Malayalam
ആംബുലൻസിന്റെ അകത്തു നിന്നുമല്ല ബോഡിയെടുക്കുന്നത്. ആംബുലൻസിന്റെ അടിയിലുള്ള ഡക്കിലുള്ള സ്ട്രച്ചറിൽ നിന്നുമാണ്; അനൂപ് മേനോൻ
ആംബുലൻസിന്റെ അകത്തു നിന്നുമല്ല ബോഡിയെടുക്കുന്നത്. ആംബുലൻസിന്റെ അടിയിലുള്ള ഡക്കിലുള്ള സ്ട്രച്ചറിൽ നിന്നുമാണ്; അനൂപ് മേനോൻ
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനോഹര ഓർമകളെല്ലാം സമ്മാനിച്ച് സുകുമാരിയെന്ന മഹാവിസ്മയം മാഞ്ഞിട്ട് 12 വർഷങ്ങൾ പിന്നിടുകയാണ്. മലയാള സിനിമയുടെ വളർച്ചയിൽ കൂടെ നടന്ന അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ 2500-ലേറെ സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. ഇന്നും, മലയാളി പ്രേക്ഷകർ ടെലിവിഷനിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും നിത്യവും സുകുമാരിയമ്മയുടെ കഥാപാത്രങ്ങളെ കണ്ടാസ്വദിക്കുന്നു.
തീർത്തും അപ്രതീക്ഷിതമായാണ് സുകുമാരിയമ്മയെ തേടി മരണമെത്തുന്നത്. പൂജാ മുറിയിലുണ്ടായ തീപിടിത്തമാണ് മരണത്തിലേയ്ക്ക് കാരണമാകുന്നത്. ഇപ്പോഴിതാ സുകുമാരിയമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അനൂപ് മേനോൻ. മരിക്കുന്നതിന് മുമ്പ് സുകുമാരിയുമായി ഫോണിൽ സംസാരിച്ചതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
മരണാനന്തരം ആശുപത്രി അധികൃതർ സുകുമാരിയുടെ മൃതദേഹത്തോട് കാണിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. സുകുമാരിയമ്മയെക്കുറിച്ച് ആലോചിക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് വരുന്നത് ആ മരണമാണ്. ഞാൻ ബഡ്ഡി എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഷിംലയിലായിരുന്നു. പത്ത് മണിയായപ്പോൾ മനോരമയിലെ ഹരിയേട്ടൻ വിളിച്ച് എങ്ങനെയുണ്ട് എന്ന് ചോദിച്ചു. തണുപ്പ് ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതല്ല സുകുമാരിയമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ചു.
എന്താണ് പ്രശ്‌നമെന്ന് ഞാൻ ചോദിച്ചു. അറിഞ്ഞില്ലേ എന്ന് ചോദിച്ച് കാര്യം പറഞ്ഞു. എന്നെ ഏഴോ എട്ടോ മണിയായപ്പോൾ വിളിച്ചിട്ടുണ്ട് സുകുമാരിയമ്മ. ഞാൻ ഷൂട്ടിന്റെ തിരക്ക് ആയതിനാൽ എടുത്തിരുന്നില്ല. തലേദിവസം സംസാരിച്ചതാണ്. 60 ശതമാനം പൊള്ളലാണെന്ന് കേട്ടു. എനിക്കത് വ്യാജ വാർത്തയായിട്ടാണ് തോന്നിയത്. കുറച്ച് കഴിയുമ്പോൾ എനിക്കൊരു കോൾ വന്നു. അമ്മയാണ്. അങ്ങനെയാണ് ഞാൻ നമ്പർ സേവ് ചെയ്ത് വച്ചിരിക്കുന്നത്.
