News
അഭിഷേക് ബച്ചനെതിരായ നെപ്യൂട്ടിസം ആരോപണത്തില്‍ പരോക്ഷമായി മറുപടി നല്കി അമിതാഭ് ബച്ചന്
അഭിഷേക് ബച്ചനെതിരായ നെപ്യൂട്ടിസം ആരോപണത്തില്‍ പരോക്ഷമായി മറുപടി നല്കി അമിതാഭ് ബച്ചന്
ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരങ്ങളാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. ഇപ്പോഴിതാ അഭിഷേക് ബച്ചന് പലപ്പോഴും വിധേയനാകുന്ന നെപ്യൂട്ടിസം ആരോപണത്തില്‍ പരോക്ഷമായി നല്കിയ മറുപടി ചര്‍ച്ചയാകുകയാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട അഭിഷേകിന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഭിഷേക് തന്റെ പിതാവുമായുള്ള താരതമ്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് വിധേയനായിട്ടുണ്ട്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെയും പ്രകടനങ്ങളെയും അടിസ്ഥാനമാക്കിയാണ്. പ്രൊ കബഡി ലീഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് നേടിയതിന് ടീം ഉടമയായ അഭിഷേകിനെ അഭിനന്ദിച്ച സംവിധായകന് കുക്കി ഗുലാത്തിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അമിതാഭ് പരോക്ഷമായി വിമര്‍ശനങ്ങളെ പരിഹസിച്ചത്.
‘നിന്റെ നിശ്ചയദാര്‍ഢ്യത്തെ ഒരിക്കലും വഴിമാറുവാന് നീ അനുവദിച്ചില്ല; പക്ഷപാതം നടക്കുന്നു എന്ന ആരോപണത്തിന്റെ ആഘാതം നീ സഹിച്ചു. നിശബ്ദമായി അവരെയെല്ലാം നിഷ്ഫലമാക്കി ! നീ ഒരു ചാമ്പ്യന്‍ അഭിഷേക് ആണ്! നീ എന്നും ഒരു ചാമ്പ്യനായി തുടരും…’ അമിതാഭ് ട്വീറ്റ് ചെയ്തു.
ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശനിയാഴ്ച അഭിഷേക് ബച്ചന്റെ ടീം ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് രണ്ടാം തവണയും പ്രോ കബഡി ലീഗ് ട്രോഫി കരസ്ഥമാക്കിയിരുന്നു. ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പുനേരി പള്‍ട്ടനെ പരാജയപ്പെടുത്തി. 2014 ലെ ഉദ്ഘാടന സീസണിലായിരുന്നു അവരുടെ ആദ്യ കിരീട നേട്ടം.
ഫൈനല്‍ മത്സരത്തില്‍ അഭിഷേകിനൊപ്പം ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കാണാന്‍ എത്തിയിരുന്നു. പിങ്ക് പാന്തേഴ്സിന്റെ വിജയത്തിന് ശേഷം അഭിഷേക് തന്റെ ആവേശം നിയന്ത്രിക്കാന്‍ കഴിയാതെ ഐശ്വര്യയെ കെട്ടിപ്പിടിച്ചു. അര്‍ഹമായ വിജയത്തിന് ടീമിനെ അഭിനന്ദിക്കുന്നതായും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.
