Connect with us

നാടകപ്രവര്‍ത്തകയും നര്‍ത്തകിയുമായ ജലബാല വൈദ്യ അന്തരിച്ചു

general

നാടകപ്രവര്‍ത്തകയും നര്‍ത്തകിയുമായ ജലബാല വൈദ്യ അന്തരിച്ചു

നാടകപ്രവര്‍ത്തകയും നര്‍ത്തകിയുമായ ജലബാല വൈദ്യ അന്തരിച്ചു

പ്രമുഖ നാടകപ്രവര്‍ത്തകയും നര്‍ത്തകിയുമായ ജലബാല വൈദ്യ അന്തരിച്ചു. 86 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നുവെന്നാണ് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞത്.

ഡല്‍ഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. ഇന്ത്യന്‍ എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടെയും ഇംഗ്ലീഷ് ക്ലാസിക്കല്‍ ഗായിക മാഡ്ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലാണ് ജലബാല ജനിച്ചത്.

ലണ്ടനിലും മുംബൈയിലുമായി പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹി സര്‍വകലാശാലയിലെ മിരാന്റ കോളേജില്‍നിന്ന് ഇംഗ്ലീഷ് ഓണേഴ്‌സില്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായാണ് കരിയര്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനത്തെ പത്രങ്ങളിലും മാസികകളിലും ജോലിചെയ്തു.

ഇതിനിടെ പ്രശസ്ത കോളമിസ്റ്റും പത്രപ്രവര്‍ത്തകനും മലയാളിയുമായ സിപി രാമചന്ദ്രനെ വിവാഹംചെയ്‌തെങ്കിലും ആ ബന്ധം ഏറെനാള്‍ നീണ്ടുനിന്നില്ല. നാടകകൃത്തും കവിയുമായ ഗോപാല്‍ ശര്‍മനെ വിവാഹം കഴിച്ച ശേഷമാണ് ജലബാല ജീവിതം കലാപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുന്നത്.

1968ലെ ‘ഫുള്‍ സര്‍ക്കിളി’ലൂടെയാണ് അരങ്ങിലെത്തുന്നത്. ഇതിനിടെ അക്ഷര തിയേറ്ററും പിറന്നു. ദി ഭഗവദ്ഗീത, ദി രാമായണ, ദി കാബൂളിവാല, ഗീതാഞ്ജലി, ബില്ലി ബിശ്വാസിന്റെ വിചിത്രമായ കേസ് എന്നീ നാടകങ്ങളുടെ ഭാഗമായി. ബി, ദിസ് ഈസ് ഫുള്‍, ലൈഫ് ഈസ് ബട്ട് എ ഡ്രീം, ദി അക്ഷര ആക്റ്റിങ് മെത്തേഡ് എന്നീ പുസ്തകങ്ങള്‍ രചിച്ചു.

സംഗീത നാടക അക്കാദമിയുടെ ടാഗോര്‍ അവാര്‍ഡ്, ഡല്‍ഹി നാട്യസംഘ അവാര്‍ഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാള്‍ട്ടിമോര്‍, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡല്‍ഹി സര്‍ക്കാരില്‍നിന്ന് വാരിഷ് സമ്മാന്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായി. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടന്‍ ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്‌ന ഷെട്ടി എന്നിവര്‍ ചെറുമക്കളാണ്.

More in general

Trending

Recent

To Top