News
ബിഗിലിന്റെ തിരക്കഥ സംവിധായകൻ അറ്റ്ലീ മോഷ്ടിച്ചത്; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
ബിഗിലിന്റെ തിരക്കഥ സംവിധായകൻ അറ്റ്ലീ മോഷ്ടിച്ചത്; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
2019 ൽ അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബിഗിൽ. എന്നാൽ ഇപ്പോഴിതാ 300 കോടിക്കുമേലെ കളക്ഷൻ നേടിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ അറ്റ്ലീ മോഷ്ടിച്ചുവെന്ന് ആരോപണം. സംവിധായകനും നിർമാതാക്കളായ എജിഎസ് എൻറർടെയ്മെൻറ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാത്തിക്കും മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു.
ജസ്റ്റിസുമാരായ എം സുന്ദറും ആർ ശക്തിവേലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. തിരക്കഥാകൃത്ത് അംജത് മീരൻ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അറ്റ്ലിയും എജിഎസും തൻറെ ‘ബ്രസീൽ’ എന്ന തിരക്കഥ മോഷ്ടിച്ചെന്നും ഇതാണ് ബിഗിൽ എന്ന പേരിൽ പുറത്തെത്തിയിരിക്കുന്നതെന്നുമാണ് ഇയാൾ പറയുന്നത്.
തിരക്കഥ മോഷ്ടിച്ചതു വഴി തനിക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും കോടതി നിർണ്ണയിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ പത്ത് ലക്ഷം രൂപ നിർമാതാക്കൾ അധികം നൽകണമെന്നും അംജത് മീരൻ ഹർജിയിൽ പറയുന്നു. അതേസമയം, സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ തിരക്കഥ തൻറെതാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അംജത് മീരൻ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നതായാണ് ചില റിപ്പോർട്ടുകൾ.
അതേസമയം, ആരോപണങ്ങളെ തള്ളി അറ്റ്ലി രംഗത്തെത്തിയിട്ടുണ്ട്. ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിൽ 2018ൽ ചിത്രത്തിന്റെ സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചിത്രീകരണത്തിന് മുൻപ് 242 പേജുള്ള വിശദമായ സ്‌ക്രിപ്റ്റും രജിസ്റ്റർ ചെയ്യ്തിട്ടുണ്ടെന്നാണ് അറ്റ്ലി പറയുന്നത്. കോപ്പിയടി ആരോപണം കെട്ടിച്ചമച്ചതാണെന്നും പണം തട്ടാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നുമാണ് അറ്റ്ലീ പറയുന്നത്.
അതേസമയം, റിലീസ് ദിനം 4.5 കോടിയിലധികമായിരുന്നു കേരളത്തിൽ നിന്നുമാത്രമായി ബിഗിൽ നേടിയത്. ദീപാവലിക്ക് കാർത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. 180 കോടി ബഡ്ജറ്റിലാണ് എജിഎസ് എന്റർടെയ്ൻമെന്റ്‌സ് ചിത്രം നിർമ്മിച്ചത്. ലേഡീ സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തിയ സിനിമയിൽ ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, കതിർ, വർഷ ബൊലമ്മ, അമൃത അയ്യർ, ഇന്ദുജ, ഇന്ദ്രജ ശങ്കർ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.
