Malayalam
ഉദ്ഘാടനത്തിന് വരുന്ന ഹണി റോസിന്റെ വസ്ത്രം നല്ലത് അല്ലെങ്കിൽ ചാണകം എറിയും; ഓൾ കേരള മെൻസ് അസോസിയേഷൻ
ഉദ്ഘാടനത്തിന് വരുന്ന ഹണി റോസിന്റെ വസ്ത്രം നല്ലത് അല്ലെങ്കിൽ ചാണകം എറിയും; ഓൾ കേരള മെൻസ് അസോസിയേഷൻ
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം വാർത്തയായത്. പിന്നാലെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിവധി പേരാണ് ഇതിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നത്.
പിന്നാലെ നടിയ്ക്കിതിരെ ഓൾ കേരള മെൻസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. അതേസമയം സംഘടനയുടെ വാട്സാപ്പിൽ ഗ്രൂപ്പിൽ അജിത് കുമാർ പങ്കുവെച്ച ചില സന്ദേശങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഒരു സംവാദ ചാനൽ പരിപാടിയിൽ സംസാരിക്കവെ ഈ വിഷയത്തിലടക്കം നിരവധി ചോദ്യങ്ങളാണ് അവതാരകനിൽ നിന്നും നേരിടേണ്ടി വന്നത്.
ഉദ്ഘാടന പരിപാടിക്ക് എത്തുന്ന ഹണി റോസിനെതിരെ ചാണകമെറിയാൻ മെൻസ് അസോസിയേഷൻ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നു. ‘ജനുവരി 20 തിങ്കളാഴ്ച ആരൊക്കെ പാലക്കാട് വരുന്നു. ഹണി റോസിന്റെ വസ്ത്രം നല്ലത് അല്ലെങ്കിൽ ചാണകം എറിയാൻ എല്ലാവരും വരണം’ എന്ന രീതിയിലുള്ള സന്ദേശമാണ് ഗ്രൂപ്പിലുള്ളത്.
പാലക്കാട് ഉദ്ഘാടനത്തിന് വരുമ്പോൾ ഹണി റോസ് ധരിച്ചത് മോശം വസ്ത്രമാണെങ്കിൽ തീർച്ചയായും ചാണകം എറിയുമായിരുന്നുവെന്നും ഞങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അജിത് പ്രതികരിക്കുന്നത്. ഈ സമൂഹത്തെ വഴി തെറ്റിക്കുന്ന രീതിയിൽ പോയാൽ ഞങ്ങൾ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ബോബി ചെമ്മണ്ണൂർ വിഷയത്തിന് ശേഷം ഹണി റോസ് ആദ്യമായി പങ്കെടുത്ത പരിപാടിയായിരുന്നു പാലക്കാടേത്. മികച്ച സ്വീകരണമായിരുന്നു താരത്തിന് ഇവിടെ ലഭിച്ചിരുന്നത്.
ഹണിയെ കാണാനായി സ്ത്രീകളും പെൺകുട്ടികളും അടക്കം വൻ ജനക്കൂട്ടമാണ് ഷോറൂമിന് മുന്നിൽ തടിച്ച് കൂടിയത്. ആരാധകരുടെ ഈ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ആൾക്കൂട്ടം കണ്ടുള്ള ഹണി റോസിന്റെ പ്രതികരണം. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് അവിടെ തനിക്ക് ലഭിച്ചതെന്നാണ് ഹണി റോസ് പാലക്കാട്ടെ ഉദ്ഘാടനത്തെക്കുറിച്ച് പറഞ്ഞത്.
ചേച്ചിമാരും കോളേജിൽ പഠിക്കുന്ന പിള്ളേരുമൊക്കെയായി നിരവധി ആളുകളാണ് എന്നെ സ്വീകരിക്കാനായി അവിടെ എത്തിയത്. എല്ലാവരും ഒരുമിച്ച് വളരെ ആഘോഷപൂർവ്വം തന്നെ ആ ചടങ്ങ് പൂർത്തിയാക്കി. എല്ലാവരുടെ ഭാഗത്ത് നിന്നും വലിയ സ്നേഹമാണ് എനിക്ക് അനുഭവിക്കാൻ സാധിച്ചത്.
വളരെയേറിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനമുണ്ട്. എന്നെ പിന്തുണച്ച മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അതേസമയം, അവതാരകന്റെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരമില്ലാതെ വട്ടിയൂർക്കാവ് അജിത് കുമാർ പരിപാടിയിൽ കുഴയുകയും ചെയ്തിരുന്നു. കേരളത്തിലെ പല വിവാദമായ പല കേസുകളിലേയും പ്രതികൾക്ക് പിന്തുണ നൽകിയിട്ടുള്ള സംഘടനയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ ന ഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി സവാദ്, നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനി, ഹണി റോസിന്റെ പരാതിയിലെ പ്രതി ബോബി ചെമ്മണ്ണൂർ തുടങ്ങിയവരെല്ലാം ജാമ്യം നേടി ജയിലിന് പുറത്തേയ്ക്ക് വന്നപ്പോൾ പൂമാലയിട്ട് സ്വീകരിക്കാൻ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരുണ്ടായിരുന്നു.
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനും വിധിയെ വിമർശിച്ച ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ ശ്രമിച്ചിരുന്നു.
