നടന്‍ ഉണ്ണി മുകുന്ദന്‍- ബാല വിവാദത്തില്‍ പ്രതികരിച്ച് ; ബി ഉണ്ണികൃഷ്ണൻ
ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല തര്‍ക്ക വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വിഷയവുമായി ബന്ധപ്പെട്ട് സംഘടനയിൽ പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ.
‘ഫെഫ്കയിൽ ഈ വിഷയത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. സാധാരണ ഗതിയിൽ സെൻസറിങ്ങിന് മുൻപ് സാങ്കേതിക പ്രവർത്തകർക്ക് ആർക്കെങ്കിലും പ്രതിഫലം നൽകാൻ ബാക്കി ഉണ്ടെങ്കിൽ പരാതി വരുന്നതാണ്. തുടർന്ന് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതുമാണ്. അങ്ങനെയുള്ള പരാതികൾ ഒന്നും ഇതേവരെ വന്നിട്ടില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കെയും തമ്മിൽ വേതന പ്രശ്നങ്ങളുടെ കാര്യത്തിൽ കൃത്യമായ ധാരണ ഉണ്ട്. ഒരു സിനിമയെ സംബന്ധിച്ച് എന്തെങ്കിലും പ്രതിഫല തർക്കം ഉണ്ടെങ്കിൽ സെൻസറിങ്ങിന് മുൻപേ പരിഹരിക്കണം എന്നതാണ് രീതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിഹാരം കണ്ട ശേഷം ആണ് ചിത്രത്തിന് എൻഒസി നൽകുക. ‘ഷെഫീക്കിന്റെ സന്തോഷത്തി’ൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല,’ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയത്. ചിത്രീകരണ വേളയിൽ ലൊക്കേഷനിൽ അപകടം ഉണ്ടായപ്പോൾ, അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചില്ല, ടെക്നീഷ്യന്മാർക്ക് ശമ്പളം കൊടുക്കാതെ പറ്റിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ആണ് ബാല ഉന്നയിച്ചത്. ഇതിന് പിന്നാലെ ബാലയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും തെളിവുകൾ നിരത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പറഞ്ഞു. ഉണ്ണി മുകന്ദന് വേണ്ടി സിനിമ ചെയ്യാൻ സന്തോഷമാണെന്ന് ബാല പറയുന്ന വീഡിയോ ഉണ്ണി മുകുന്ദൻ ഇന്ന് പങ്കുവച്ചിരുന്നു. ഇതാണ് തർക്കത്തിലെ അവസാന സംഭവം.
