Social Media
‘തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെ ബാധിക്കും’ ; നടി അഹാന കൃഷ്ണയുടെ പോസ്റ്റിനെതിരെ പ്രതിഷേധം
‘തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെ ബാധിക്കും’ ; നടി അഹാന കൃഷ്ണയുടെ പോസ്റ്റിനെതിരെ പ്രതിഷേധം
സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കുന്ന നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. താരങ്ങളുടെ നിലപാടുകള്‍ പലപ്പോഴും ഏറ്റെടുക്കുകയും വിമര്‍ശിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് നടി അഹാന കൃഷ്ണ നടത്തിയൊരു പരാമര്‍ശം. തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണും സ്വര്‍ണക്കടത്ത് കേസും പരാമർശിച്ചുകൊണ്ട് അഹാന നടത്തിയ പ്രതികരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഹാനയുടെ വാക്കുകളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്.
അഹാന കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ സനീഷ്. ‘ഈ ബഹളങ്ങൾക്കൊക്കെയിടക്ക്,സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും നാട്ടിൽ അതിന്റെ വഴിക്ക് നടക്കും. അതിൽ ആളുകൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകുന്നതും തെറ്റൊന്നുമല്ല. എന്നാൽ അതിന്റെ പേരിൽ നമ്മുടെ നാട്ടുകാര് നേരിടുന്ന അതിഗുരുതരമായ സ്ഥിതിയെ നിസ്സാരീകരിക്കുന്ന , അത് വഴി നാട്ടുകാരെ വലിയ അപകടത്തിൽ പെടുത്തുന്ന പരിപാടിയായിപ്പോയി ഈ നടിയുടേത് .
ഈ നടി സോഷ്യൽ മീഡിയയിൽ വലിയ കൂട്ടം ഫോളോവേഴ്സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓർമിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ എന്ന് പറഞ്ഞ് കൊള്ളട്ടെ’ എന്നാണ് അഹാനക്കെതിരെയുള്ള സനീഷിന്റെ പ്രതികരണം.
