Malayalam
രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ സഹോദരി ദിയയുടെ വിവാഹം. കുടുംബം വലിയ ആഘോഷമാക്കിയാണ് വിവാഹം നടത്തിയത്.
ഇതിനിടെ മൂത്ത മകളായ അഹാന എന്തുകൊണ്ടാണ് ദിയയ്ക്ക് മുൻപെ വിവാഹം കഴിക്കാത്തത് എന്ന ചോദ്യമുയർന്നിരുന്നെങ്കിലും അതെല്ലാം വ്യക്തിപരമായ ചോയ്‌സാണ് എന്നാണ് അഹാനയും കുടുംബവും തള്ളിക്കളഞ്ഞത്. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹകാര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഹാനയും. സോഷ്യൽ മീഡിയയിൽ ആരാധകരുമായുള്ള ഇന്ററാക്ഷനിൽ ആണ് അഹാന വിവാഹത്തെ കുറിച്ച് പറഞ്ഞത്.
ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്. ഇതിനോടൊപ്പം ആരാധകരുടെ മറ്റ് ചില ചോദ്യങ്ങൾക്കും അഹാന കൃഷ്ണ മറുപടി പറയുന്നുണ്ട്.
ഇതിൽ പ്രധാനപ്പെട്ട ഒരു ചോദ്യം പുതിയ വീട് വെച്ച് താമസം മാറുകയാണോ എന്നതായിരുന്നു. 2024 ൽ തന്റെ ജീവിതത്തിൽ നല്ല കാര്യങ്ങൾ കോർത്തിണക്കി ഒരു വീഡിയോ അഹാന സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ടായിരുന്നു. വീഡിയോയുടെ അവസാനത്തിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വീടിന്റെ ചോദ്യം.
‘പുതിയ വീട്ടിലേക്ക് മാറുകയാണോ? വീട് പണി തുടങ്ങിയോ?’ എന്നായിരുന്നു ചോദ്യം. ഇതിന് പുതുവർഷത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളിൽ ഇപ്പോളും വ്യക്തത വന്നില്ലെന്നാണ് അഹാന മറുപടി പറയുന്നത്. ചില കാര്യങ്ങൾ നടന്ന് കഴിഞ്ഞ് മാത്രമല്ലേ നമ്മൾ പറയാറുള്ളൂ.. കുറച്ചു സമയം കൂടി കഴിഞ്ഞ് വിശദമായി അത് പറയാം എന്നാണ് അഹാന പറഞ്ഞത്. ചിത്രത്തിലുള്ളത് വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും താരം പറഞ്ഞു.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
അതേസമയം, മലയാളത്തിൽ തിളങ്ങി നിൽക്കുന്ന അഹാന കരിയറിൽ ശ്രദ്ധ കൊടുക്കുന്നതിനാലാണ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ട്. എന്നാൽ ഇന്നേവരെ അഹാന ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.
അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പലപ്പോഴും ഗോസിപ്പുകളിലേയ്ക്ക് പോയിട്ടുണ്ട്. ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
