Movies
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ ആട്ടം ടീമിനെ അഭിനന്ദിച്ച് അല്ലു അർജുൻ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ ആട്ടം ടീമിനെ അഭിനന്ദിച്ച് അല്ലു അർജുൻ
കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ആട്ടം സ്വന്തമാക്കിയിരുന്നു. കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാർഡുകളും ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ അവാർഡ് ജേതാക്കളെ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അല്ലു അർജുൻ. സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകർഷിയെയും, എഡിറ്റർ ആയ മഹേഷ് ഭുവനേന്ദിനെയും അഭിനന്ദിച്ച താരം ആട്ടം ടീമിന് മുഴുവൻ ആശംസകൾ അറിയിച്ചു. എക്സ് അക്കൗണ്ടിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം.
നാടകം രക്തത്തിലലിഞ്ഞു ചേർന്ന പന്ത്രണ്ടു പേരുടെ കഥയാണ് ആട്ടം പറയുന്നത്. 11 പുരുഷൻമാരും ഒരു നായികയും. അരങ്ങ് ട്രൂപ്പിൻറെ നാടകം കണ്ട് ഇഷ്ടപ്പെട്ട വിദേശ ദമ്പതികൾ നാടകക്കാർക്കായി ഒരു പാർട്ടി ഒരുക്കുന്നതും തുടർന്ന് അവിടെ വെച്ചുണ്ടാകുന്ന സംഭവ വികാസങ്ങളിലുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.പാർട്ടിക്കിടെ കൂട്ടത്തിലെ ഏക അഭിനേത്രിയായ അഞ്ജലിക്കു നേരെ ഒരു അതിക്രമം നടക്കുന്നു.എന്നാൽ ആരാണ് ഈ അതിക്രമം നടത്തിയതെന്ന് വ്യക്തമല്ല. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
അതേസമയം, അല്ലു അർജുന്റെ പുഷ്പയാണ് റിലീസിനെത്താനുള്ളത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക.
നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.