Actress
എൻ്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മ യക്കുമരുന്നിന് അടിമയാണ് എന്നാണ് നൈന എന്റെ അമ്മയെ വിളിച്ച് പറഞ്ഞത്; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ
എൻ്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മ യക്കുമരുന്നിന് അടിമയാണ് എന്നാണ് നൈന എന്റെ അമ്മയെ വിളിച്ച് പറഞ്ഞത്; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഹാനകൃഷ്ണയ്ക്കെതിരെ നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയത്. സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നടി അഹാന സഹകരിക്കുന്നില്ലെന്നാണ് നൈന പറഞ്ഞിരുന്നത്. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നണ്ടായിരുന്നിരിക്കാം.
എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നുമായിരുന്നു നൈന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോഴിതാ തനിയ്ക്കെതിരെ വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒമ്പത് പേജോളം വരുന്ന ദീർഘമായ കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.
ഈ വിഷയത്തിൽ പ്രതികരിക്കണമോ വേണ്ടയോ എന്ന ആലോചനകൾ മൂലമാണ് ഇത്രയും സമയമെടുത്തത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നിർഭാഗ്യവശാൽ 2023 ൽ അന്തരിച്ച സംവിധായകൻ മനു ജെയിംസിനെ കുറിച്ചും എനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അദ്ദേഹത്തിൻ്റെ ഭാര്യ നൈനയെ കുറിച്ചും സംസാരിക്കേണ്ടി വരും. അതിന് താൻ താല്പര്യപ്പെട്ടിരുന്നില്ല.
എന്നാൽ നൈന പൊതുവേദിയിൽ എന്നെക്കുറിച്ച് വ്യാജമായ കാര്യങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് താൻ ഇത് വിശദീകരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് നാൻസി റാണിയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ചത് മനു തന്നെയായിരുന്നു. ഇരുകാര്യങ്ങളിലും അദ്ദേഹത്തിന് അനുഭവപരിചയമില്ലാത്തതിനാൽ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ഞാനും മറ്റ് ചില സാങ്കേതിക വിദഗ്ദരും പരിചയസമ്പന്നനായ ഒരു അസോസിയേറ്റ് ഡയറക്റ്ററെയും പ്രൊഡക്ഷൻ കൺട്രോളറെയും നിയമിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും മനു അത് വിസമ്മതിച്ചു. സിനിമയുടെ ഷൂട്ടിങ് പലപ്പോഴും സമയത്ത് നടന്നിരുന്നില്ല. സംവിധായകൻ സെറ്റിൽ മദ്യപിച്ച് വരികയും ചില സഹ സംവിധായകർക്കൊപ്പം സെറ്റിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു.
എന്താണ് നടക്കുന്നതെന്ന് പോലും ആർക്കും അറിവുണ്ടായിരുന്നില്ല. ആർട്ടിസ്റ്റുകൾ കാത്തിരിക്കേണ്ടി വരുമ്പോൾ താൻ മനുവിനോട് ഷൂട്ട് തുടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹാന പറയുന്നു. 2020 ഒക്ടോബറിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ രണ്ട് മുൻനിര താരങ്ങളോട് താൻ വ്യക്തിപരമായി അഭ്യർത്ഥിച്ചു.
ഈ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ താൻ അതിനെ നല്ല രീതിയിൽ പ്രമോട്ട് ചെയ്യുകയുമുണ്ടായി. 2021 ഡിസംബറിലാണ് താൻ ചിത്രത്തിന് വേണ്ടി അവസാനമായി ചിത്രീകരിച്ചത്. അതിന് ശേഷം പിന്നീട് തന്നെ വിളിച്ചില്ലെന്നും തന്റെ ഭാഗം ഡബ്ബ് ചെയ്യാൻ മറ്റൊരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ഉപയോഗിച്ചു. ക്ലൈമാക്‌സ് രംഗങ്ങൾ ഉൾപ്പടെ, തന്റെ ഭാഗങ്ങൾ മറ്റൊരു ആർട്ടിസ്റ്റിനെ വെച്ച് ചിത്രീകരിച്ചതായും നടി പറയുന്നു.
2022 മാർച്ചിൽ മറ്റൊരാളെവെച്ച് ഡബ്ബ് ചെയ്യാനുള്ള മനുവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ചിത്രത്തിന് ഡബ്ബ് ചെയ്യാൻ ആവശ്യപ്പെട്ട് അദ്ദേഹം തന്നെ സമീപിച്ചു. തന്നോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ മറ്റൊരാളെവെച്ച് ഡബ്ബ് ചെയ്തതിനെതിരെ താൻ പ്രതികരിച്ചതോടെ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നാണ് അഹാന പറയുന്നത്.
സിനിമയിലെ മറ്റുചിലരോട് ഞാൻ മയക്കുമരുന്നിന് അടിമയാണെന്നും സെറ്റിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും പറഞ്ഞു. ഒരിക്കൽ നൈന തന്റെ അമ്മയെ ഫോണിൽ വിളിച്ച് താൻ ഒട്ടും പ്രഫഷണലല്ല എന്ന് പറഞ്ഞു. ഇതിനു തിരിച്ച് മറുപടി പറഞ്ഞ തന്റെ അമ്മയോട് ‘എൻ്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മയക്കുമരുന്നിന് അടിമയാണ്’ എന്നാണ് നൈന പറഞ്ഞത്.
തന്നെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞു പരത്തിയെന്നത് സംവിധായകൻ തുറന്നു പറയുന്ന വോയിസ് റെക്കോർഡ് തന്റെ പക്കലുണ്ടെന്നും അഹാന പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാമെന്ന് പറഞ്ഞ് 20-ാം ദിവസമാണ് മനു മരണപ്പെടുന്നതെന്നും അഹാന പറയുന്നു. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കാമെന്ന കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ഈ പ്രശ്നങ്ങൾ ഉണ്ടാകാത്ത പക്ഷം താൻ സഹകരിക്കുമായിരുന്നു എന്നും അഹാന പറഞ്ഞു.
