Actor
ചെറുപ്പം മുതല്‍ എന്റെ സിനിമകള്‍ കാണാറുണ്ടെന്നും എന്റെ വലിയ ഫാന്‍ ആണെന്നുമാണ് ലോകേഷ് പറഞ്ഞത്; ബാബു ആന്റണി
ചെറുപ്പം മുതല്‍ എന്റെ സിനിമകള്‍ കാണാറുണ്ടെന്നും എന്റെ വലിയ ഫാന്‍ ആണെന്നുമാണ് ലോകേഷ് പറഞ്ഞത്; ബാബു ആന്റണി
മലയാളികള്‍ക്ക് ബാബു ആന്റണി എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുകാലത്ത് ആക്ഷന്‍ ഹീറോയായിരുന്നു താരം. സിനിമയില്‍ നിന്നും ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം. ഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ്, ലോകേഷ് കനകരാജ് വിജയ് ചിത്രം ചിത്രം ലിയോ എന്നിവയിലെ ബാബു ആന്റണിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ലിയോ സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ പ്രശംസിച്ച കാര്യം പറയുകയാണ് ബാബു ആന്റണി. ചെറുപ്പം മുതല്‍ തന്റെ സിനിമകള്‍ ലോകേഷ് കാണാറുണ്ടെന്നും തന്റെ വലിയ ഫാന്‍ ആണ് ലോകേഷ് എന്നുമാണ് ബാബു ആന്റണി പറയുന്നത്.
”എനിക്കൊരു പരിചയവുമില്ലാത്ത വ്യക്തിയായിരുന്നു ലോകേഷ് കനകരാജ്. എനിക്ക് ഫോട്ടോ കണ്ടാല്‍ പോലും അത് ലോകേഷ് ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ ആദ്യമായി ലിയോയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ എന്നോട് ലോകേഷ് സാറിനെ ചെന്ന് മീറ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ എനിക്ക് കണ്ടാല്‍ അറിയില്ലല്ലോ.
പക്ഷെ കുറച്ച് കഴിഞ്ഞ് ലോകേഷ് വന്നു എന്നിട്ട് എന്നോട് പറഞ്ഞു, സാര്‍ ഞാന്‍ ചെറുപ്പം തൊട്ട് സാറിന്റെ സിനിമകള്‍ കാണാറുണ്ട്. പൂവിഴി വാസലിലേ സൂര്യന്‍ അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സാറിന്റെ സിനിമകളാണ്. സാര്‍ ഞങ്ങളുടെ സിനിമ അംഗീകരിച്ച് ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന്.
അത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്, സാറിനെ പോലൊരു സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമല്ലേയെന്ന്. അപ്പോള്‍ ലോകേഷ് പറഞ്ഞത്, അല്ല സാര്‍ ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നാണ്. എന്നെ സംബന്ധിച്ച് ഒരു നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ സന്തോഷമുള്ള കാര്യമായിരുന്നു അത്. വിജയ് ആണെങ്കിലും എന്നോട് അങ്ങനെ തന്നെ പറഞ്ഞു.
ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം അവര്‍ ഇങ്ങോട്ട് പറയുകയാണ്. ഇതെല്ലാം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത്, എന്താണ് സാര്‍ ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നാണ്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുമ്പോള്‍ കാര്‍ത്തിയും എന്നോട് അങ്ങനെ പറഞ്ഞിരുന്നു, എന്നും ബാബു ആന്റണി പറയുന്നു.’
