Actor
വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകും, ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും; പ്രേംജി അമരൻ
വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകും, ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും; പ്രേംജി അമരൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആയിരുന്നു വിജയുടെ പ്രഖ്യാപനം. തന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ ഈ ദിശയിലേക്കുള്ള നീക്കമായിരുന്നു.
ഇപ്പോഴിതാ 2026ൽ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകുമെന്ന് പറയുകയാണ് നടൻ പ്രേംജി അമരൻ. 2026-ലെ തിരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും. 2026-ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന് ഞാനുറപ്പുനൽകുന്നു. കാത്തിരുന്ന് കാണാം എന്നാണ് പ്രേംജി പറയുന്നത്.
അതേസമയം വിജയുടെ ഗോട്ട് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇരുകൈകളും നീട്ടിയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.