Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റും ബെഞ്ച് ക്ലാര്‍ക്കും ശിരസ്തദാറും; റിപ്പോര്‍ട്ട് പുറത്ത്!

Breaking News

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റും ബെഞ്ച് ക്ലാര്‍ക്കും ശിരസ്തദാറും; റിപ്പോര്‍ട്ട് പുറത്ത്!

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റും ബെഞ്ച് ക്ലാര്‍ക്കും ശിരസ്തദാറും; റിപ്പോര്‍ട്ട് പുറത്ത്!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ, പീ ഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് ആണ്. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീ ഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലിപ് എതിര്‍ക്കുന്നുവെന്നും മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും അതിജീവിത പറയുന്നു. മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്. മെമ്മറി കാര്‍ഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. അന്വേഷണത്തില്‍ തന്റെ ഭാഗം കേട്ടില്ല.

അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമെന്നും ഇത് കോടതി അലക്ഷ്യമെന്നും അതിജീവിത ഹര്‍ജിയില്‍ വിമര്‍ശിക്കുന്നുണ്ട്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതില്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസായിരുന്നു അന്വേഷണം നടത്തിയത്.

തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും, ലഭ്യമാക്കണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടത്തിയിരുന്നു.

2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. തന്റെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ആരോ ചോര്‍ത്തിയിട്ടുണ്ടെന്നും ഇതു പുറത്തുപോകുന്നത് തനിക്ക് മാനഹാനിയും, ജീവന് പോലും ഭീഷണിയാണെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്.കൃത്യം നിര്‍വ്വഹിച്ച പള്‍സര്‍ സുനി, സിനിമാ താരം ദിലീപ് ഉള്‍പ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികള്‍. 2020 ജനുവരി മുപ്പതിനായിരുന്നു വിചാരണയുടെ തുടക്കം. വിചാരണക്കിടയില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ 19 സാക്ഷികള്‍ മൊഴിമാറ്റി. വിചാരണ നീതിപൂര്‍വ്വമല്ലെന്ന് ആരോപിച്ച് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. തുടര്‍ന്ന് അതിജീവിതയുടെ ആവശ്യപ്രകാരം വി അജകുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. അതിനിടയിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും പുറത്തെത്തുന്നത്.

More in Breaking News

Trending