Social Media
ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ
ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷ വാർത്ത പങ്ക് വെച്ച രംഗത്തെത്തിയിരിക്കുകയാണ് ആര്യ. താൻ വിവാഹിതയാകാൻ പോകുന്നു എന്നാണ് ആര്യ ആരാധകരോടായി പങ്ക് വെച്ചിരിക്കുന്നത്. ഉറ്റസുഹൃത്തും ആർജെയും ബിഗ് ബോസ് താരവുമായ സിബിൻ ആണ് ആര്യയുടെ ഭാവിവരൻ.
വിവാഹ നിശ്ചയം കഴിഞ്ഞു എന്നും വിവാഹം വൈകാതെ ഉണ്ടാകും എന്നും ആര്യ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആര്യയും സിബിനും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ്. അതിനാൽ തന്നെ നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഇരുവർക്കും ആശംസകൾ നേർന്നു.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പും പങ്ക് വെച്ചിട്ടുണ്ട്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആര്യയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്…
ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്…
ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്..
ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നിച്ച് ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും… നല്ലതിലും മോശം അവസ്ഥയിലും. പക്ഷേ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന്, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന്.
ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന്. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനൊപ്പം പാറ പോലെ ഉറച്ച് നിന്നതിന്. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തി. നിങ്ങളുടെ കൈകളിൽ എന്റെ വീട് ഞാൻ കണ്ടെത്തി..
എന്റെ ‘ശരിയായ വ്യക്തിയെ ശരിയായ സമയത്ത്’ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടുമുട്ടിയിരിക്കുന്നു. ഇപ്പോൾ അവൾ ‘ഡാഡി’ എന്ന് വിളിക്കുന്നു. ഞാൻ നിങ്ങളെ എന്നേക്കും സ്നേഹിക്കുന്നു. എല്ലാ കുറവുകളും അപൂർണ്ണതകളും ഉണ്ടായിരുന്നിട്ടും എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി. എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും അത് ഒരു വാഗ്ദാനമാണ് …
ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന്, ഞങ്ങൾക്കൊപ്പം നിന്ന ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു പാറ പോലെ, ഒരു പരിചയായി, ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡർമാരായി, ഞങ്ങളുടെ അഭ്യുദയകാംക്ഷികളായി, ഞങ്ങളുടെ കുടുംബമായി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരുപാധികം സ്നേഹിക്കുന്നു. ജീവിതം ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുന്നു, ഇത് ഞങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ല. അതിനാൽ എന്റെ പ്രിയപ്പെട്ടവരെ നമുക്ക് ഇപ്പോൾ ഒരുക്കങ്ങൾ ആരംഭിക്കാം, കാരണം നമുക്ക് ഒരു കല്യാണം അടുത്തുതന്നെയുണ്ട്! എന്നായിരുന്നു കുറിപ്പ്.
സിബിനും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.
ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ”, എന്നാണ് സിബിൻ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
അടുത്തിടെ തൻറെ ആഗ്രഹങ്ങളെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. കല്യാണം കഴിക്കാൻ ഞാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. സ്ത്രികൾക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ എനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. പുതിയൊരു വിവാഹത്തെപ്പറ്റി രണ്ടുവർഷമായി ഞാൻ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭർത്താവിന് കൊടുത്ത് രണ്ടാളും വർത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല എന്നാണ് ആര്യ പറഞ്ഞിരുന്നത്.
അതേസമയം, ബഡായി ബംഗ്ലാവിലെ ആര്യയിൽ നിന്നും ബിഗ് ബോസിലേക്ക് വന്നതിനുശേഷം നടിക്ക് വ്യാപക വിമർശനമാണ് ലഭിച്ചത്. ഒരു ടെലിവിഷൻ സംഗീത പരിപാടിയിലൂടെ സുഹൃത്തുക്കളായവരാണ് സിബിനും ആര്യയും. ആര്യ അവതാരകയായപ്പോൾ സിബിൻ ആർ ജെ ആയി അവിടെ വർക്ക് ചെയ്തിരുന്നു. സിബിൻ ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് നടി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
സിബിൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ ഏറ്റവും അധികം എതിർത്തത് ആര്യയാണ്. തങ്ങൾ തമ്മിൽ ഒരു കാര്യത്തിൽ ആദ്യമായി എതിരഭിപ്രായം ഉണ്ടാത് ഇക്കാര്യത്തിലാണെന്ന് ആര്യ അന്ന് പോസ്റ്റിൽ കുറിച്ചിരുന്നു. എൻരെ ഹൃദയത്തിന്റെ ഏറ്റവും വലിയ പാർട്ട് എന്നാണ് അന്ന് സിബിനെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ അത് സൗഹൃദം കൊണ്ടാണെന്ന് എല്ലാവരും കരുതി. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് പോവരുത് എന്ന് ആര്യ പറഞ്ഞത്. പക്ഷേ പോവണം എന്ന സിബിന്റെ ആഗ്രഹത്തിന് പിന്നീട് ആര്യ വഴങ്ങി.