ഒന്നൂല്ലമ്മാ, ചെറുതായിട്ട് പൊള്ളി. ഡബ്ബിംഗ് ഉണ്ട് എന്ന് പറഞ്ഞു. 60 ശതമാനം പൊള്ളലുള്ള ആളാണ് വിളിക്കുന്നത്. ആ ശബ്ദത്തിൽ ഭീകരമായ വേദനയുണ്ട്. വിധിയെ അംഗീകരിച്ചൊരു ശബ്ദവുമായിരുന്നു അത്. അപ്പോഴേക്കും ആരോ ഫോൺ പടിച്ച് വാങ്ങി. സംസാരിക്കാൻ വയ്യാത്തതിനാലാകാം. അതാണ് ഞാൻ അവസനമായി കേൾക്കുന്നത്. അമ്മ പോയി. അമ്മയിൽ നിന്നും എല്ലാവരും ഫ്‌ളൈറ്റ് ചാർട്ട് ചെയ്താണ് പോകുന്നത്.
ഞങ്ങൾ അവിടെ എത്തുമ്പോൾ റോയാപേട്ട ആശുപത്രിയിലേക്ക് കൊണ്ടു വന്നതായി പറഞ്ഞു. ഞങ്ങളവിടെ എത്തുമ്പോൾ സുകുമാരിയമ്മയെ കൊണ്ടു വന്നിരുന്നില്ല. കുറച്ച് കഴിയുമ്പോൾ ആംബുലൻസ് വന്നു. ആംബുലൻസിന്റെ അകത്തു നിന്നുമല്ല ബോഡിയെടുക്കുന്നത്. ആംബുലൻസിന്റെ അടിയിലുള്ള ഡക്കിലുള്ള സ്ട്രച്ചറിൽ നിന്നുമാണ്. പൊള്ളലുള്ളതിനാൽ അവർ മുകളിൽ വെക്കാത്തതാകും. എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല.
താഴെ നിന്നുമാണ് അവർ എടുക്കുന്നത്. അവർ ബോഡിയെടുത്ത് ആശുപത്രിയുടെ കോറിഡോറിലേക്ക് ഇട്ടു. ഞങ്ങളെല്ലാം ചുറ്റും നിൽക്കുകയാണ്. ഇപ്പോൾ വിട്ടു കിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണമാണ് അതിനാൽ പോസ്റ്റ്‌മോർട്ടം വേണം എന്ന് അവർ പറഞ്ഞു. മലയാളികളല്ലാതെ തമിഴിലെ ആക്ടേർസൊന്നും അവിടെ ഉണ്ടായിരുന്നില്ല. ശവസംസ്കാരം നടക്കുന്ന സ്ഥലത്ത് ഞാനും കൃഷ്ണ എന്ന ആർട്ടിസ്റ്റുമുൾപ്പെടെ കുറച്ച് പേരേ ഉള്ളൂ.
അമ്മയിലെ അംഗങ്ങളെല്ലാം വന്ന് പോയി. സുകുമാരിയമ്മയെ ക്രിമറ്റോറിയത്തിലേക്ക് എടുത്ത് കിടത്തുന്ന സമയത്ത് അവിടെ നിന്ന അണ്ടർ ടേക്കർ ആയ ഒരു പയ്യൻ ‘യോ, അന്ത പൊണത്തെ എടുത്ത് മാറ്റ് അയ്യാ, റോൾ നമ്പർ തെറ്റ്’ എന്ന് പറഞ്ഞു. എനിക്കവനെ അടിക്കാൻ തോന്നി. അവനെ സംബന്ധിച്ച് അവർ അത്രമാത്രമേയുള്ളൂവെന്നുമാണ് അനൂപ് മേനാേൻ പറയുന്നത്. തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം വന്നാണ് നടി മരിച്ചത്.
ചെന്നെെയിലെ വീട്ടിൽ പൂജാമുറിയിലെ നിലവിളക്ക് കൊളുത്തുമ്പോൾ തീ പടർന്ന് പിടിച്ചാണ് പൊള്ളലേറ്റത്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. 2013 മാർച്ച് 26 നാണ് ഹൃദയാഘാതം വന്ന് സുകുമാരി മരിക്കുന്നത്. സുരേഷ് ആണ് സുകുമാരിയുടെ മകൻ. ഡോക്ടറായ ഇദ്ദേഹം അഭിനയ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉമ എന്നാണ് മരുമകളുടെ പേര്. ഫിലിം മേക്കറും ചിത്രസംയോജകനുമായിരുന്നു എ ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്.
