എന്റെ കുഞ്ഞ് പതിമൂന്ന് വയസ്സിലേക്ക് കടക്കുമ്പോൾ എനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടി; മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യ
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.
ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആര്യയുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സ്‌പെഷ്യൽ ദിവസമായിരുന്നു ഫെബ്രുവരി 18.
മകളുടെ പതിമൂന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞത്. മാത്രമല്ല, കാഞ്ചീവരം എന്ന ബിസിനസ് സംരംഭത്തിന്റെ രണ്ടാം വാർഷികം കൂടെയായിരുന്നു കഴിഞ്ഞത്. ഇരുപതാം വയസ്സിലായിരുന്നു ആര്യയുടെ വിവാഹം. രോഹിത് സുശീലുമായുള്ള വിവാഹത്തിൽ, ഇരുപത്തിയൊന്നാം വയസ്സിൽ ആര്യയ്ക്ക് മകൾ പിറന്നു. മകൾക്ക് രണ്ട് വയസ്സ് പൂർത്തിയാവുമ്പോഴേക്കും വേർപിരിയലും സംഭവിച്ചു.
’18-2-2025- എന്റെ ജീവിതത്തിലെ അത്ഭുതകരമായ മറ്റൊരു ഫെബ്രുവരി 18. എന്റെ കുഞ്ഞ് പതിമൂന്ന് വയസ്സിലേക്ക് കടക്കുമ്പോൾ എനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടി. ഇപ്പോൾ എന്റെയുള്ളിൽ ഒരുപാട് ഇമോഷൻസ് ഒഴുകുകയാണ്. സുന്ദരിയായ ഒരു പെൺകുട്ടിയുടെ അമ്മയായിട്ടുള്ള 13 വർഷത്തെ എന്റെ യാത്രയ്‌ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇൻ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന്റെ രണ്ട് വർഷവും തികയുന്നു.
ഈ യാത്രയിൽ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ഈ ജീവിതത്തിൽ അത്ഭുതകരമായ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. എന്റെ മകൾക്ക് ഞാൻ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാൻ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആ ആളുകൾ എന്റെ പോരായ്മികൾ സ്വീകരിക്കുകയും, ഉയരത്തിലേക്ക് പറക്കാൻ എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നു.
സംരംഭക എന്ന നിലയിലുള്ള എന്റെ പുതിയ തുടക്കവും, മാതൃത്വത്തിന്റെ പുതിയ യാത്രയുടെ തുടക്കവുമാണ്. ടീനേജ് പെൺകുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് അതിന് ഞാൻ തയ്യാറായി നിൽക്കുകയാണ്.
എന്റെ കുഞ്ഞിന് ഗംഭീരമായ ഒരു ടീനേജ് കാലം ലഭിക്കട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരം ഡോട്ട് ഇന്നിനും ആശംസകൾ. കൂടുതൽ മികച്ച വലിയ യാത്രയ്ക്ക് എല്ലാ സ്‌നേഹവും പിന്തുണയും ഹൃദയം നിറഞ്ഞു. ഈ ദിവസത്തിന് എന്നന്നേക്കും നന്ദി എന്നുമാണ് ആര്യ കുറിച്ചത്.
അതേസമയം, തുടർച്ചയായി സിനിമ ലഭിക്കാത്തതിൽ വിഷമമുള്ള ആൾ കൂടിയാണ് താനെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞത്. നമ്മളെയൊക്കെ ആരും വിളിക്കാത്തത് എന്താണെന്ന് ഞാൻ ഇങ്ങനെ വിചാരിക്കും. ഞാൻ മനസ്സിലാക്കിയിടത്തോളും ടാലന്റിനേക്കാളൊക്കെ പ്രധാന്യം ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയൊക്കെയാണ്. ഇന്നത്തെ ഒരു സാഹചര്യം നോക്കുകയാണെങ്കിൽ കൂടുതലും സൗഹൃദ വലയങ്ങളിലുണ്ടാകുന്ന സിനിമകളാണ്.
നല്ല നല്ല ഹിറ്റ് സിനിമകൾ എടുത്ത് നോക്കിയാൽ നമുക്ക് അത് മനസ്സിലാകും. അത് തെറ്റാണെന്ന് പറയുകയല്ല, അവരുടെ ഒരു കംഫർട്ട് സോണായിരിക്കാം. ഞാൻ ബേസിക്കലി സിനിമയിലെ അങ്ങനെയുള്ള ഒരു സൗഹൃദ വലയത്തിലേയും ആൾ അല്ല. എനിക്ക് സിനിമയിൽ വളരെ അടുത്ത നല്ല സുഹൃത്തുക്കളുണ്ട്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ സുഹൃത്തുക്കളൊക്കെയാണ്. എന്നാൽ ഏതെങ്കിലും ഒരു സൗഹൃദ വലയത്തിന്റെ ഭാഗം അല്ല ഞാൻ.
സിനിമയിൽ ഭാഗ്യം എന്ന് പറയുന്നത് വലിയൊരു ഫാക്ടറാണ്. ഒരു കഥാകൃത്ത് ഒരു കഥ എഴുതുമ്പോൾ അല്ലെങ്കിൽ ഒരു സംവിധായകൻ സിനിമ ഡിസൈൻ ചെയ്യുമ്പോൾ ഈ കഥാപാത്രം ആര്യ ചെയ്താൽ നല്ലതാകുമെന്ന് അവർക്ക് തോന്നണം. എത്ര ആർട്ടിസ്റ്റുകളാണ് മലയാള സിനിമയിലുള്ളത്. അതിൽ നിന്നും നമ്മുടെ പേര് ഒരാളുടെ മനസ്സിൽ കത്തുക എന്നുള്ളത് ഒരു ഭാഗ്യമാണ് എന്നുമാണ് നടി പറഞ്ഞത്.
