Malayalam
തിരക്കഥ വായിച്ചിരുന്നില്ല, എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഒരു കാരണവശാലും അഭിനയിക്കുമായിരുന്നില്ല; ആടുജീവിതത്തിൽ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് നടൻ ആകിഫ് നജം
തിരക്കഥ വായിച്ചിരുന്നില്ല, എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഒരു കാരണവശാലും അഭിനയിക്കുമായിരുന്നില്ല; ആടുജീവിതത്തിൽ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് നടൻ ആകിഫ് നജം
പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ആടു ജീവിതത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ് ജോർദാനി നടൻ ആകിഫ് നജം. സൗദികളെ അപമാനിച്ചെന്ന് ആരോപിച്ച് മലയാള ചിത്രം ആടുജീവിതത്തിന് എതിരെ നടക്കുന്ന ഹേറ്റ് ക്യാപെയിന് പിന്നാലെയാണ് നടൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയിൽ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചത്. സിനിമയുടെ തിരക്കഥ വായിച്ചിരുന്നില്ല. സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ തിരിച്ചറിഞ്ഞത്. സൗദി ജനതയുടെ മനുഷ്യത്വവും ധൈര്യവും കാണിച്ചുതരുന്ന കഥാപാത്രമായതിനാലാണ് ചിത്രത്തിൽ അഭിനയിച്ചത്.
സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കിൽ ഒരു കാരണവശാലും അഭിനയിക്കുമായിരുന്നില്ല. ജോർദാനും സൗദിയും തമ്മിൽ സൗഹോദര്യ ബന്ധമാണ് ഉള്ളത്. ആടുജീവിതത്തിൽ വേഷമിട്ടതിന് സൗദി ജനതയോട് മാപ്പ് പറയുന്നുവെന്നാണ് ആകിഫ് നജം പ്രസ്താവനയിൽ പറയുന്നത്.
ആടുജീവിതത്തിൽ നജീബിനെ മരുഭൂമിയിലെ റോഡിൽ നിന്ന് രക്ഷിച്ച് നഗരത്തിലെത്തിക്കുന്ന സൗദി പൗരനായി ആയിരുന്നു ആകിഫ് നജം അഭിനയിച്ചത്. അതേസമയം, ആടുജീവിതം സിനിമയിൽ വേഷമിട്ടതിൽ ഖേദിക്കുന്നില്ലെന്ന് ഒമാനി നടൻ താലിബ് അൽബലൂഷി ആവർത്തിച്ചു. ചിത്രത്തിൽ അഭിനയിച്ചതിന് ഒമാനി നടനായ താലിബ് അൽബലൂഷിയെ സൗദി അറേബ്യ വിലക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. തനിക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന നടനായി മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താലിബ് അൽബലൂഷി പറഞ്ഞു. ചിത്ര്തതിൽ നജീബിന്റെ അർബാബ് ആയി ആയിരുന്നു താലിബ് അൽബലൂഷി എത്തിയിരുന്നത്.
അതേസമയം സൗദിയെ അപമാനിക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും അറബ് ജനതയുടെ അനുകമ്പയും സഹാനുഭൂതിയും സിനിമയിൽ കാണിച്ചിട്ടുണ്ടെന്നും വിവാദങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പറഞ്ഞിരുന്നു. ആരുമില്ലായിരുന്നെങ്കിൽ റോഡിൽ മ രിക്കുമായിരുന്ന നജീബിനെ രക്ഷിക്കുന്നത് അറബ് പൗരനാണ്. റസ്റ്റോറന്റ് ജീവനക്കാർ, തടങ്കൽ കേന്ദ്രത്തിലെ ആളുകൾ, ഔട്ട്-പാസ് ചെക്ക് പോസ്റ്റ് എന്നിവയെല്ലാം ദയയുടെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും പ്രതിരൂപങ്ങളായിട്ടാണ് ചിത്രീകരിക്കപ്പെട്ടതെന്നും ബ്ലെസി പറഞ്ഞു.