1978 ൽ ഭർത്താവ് മരിച്ചു. ഭർത്താവിന്റെ മരണശേഷം ദിവസങ്ങൾക്കുള്ളിൽ സുകുമാരി ഷൂട്ടിംഗിന് തിരിച്ചെത്തി. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടി സംസാരിച്ചിരുന്നു. ആരെയും ആശ്രയിക്കാതെ മകനെ വളർത്താൻ വേണ്ടിയാണ് സിനിമാ രംഗത്തേക്ക് തിരച്ചെത്തിയതെന്ന് സുകുമാരി വ്യക്തമാക്കി. നിന്നെ പഠിപ്പിക്കണമെങ്കിൽ അമ്മയ്ക്ക് ജോലി ചെയ്യണം, എനിക്ക് ആരുടെ അടുത്ത് പോയും കൈ നീട്ടാനുള്ള അവസരം ഉണ്ടാകരുത്. നമ്മൾ ജോലി ചെയ്താലെ ജീവിക്കാൻ പറ്റൂ, അത് മാത്രം മനസിലാക്കിയാൽ മതിയെന്ന് മകനോട് പറഞ്ഞാണ് ഷൂട്ടിംഗിന് പോയത്. ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ താൻ ഷൂട്ടിംഗിന് തിരിച്ചെത്തിയിരുന്നെന്നും സുകുമാരി അന്ന് പറഞ്ഞിരുന്നു.
കോമഡിയും വില്ലത്തരവും ഒരുപോലെ വഴങ്ങുന്ന നടിയായിരുന്നു സുകുമാരി. മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ സുകുമാരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പത്താമത്തെ വയസിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്നതാണ് സുകുമാരി. ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകൻ നീലകണ്ഠൻ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു.
തസ്‌കര വീരനാണ് ആദ്യ മലയാള ചിത്രം. പ്രധാന വേഷത്തിൽ അഭിനയിക്കേണ്ട നടി എത്താത്തതിനാൽ നൃത്ത സംഘത്തിൽ അംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമായിരുന്നു. അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു സുകുമാരി.
വളരെ ഊഷ്മളമായൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന രണ്ടുപേരാണ് നടൻ മമ്മൂട്ടിയും സുകുമാരിയും. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു. ‘എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ്’ എന്നാണ് അവർ എന്നും പറഞ്ഞുകൊണ്ടിരുന്നത്. മമ്മൂട്ടിയുടെ മനസ്സു കൊണ്ടാണ് പലപ്പോഴും രോഗാവസ്ഥകളെ മറികടന്ന് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അവർ പലകുറി ആവർത്തിച്ചു.
മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് ഹാർട്ടു – ടു – ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലത്ത് ആദ്യം നടത്തിയ 100 ശസ്ത്രക്രിയകളിൽ ഒന്ന് സുകുമാരിയമ്മയക്ക് വേണ്ടിയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന സുകുമാരിയമ്മയെ നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാന് അരികിലേക്ക് പറഞ്ഞുവിടുന്നതും ശസ്ത്രക്രിയ നടത്തിച്ചതുമെല്ലാം മമ്മൂട്ടിയായിരുന്നു.
നിംസ് ഹോസ്പിറ്റലിൽ നടന്ന ഒരു ചടങ്ങിനിടെ മമ്മൂട്ടിയെ കുറിച്ച് സുകുമാരിയമ്മ സംസാരിക്കുന്ന ഒരു വീഡിയോ കാണാം. അതിലുണ്ട് മമ്മൂട്ടിയും സുകുമാരിയമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം.
