിയത്. കഴിഞ്ഞ ദിവസം കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ബാലഭാസ്കറിന്റെ മരണശേഷം ചര്‍ച്ചയായ ഒന്നായിരുന്നു അദ്ദേഹം അമ്മയുമായി അകല്‍ച്ചയിലായിരുന്നു എന്നത്.
ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്മ ശാന്തകുമാരി. മകനെ ഒരിക്കലും ഒഴിവാക്കി നിര്‍ത്തിയ അമ്മയല്ല താനെന്ന് ശാന്തകുമാരി പറയുന്നു. മകന്റെ ഉയര്‍ച്ചയ്ക്കായി പ്രാര്‍ത്ഥനയുമായി നടന്ന ആളാണ് താന്‍. ഇന്നും അവന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അമ്മ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അമ്മയുടെ പ്രതികരണം.
‘ഞാന്‍ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകള്‍ പറഞ്ഞു പരത്തിയതാണ്. ഞാന്‍ ഇങ്ങനെ ഒരു മകനെ അന്ന് പ്രസവിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റലില്‍ നിന്നും എഴുതിവാങ്ങി അങ്ങനെയൊരു രേഖ ഉണ്ടാക്കി വെക്കണമെന്ന് വരെ തോന്നിയിട്ടുണ്ട്. അത്രയും മോശം അനുഭവമാണ് ഉണ്ടായത്. എന്റെ മോള്‍ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അവന് ജനിക്കുന്നത്. എന്റെ മരിച്ചുപോയ അച്ഛന്റെ രൂപവും നിറവും ഒക്കെ ആയതുകൊണ്ട് ബാലഭാസ്കര്‍ എന്ന് പേരിട്ടു. അച്ഛനും നല്ലൊരു കലാകാരനായിരുന്നു, അങ്ങനെ ആഗ്രഹിച്ചാണ് അവനെ വളര്‍ത്തിയതും’.
‘ഞാന്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു. പിന്നീട് അവന് അമ്മാവന്റെ അടുത്ത് വയലിന് പഠിക്കാന്‍ തുടങ്ങി. എന്റെ മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്’.
‘ജോലിക്ക് പോകുന്ന സമയങ്ങളില്‍ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളില്‍ മക്കളുടെ കൂടെ തന്നെ ഞാന്‍ ഉണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവനെ എല്ലാ മത്സരങ്ങള്‍ക്കും കൊണ്ടുപോയിരുന്നത് ഞാനാണ്. അല്ലാതെ അവനെ ഒഴിവാക്കിയുള്ള ജീവിതം അല്ലായിരുന്നു. പ്രീഡിഗ്രി കാലഘട്ടത്തില്‍ മുതല്‍ കുറെയൊക്കെ ദേഷ്യമൊക്കെ കാണിച്ചു തുടങ്ങി. കാര്യവട്ടത്ത് ഡിഗ്രി പഠിക്കുന്ന സമയം മുതല്‍ പരിപാടികളുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അവന്റെ പഠനത്തില്‍ ശ്രദ്ധവച്ചു. ഫാസ്റ്റ് ക്ലാസ്സോടെ അവന് പാസ്സായി’.
‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന് റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’.
‘പിന്നെയും ഞങ്ങള്‍ ജീവിച്ചു, കാരണം അവന് ഗുരുത്വം ഇല്ലാത്തവനോ സ്നേഹമില്ലാത്തവനോ ഒന്നും ആയിരുന്നില്ല. അച്ഛന് അവനെ കാണാന്‍ പോകുമായിരുന്നു. അവിടുത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു. വീടൊക്കെ വച്ച് കഴിഞ്ഞപ്പോള്‍ അച്ഛന് ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു.
വയ്യാത്ത മകളേക്കാള്‍ അവനെ പറ്റിയാണ് ഞങ്ങള്‍ വിഷമിച്ചിരുന്നത്. പണം കടം കൊടുക്കുന്നതൊക്കെ സ്ഥിരം പരിപാടിയായി മാറി. അതൊക്കെ കാണുമ്പോള്‍ എനിക്ക് പേടിയായിരുന്നു. കല്യാണം കഴിച്ചുപോയല്ലോ എന്നോര്‍ത്തിട്ട് ഞങ്ങള്‍ അവനു മുന്നില്‍ കതകടച്ചിട്ടില്ല, അവന് വരാറുണ്ടായിരുന്നു. വിവാഹശേഷം ഞങ്ങള്‍ ഒന്നിച്ച് പാട്ടുകള്‍ ചെയ്തിട്ടുണ്ട്. അമ്മയും മകനും തമ്മില്‍ വിരോധത്തിലായിരുന്നുവെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും’.
‘അവരുടെ കുടുംബകാര്യത്തില്‍ ഒന്നും ഞാന്‍ ഇടപെടാറുണ്ടായിരുന്നില്ല. വിവാഹ ശേഷം പതിനെട്ട് വര്‍ഷത്തിനുശേഷമാണ് അവന് സഹോദരിയെ കാണുന്നത്. അവള് അന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. അവളെ അന്ന് കണ്ടപ്പോള്‍ അവന് ഒരുപാട് സന്തോഷിച്ചു. ഒരു മൊബൈലൊക്കെ വാങ്ങിക്കൊടുത്തു. ഡിസ്ചാര്‍ജായ ശേഷവും അവളെ കാണാന്‍ വീട്ടില്‍ വന്നു. മുന്പോട്ടുള്ള ചികിത്സയ്ക്ക് അവള് തയ്യാറാവുന്നത് തന്നെ അവന് പറഞ്ഞിട്ടാണ്. പക്ഷേ അപ്പോഴേക്കും അവന്റെ മരണം സംഭവിച്ചു’.
‘ഞങ്ങള്‍ക്കിപ്പോള്‍ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീര്‍ന്നു’, എന്നും അമ്മ ശാന്തകുമാരി വികാരാധീനയായി പറഞ്ഞു.