പക്ഷേ സിബിൻ ബിഗ് ബോസിൽ എത്തിയതും കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. മാസിക സമ്മർദ്ദത്തിലാണ് എന്ന് പറഞ്ഞാണ് സിബിൻ ഷോയിൽ നിന്ന് പുറത്തായത്. അന്ന് സിബിന് വേണ്ടി ആര്യ ശക്തമായി സംസാരിച്ചു. ആര്യയുടെ ചില വാക്കുകൾ ഷോയ്ക്കും ചാനലിനും എതിരെ ആയിരുന്നു. അത് ആര്യയുടെ കരിയറിനെ ബാധിച്ചു. അതിന് ശേഷം തന്റെ മുഖം ഇനി മിനിസ്ക്രീനിൽ കാണാൻ സാധ്യതയില്ല എന്ന് തന്നെ ആര്യ പറഞ്ഞിരുന്നു.
സിബിന് വേണ്ടി കരിയർ പോലും ആര്യ സാക്രിഫൈസ് ചെയ്തപ്പോഴും ആ ബന്ധം ഇങ്ങനെ ഒരു പ്രണയത്തിന് വേണ്ടിയായിരുന്നു എന്ന് ആരാധകരാരും അറിഞ്ഞില്ല. അതിന് ശേഷം ആര്യ കാഞ്ചീവരം എന്ന തന്റെ ബിസിനസ്സിൽ പൂർണമായും ആക്ടീവായി. അതിൽ സിബിനും പങ്കുണ്ട്. കാഞ്ചീവരത്തിന്റെ കൊച്ചി ബ്രാഞ്ച് തുടങ്ങി, അത് വിജയകരമായി മുന്നോട്ട് പോകവെയാണ് ഇപ്പോൾ ആര്യ തന്റെ ജീവിതത്തിലെ ഈ സന്തോഷം പങ്കുവച്ചത്.
അതേസമയം, ബിഗ് ബോസിലെ സിബിന്റെ പെർഫോമൻസിന് എത്ര മാർക്ക് കൊടുക്കുമെന്നായിരുന്നു ആര്യയോട് അന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നത്. ഭൂരിപക്ഷ ആൾക്കാരെ സംബന്ധിച്ച് ബിഗ് ബോസിലെ ഏറ്റവും മോശപ്പെട്ട മത്സരാർഥിയായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാൻ ഒരു ബിഗ് ബോസിലും ഒരു മത്സരാർഥിയെയും റേറ്റ് ചെയ്യാൻ യോഗ്യയല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നെക്കാളും നന്നായി ബിഗ് ബോസിനെ അറിയുന്നവരാണ് അതു കണ്ടുകൊണ്ട് അഭിപ്രായം പറയുന്നതും കമന്റിടുന്നതുമൊക്കെ. നിങ്ങൾക്ക് അതിനെ പറ്റി കൃത്യമായി അറിയാം. ബിഗ് ബോസിലെ എല്ലാം നിങ്ങളെ കാണിക്കുന്നുണ്ട്. നിങ്ങളെല്ലാവരും കാണുന്നുമുണ്ട്. അപ്പോൾ നിങ്ങളെല്ലാവർക്കും റേറ്റ് ചെയ്യാവുന്നതേയുള്ളു. എനിക്കതിൽ യാതൊരു അഭിപ്രായവുമില്ല. നോ കമന്റ്സ്’ എന്നുമായിരുന്നു ആര്യ പറഞ്ഞിരുന്നത്.
ഒത്തിരി ആളുകൾ ഈ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും ഞാൻ മറുപടി പറയില്ല. എന്തെങ്കിലും ഞാൻ പറയുകയാണെങ്കിൽ അത് വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ വാർത്ത സൃഷ്ടിക്കാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങനെയുള്ള ഒരു അവസരം ഞാനായി ഉണ്ടാക്കില്ല. നിങ്ങളെല്ലാവരും ബിഗ് ബോസ് കാണുന്നവരാണ് ഇതിനുള്ള മറുപടി നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ്. എന്നെ വെറുതെ വിട്ടേക്കൂ. ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. പല മത്സരാർത്ഥികൾക്ക് വേണ്ടിയും പിആർ വർക്ക് പുറത്തു നടക്കുന്നുണ്ട്. ഇനി എന്റെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അത് എനിക്ക് തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ്. ചെയ്യാത്ത എന്റെ തലയിലേക്ക് പലതും വിളിച്ചു വരുത്തുന്നു അവസ്ഥയായി പോകും എന്നും ആര്യ പറഞ്ഞിരുന്നു. മാത്രമല്ല,
ഒരിക്കൽ പ്രണയത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ടപ്പോൾ അഭിമുഖത്തിൽ ആര്യ പൊട്ടിക്കരഞ്ഞത് വൈറലായിരുന്നു. ജീവിതത്തിൽ ഒരു പങ്കാളി വേണം എന്ന് ആഗ്രഹിക്കുന്നതായും ആര്യ പറഞ്ഞിരുന്നു. എന്റെ പങ്കാളിയിൽ ഇന്ന ക്വാളിറ്റികൾ വേണമെന്ന് പറയാൻ ഞാനൊരു പെർഫെക്ട് മനുഷ്യനല്ല. എനിക്ക് വേണ്ട് ഒരു പങ്കാളിയെയാണ്. ജീവിതകാലം മുഴുവൻ കൂട്ടായി ഉണ്ടാകുന്നൊരു പങ്കാളിയെ. എനിക്ക് വീടായിമാറുന്നഒരാൾ എന്നായിരുന്നു തന്റെ പങ്കാളിയെ കുറിച്ച് നടി പറഞ്ഞത്. ഇനി ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം കിട്ടട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
