Actress
അമേരിക്കയിലുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഇന്ത്യയിലേയ്ക്ക് വന്നു; ജീവിതം മാറ്റിയ തീരുമാനമായിരുന്നു അതെന്ന് അഭിരാമി
അമേരിക്കയിലുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഇന്ത്യയിലേയ്ക്ക് വന്നു; ജീവിതം മാറ്റിയ തീരുമാനമായിരുന്നു അതെന്ന് അഭിരാമി
മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് അഭിരാമിയെ ഓർക്കാൻ. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് അഭിരാമി ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ടെലിവിഷൻ അവതാരകയായും തിളങ്ങി. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
കരിയറിൽ തിരക്കേറിയ സമയത്താണ് നടി ഇടവേളയെടുത്ത് അമേരിക്കയിലേയ്ക്ക് പോയത്. തിരിച്ച് വന്നപ്പോഴും മികച്ച സിനിമകൾ അഭിരാമിയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിലേക്ക് തിരിച്ച് വന്ന കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. 2014 മുതൽ 2020 വരെയും അമേരിക്കയിൽ നിന്ന് ഇടയ്ക്ക് സിനിമകൾ ചെയ്ത് പോകുകയായിരുന്നു. പക്ഷെ കരിയറിൽ സജീവമല്ലാത്തതിൽ ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ല. കാരണം ഒരിക്കലും സിനിമ മാത്രമാണ് എന്റെ ജീവിതമെന്ന് കരുതിയിട്ടില്ല.
എനിക്ക് പല മേഖലകളിൽ താൽപര്യമുണ്ട്. യുഎസിലായിരുന്നപ്പോൾ യോഗ പഠിപ്പിച്ചു. വളണ്ടിയറായി വർക്ക് ചെയ്തു. എന്തെങ്കിലും ഒരു കാര്യം ചെയ്ത് കൊണ്ടിരുന്നു. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നത് ബോണസ് പോലെയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന് പല കാരണങ്ങളുണ്ട്. കൊവിഡിന്റെ സമയത്താണ് വന്നത്. സിനിമകൾ ചെയ്യുമോയെന്ന് ഗ്യാരണ്ടിയില്ല. ആ സമയത്ത് അവിടെയുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഞാനും ഭർത്താവും ഞങ്ങളുടെ വളർത്ത് നായയും നാട്ടിലേക്ക് വന്നു.
ജീവിതം മാറ്റിയ തീരുമാനമായിരുന്നു അത്. ഒരുപാട് സ്ട്രഗിൾ ഉണ്ടായിരുന്നു. എന്താണിവിടെ നടക്കുക എന്നറിയില്ല. നാട്ടിലെത്തിയ ശേഷം ഞാൻ വോയിസ് സ്റ്റുഡിയോ തുടങ്ങി. അന്ന് എല്ലാം ഓൺലൈനിലാണ് നടക്കുന്നത്. ഒരുപാട് അവസരങ്ങൾ വന്നു. കോർപറേറ്റ് വീഡിയോകൾക്ക് വോയിസ് ഓവർ കൊടുത്തു. ഓൺലൈൻ എഡ്യുക്കേഷന് വോയിസ് ഓവർ കൊടുത്തു. ആരും ജോലി തരാൻ കാത്ത് നിൽക്കാതെ താൻ തന്റേതായി രീതിയിൽ അന്ന് മുന്നോട്ട് പോയെന്നും അഭിരാമി വ്യക്തമാക്കി.
ഇന്ത്യയിലും അമേരിക്കയിലും ജീവിച്ചപ്പോൾ തനിക്ക് തോന്നിയ വ്യത്യാസത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു. ചെയ്യുന്ന ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അമേരിക്കയിലാണ്. ഇന്ത്യയിൽ നെറ്റ്വർക്കിഗ് ആണ് പ്രധാനം. ജെൻഡർ ന്യൂട്രലായ സമൂഹമാണവിടെ. എപ്പോൾ വേണമെങ്കിലും പോയി പഠിക്കാം. പ്രായം അവിടെ പ്രശ്നമല്ല. അതേസമയം നമ്മുടേതായ സമൂഹം ഇന്ത്യയിലേ ലഭിക്കൂ.
അമേരിക്കയിലെ സുഹൃത്ത് എന്റെയടുത്തിരുന്ന് പിസ കഴിച്ചാൽ മേ ഐ എന്ന് ഞാൻ ചോദിക്കണം. അവർക്ക് നോ പറയാം. അത് അവിടെ അപമാനമായി കാണുന്നില്ല. ഇവിടെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും. എന്റെ കുഞ്ഞ് ഇന്ത്യയിൽ ജീവിക്കുന്നു. പാതി സമയവും ഏത് അയൽക്കാരുടെ വീട്ടിലാണ് എന്റെ കുട്ടിയുള്ളതെന്ന് എനിക്കറിയില്ല. അവർ എടുത്ത് കൊണ്ട് പോകും. അവർ ഭക്ഷണം കൊടുക്കും. അവളെ എന്റർടെയ്ൻ ചെയ്യിക്കും. ആ സുരക്ഷിതത്വം യുഎസിൽ ഇല്ല. ഇന്ത്യയിൽ എപ്പോഴും നമ്മൾക്ക് ഒരാളുടെ പിന്തുണയുണ്ടാകുമെന്നും അഭിരാമി പറഞ്ഞു.
അതേസമയം, തന്റെ ഉയര കൂടുതൽ കാരണം തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയ ചില സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഭിരാമി നേരത്തെ പറഞ്ഞിരുന്നു. എന്റെ കൂടെ അഭിനയിച്ച പലരും എന്നെക്കാൾ ഉയരം കൂടിയവരാണ്. മലയാളത്തിൽ കൂടെ അഭിനയിച്ചവരിൽ എല്ലാവരും തന്നെ ഹൈറ്റ് ഉള്ളവരായിരുന്നു. അന്യ ഭാഷയിൽ പോയപ്പോൾ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചു. ഹൈറ്റ് എനിക്ക് അങ്ങനെ വലിയ പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല.
എങ്കിലും ആ പെണ്ണിന് ഭയങ്കര ഉയരമാണ് എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ ഒന്നു രണ്ട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതും വലിയ പ്രശ്‌നമായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം എന്നും അഭിരാമി പറഞ്ഞു. കരിയറിലും ജീവിതത്തിലും സന്തോഷകരമായ സമയത്തിലൂടെയാണ് അഭിരാമി ഇപ്പോൾ കടന്നുപോകുന്നത്. അടുത്തിടെ അഭിരാമിയും ഭർത്താവ് രാഹുൽ പവനനും ഒരു പെൺകുട്ടിയെ ദത്തെടുത്തിരുന്നു. കൽക്കി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