“മമ്മൂട്ടി എന്നു ഞാൻ പറയില്ല, എന്റെ മമ്മൂസ് ആണ്. മമ്മൂട്ടി നടത്തിയ നൂറ് സർജറികളിൽ ഒന്ന് ഞാനാണ്. അദ്ദേഹത്തിന്റെ ഒരു മനസ്സുകൊണ്ടാണ് ഞാനിവിടെ വരുന്നതും ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തുന്നതും ഇന്ന് നിങ്ങൾക്കു മുന്നിൽ സംസാരിക്കാനുള്ള ശേഷിയും തന്നത് അദ്ദേഹമാണ്. ഞാൻ മരിച്ച് കഴിഞ്ഞാലും എന്റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും,” എന്നായിരുന്നു സുകുമാരിയുടെ വാക്കുകൾ.
സുകുമാരി സംസാരിക്കുമ്പോൾ ‘ഒരു കാര്യം പറയട്ടെ ചേച്ചി’ എന്ന മുഖവുരയോടെ എണീറ്റുവന്ന് സംസാരിക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. “ഇവിടെ നിന്നു ഇപ്പോ വലിയ കാര്യത്തിൽ പ്രസംഗിക്കുന്നുണ്ട്. പറഞ്ഞാൽ അനുസരണയില്ലാത്തൊരു സാധനമാണിത്. ആദ്യം ഒരു ഓപ്പറേഷൻ നടത്തി. എന്നിട്ട് ഡാൻസ് കളിക്കാനൊക്കെ പോയി. അതു കുഴപ്പമായി. ഒരു സാധനം പറഞ്ഞാൽ കേൾക്കൂല.
പിന്നെ ഞാൻ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഇവിടുന്ന് ഇറക്കരുത് എന്നു പറഞ്ഞിട്ട് മുറിയിൽ പൂട്ടിയിട്ടിട്ടാണ് ഇങ്ങനെ നിൽക്കുന്നത്. ഇപ്പോ ഈ വർത്തമാനം പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഒരു അനുസരണയുമില്ല. ഇതിനെയൊന്നും ഇങ്ങനെ വളർത്തിയാൽ ശരിയാവൂല,” സുകുമാരിയെ സ്നേഹവാത്സല്യത്തോടെ ചേർത്തു നിർത്തികൊണ്ട് മമ്മൂട്ടി പറയുന്നു.
സുകുമാരിയമ്മയുടെ മരണസമയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോയും കാഴ്ചക്കാരുടെ കണ്ണുകളെ ഈറനാക്കും. “എനിക്ക് അവർ അമ്മ തന്നെയായിരുന്നു. എവിടെ പോയിട്ട് വന്നാലും ഭക്ഷണം കൊണ്ടുവരുന്നയാൾ. അടുത്തകാലത്ത് ചേച്ചിയ്ക്കുണ്ടായ ആദ്യത്തെ ഹാർട്ട് അറ്റാക്ക് ചേച്ചി നിസാരമായി എടുത്തു.
ഞാൻ നിർബന്ധിച്ചിട്ട് നിംസ് ഹോസ്പിറ്റലിൽ പോയി ഒരു ഓപ്പറേഷൻ നടത്തി. അതു പൂർണമായി ഭേദമാകും മുൻപ് സിനിമയിൽ അഭിനയിക്കാൻ പോയി. അതിന്റെ സ്റ്റിച്ചൊക്കെ പൊട്ടി. ഞാൻ വിളിച്ച് വഴക്കു പറഞ്ഞപ്പോൾ രണ്ടാമതും ഹോസ്പിറ്റലിൽ പോയി അതൊക്കെ ശരിയാക്കിയെടുത്തു. അങ്ങനെയൊക്കെ ഒരുപാട് കഷ്ടപ്പെട്ട് ഞാൻ രക്ഷിച്ചെടുത്ത ജീവനാണ് ഇപ്പോൾ ഈ തീ കൊണ്ടുപോയത്…,” എന്നാണ് ശബ്ദമിടറി മമ്മൂട്ടി പറയുന്നത്.
അതേസമയം, ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്‌കാരവും ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം 1000ൽ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. 2010 ൽ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സഹനടിയ്ക്കുള്ള പുരസ്‌കാരവും നേടി.
