Actor
ഒരു പ്രത്യേക പ്രായം വരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു, 23ാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ഇപ്പോൾ പക്വത വന്നിട്ടുണ്ട്; ആസിഫ് അലി
ഒരു പ്രത്യേക പ്രായം വരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു, 23ാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ഇപ്പോൾ പക്വത വന്നിട്ടുണ്ട്; ആസിഫ് അലി
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസിഫിന് പിന്തുണയുമായിനിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
പിന്നാലെ നടൻ സ്വീകരിച്ച നിലപാടിനും കയ്യടികൾ ലഭിച്ചിരുന്നു. ആ വേദിയിൽ വെച്ച് താൻ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും തന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളതിനോടൊപ്പം തന്നെ രമേശ് നാരായണെനിതിരെ നടക്കുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി. ഇരുപത്തിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്. ഋതു എന്ന സിനിമയിലൂടെ 15 വർഷംമുൻപ് വെള്ളിത്തിരയിലേയ്ക്ക് വരുമ്പോൾ എനിക്ക് 23 വയസ്സായിരുന്നു. 23-കാരനിൽനിന്ന് 38-കാരനിലേക്കെത്തുമ്പോൾ ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും എനിക്കും സംഭവിച്ചിട്ടുണ്ട്.
ഒരു പ്രത്യേക പ്രായം വരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ പ്രായവും പക്വതയുമെല്ലാം സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പക്വതയും അനുഭവവും കൈവന്നപ്പോൾ എന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്.
ഏത് സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് എന്റെമാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. അത് മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അത് പരാജയമായാൽ എന്റെമാത്രം പ്രവൃത്തിയുടെ ഫലമാണെന്ന് കരുതാനാണ് എനിക്കിഷ്ടം എന്നാണ്ആസിഫ് അലി പറഞ്ഞത്.
അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി പുറത്തെത്തിയത് അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ ഇരുപത്തിയാറിന് ആണ് തിയേറ്ററുകളിലെത്തിയത്. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.
ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.