‘ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയതാണ്’; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുന്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സുഹൃത്തിന് വേണ്ടിയാണ് പോയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും താന്‍ നിഷ്പക്ഷനാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. വൈഎസ്ആര്‍സിപി പാര്‍ട്ടി സ്ഥാനാര്‍ഥി എസ് രവിചന്ദ്ര കിഷോര്‍ റെഡ്ഡിയെ പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനായിരുന്നു നടനെതിരെ കേസെടുത്തത്.
വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടിയെന്നാണ് കേസ്. സുഹൃത്തായ രവിചന്ദ്രക്കൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ജനക്കൂട്ടത്തെ കൈവീശിക്കാണിച്ചു. രവിചന്ദ്രക്ക് പിന്തുണയുമായി എക്‌സില്‍ പോസ്റ്റ് പങ്കിടുകയും ചെയ്തു.
നിഷ്പക്ഷനാണെന്നും ജനസേന പാര്‍ട്ടി സ്ഥാപകനും നടനും അമ്മാവനുമായ പവന്‍ കല്യാണ്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നുവെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
