Actress
അമ്മയിൽ അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല; ഐശ്വര്യ ലക്ഷ്മി
അമ്മയിൽ അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല; ഐശ്വര്യ ലക്ഷ്മി
സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും മലയാള സിനിമയിലെ ലൈം ഗികാതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും നടി ഐശ്വര്യ ലക്ഷ്മി.
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയാണ് അമ്മയെന്ന് തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാൽവയ്‌പ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു.
എന്തുകൊണ്ട് നേരത്തെ എടുത്തില്ലെന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോകണം. എന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് നടി ആ ക്രമിക്കപ്പെട്ടതും തുടർന്നുള്ള സംഭവങ്ങൾ ഉണ്ടാവുന്നതും. അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു.
ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞത് മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിച്ചു. അമ്മയിൽ അംഗത്വം എടുത്തതു കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല. ആർക്കാണ് കമ്മിറ്റ്മെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടത് എന്നും ഐശ്വര്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റായിരുന്ന മോഹൻലാലും പതിനേഴ് എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചത്. രാജിവെയ്ക്കുന്നതുമായി സംബന്ധിച്ച് അമ്മ പുറത്തിറക്കയി പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു;
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.
