Malayalam
ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണ്, രംഗണ്ണന് ദേശീയ ഭാഷയെ അപമാനിക്കുന്നുവെന്ന് ആരോപണം
ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണ്, രംഗണ്ണന് ദേശീയ ഭാഷയെ അപമാനിക്കുന്നുവെന്ന് ആരോപണം
തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോഴും ഒടിടിയിലും തരംഗമാകുകയാണ് ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ഡയലോഗിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ഭാഷയെ അപമാനിക്കുന്നു എന്നാണ് വിമര്‍ശനം. ആവേശത്തിലെ ഇന്റര്‍വെല്‍ സീനിലെ ഫഹദിന്റെ കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെ ഡയലോഗിനെ ചൊല്ലിയാണ് വിവാദം.
മലയാളത്തിലും കന്നഡയിലും രംഗന് വാണിങ് കൊടുത്തതിന് ശേഷം ഹിന്ദിയില്‍ അതേ ഡലയോഗ് പറയാന്‍ പോകുന്നുണ്ട്. എന്നാല്‍ ആ സമയം അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നു. ഇതാണ് ഒരു വിഭാഗം പേര് സിനിമയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്താന്‍ കാരണമായിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണെന്നും രാഷ്ട്രഭാഷയ്ക്ക് ബഹുമാനം നല്‍കൂ എന്നിങ്ങനെയുള്ള കമന്റുകളാണ് എക്സില്‍ ഉയരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ ബഹുമാനം കൊടുക്കേണ്ടതില്ല എന്ന കമന്റുകളും എത്തുന്നുണ്ട്.
അതേസമയം, ചിത്രം ഇതുവരെ തിയേറ്ററില്‍ 150 കോടിയോളമാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
