Actress
വിവാഹം എന്ന് ഉണ്ടാകും?; മറുപടിയുമായി നടി ആര്യ
വിവാഹം എന്ന് ഉണ്ടാകും?; മറുപടിയുമായി നടി ആര്യ
മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ ടുവിൽ വന്നതിന് ശേഷമാണ് ആര്യയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.
മകൾ റോയയെ കുറിച്ചും തനിക്കൊരു പ്രണയം ഉണ്ടന്നെല്ലാം ആര്യ പറഞ്ഞത് ഏറെ വാർത്തയായിരുന്നു. ഷോയിൽ നിന്നും പുറത്ത് വന്നപ്പോഴേയ്ക്കും ആ പ്രണയം അവസാനിച്ചു. ഇതോടെ താൻ വിഷാദത്തിലായി പോയെന്നും വളരെ കാലമെടുത്താണ് തിരിച്ച് വന്നതെന്നും ആര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച് സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെതിരെ സൈബർ അക്രമണങ്ങളും രൂക്ഷമായിരുന്നു.
അടുത്തിടെ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിവാഹിതയാകാൻ പോകുന്നതായ സൂചനയും ആര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ എന്ന് വിവാഹം ഉണ്ടാവും എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ ആസ്‌ക് മി എനിത്തിങ് എന്ന സെഗ്മെന്റിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ. സിംഗിളാണോ എന്ന ചോദ്യത്തിന് നിങ്ങൾ എന്ത് കരുതുന്നു ഗായിസ് എന്നായിരുന്നു ആര്യ തിരിച്ച് ചോദിച്ചത്.
2025 ൽ വിവാഹം ഉണ്ടാവും എന്ന് പറഞ്ഞല്ലോ, ഈ വർഷം അത് സംഭവിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഞാൻ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ അത് എന്നായിരുന്നു ആര്യയുടെ മറുപടി. പ്രണയ ദിനത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, എല്ലാ ദിവസവും ആഘോഷിക്കണം എന്നായിരുന്നു പ്രതികരണം. അതല്ലാതെ, പ്രണയിക്കുന്നവർ അത് പങ്കുവയ്ക്കാനായി കാത്തിരിയ്ക്കുന്ന ഒരു ദിവസം എന്ന നിലയിലും വാലന്റൈൻസ് ഡേ നല്ലതാണ് എന്നും ആര്യ പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തുടർച്ചയായി സിനിമ ലഭിക്കാത്തതിൽ വിഷമമുള്ള ആൾ കൂടിയാണ് ഞാൻ. നമ്മളെയൊക്കെ ആരും വിളിക്കാത്തത് എന്താണെന്ന് ഞാൻ ഇങ്ങനെ വിചാരിക്കും. ഞാൻ മനസ്സിലാക്കിയിടത്തോളും ടാലന്റിനേക്കാളൊക്കെ പ്രധാന്യം ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയൊക്കെയാണ്. ഇന്നത്തെ ഒരു സാഹചര്യം നോക്കുകയാണെങ്കിൽ കൂടുതലും സൗഹൃദ വലയങ്ങളിലുണ്ടാകുന്ന സിനിമകളാണ്.
നല്ല നല്ല ഹിറ്റ് സിനിമകൾ എടുത്ത് നോക്കിയാൽ നമുക്ക് അത് മനസ്സിലാകും. അത് തെറ്റാണെന്ന് പറയുകയല്ല, അവരുടെ ഒരു കംഫർട്ട് സോണായിരിക്കാം. ഞാൻ ബേസിക്കലി സിനിമയിലെ അങ്ങനെയുള്ള ഒരു സൗഹൃദ വലയത്തിലേയും ആൾ അല്ല. എനിക്ക് സിനിമയിൽ വളരെ അടുത്ത നല്ല സുഹൃത്തുക്കളുണ്ട്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ സുഹൃത്തുക്കളൊക്കെയാണ്. എന്നാൽ ഏതെങ്കിലും ഒരു സൗഹൃദ വലയത്തിന്റെ ഭാഗം അല്ല ഞാൻ.
സിനിമയിൽ ഭാഗ്യം എന്ന് പറയുന്നത് വലിയൊരു ഫാക്ടറാണ്. ഒരു കഥാകൃത്ത് ഒരു കഥ എഴുതുമ്പോൾ അല്ലെങ്കിൽ ഒരു സംവിധായകൻ സിനിമ ഡിസൈൻ ചെയ്യുമ്പോൾ ഈ കഥാപാത്രം ആര്യ ചെയ്താൽ നല്ലതാകുമെന്ന് അവർക്ക് തോന്നണം. എത്ര ആർട്ടിസ്റ്റുകളാണ് മലയാള സിനിമയിലുള്ളത്. അതിൽ നിന്നും നമ്മുടെ പേര് ഒരാളുടെ മനസ്സിൽ കത്തുക എന്നുള്ളത് ഒരു ഭാഗ്യമാണ്. തീർത്തും ഭാഗ്യം ഇല്ലെന്ന് പറയില്ല. കുഞ്ഞിരാമായണത്തിലെ മല്ലികയൊക്കെ എത്ര കാലം കഴിഞ്ഞാലും ആളുകൾ മറക്കില്ല.
അതുപോലെ പുണ്യാളനിലെ ഗോൾഡ്. ചെയ്ത കഥാപാത്രമൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. മനസ്സില്ലാ മനസ്സോടെ ചെയ്ത ഒരു വേഷവും ഇല്ല. ആ കഥാപത്രമൊക്കെ എന്തെങ്കിലും തരത്തിലായി എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ ഒരേയൊരു സീനാണുള്ളത്. മമ്മൂട്ടിയോടൊപ്പമുള്ള ആ സീൻ ഏറെ വൈറലായി. അതെല്ലാം ഒരു ഭാഗ്യമാണെന്നും ആര്യ പറയുന്നു.
നിലവിൽ മച്ചാന്റെ മാലാഖ എന്ന തന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷൻ തിരക്കിലാണ് ആര്യ. സൗബിൻ ഷഹീറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ആര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി 27 ന് ചിത്രം തിയേറ്ററുകളിലെത്തും.
