നസ്‌ലിനെക്കുറിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി; പൃഥ്വിരാജ്
പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പൃഥ്വിരാജ്. അത്തരത്തില്‍ മുന്നോട്ടേക്ക് ഉറ്റുനോക്കുന്ന ഒരാളാണ് നസ്‌ലിനെന്നും ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാര്‍ ആകുമെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നതായും പൃഥ്വിരാജ് പറയുന്നു. ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
”ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോള്‍ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇന്‍ഡസ്ട്രിയില്‍. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
മലയാള സിനിമയില്‍ ഇതിഹാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയില്‍പ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാന്‍ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോള്‍ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോള്‍ ഇതാ നസ്‌ലിന്‍.
എനിക്കിപ്പോഴും ഓര്‍മയുണ്ട്. ‘കുരുതി’യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‌ലിന്‍ എന്നൊരു പയ്യനുണ്ട്, അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോള്‍ നസ്!ലിന്‍ നല്ല പോപ്പുലറായ യങ് സ്റ്റാര്‍ ആയി മാറിയില്ലേ.”എന്നും പൃഥ്വിരാജ് പറയുന്നു.
