Malayalam
സുധിലയം…ഗൃഹപ്രവേശന ചടങ്ങുകൾക്ക് മുമ്പ് വീടിന്റെ പേര് പങ്കുവെച്ച് രേണു
സുധിലയം…ഗൃഹപ്രവേശന ചടങ്ങുകൾക്ക് മുമ്പ് വീടിന്റെ പേര് പങ്കുവെച്ച് രേണു
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു റീൽ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ് സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഭാര്യയ്ക്കും മക്കൾക്കുമായി ഒരു കൊച്ചു വീട് ആയിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. വിശ്രമമില്ലാതെ സ്റ്റേജ് ഷോകളിൽ അടക്കം സജീവമായി നിന്നതും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. സുധിയുടെ മരണ ശേഷം ആ ആഗ്രഹം സഫലമാകുകയാണ്. സുധിയുടെ കുടുംബത്തിനായി കോട്ടയത്ത് നിർമ്മിക്കുന്ന വീടിന്റെ അവസാനഘട്ട മിനുക്ക് പണികൾ നടക്കുകയാണ്. കേരള ഹോം ഡിസൈൻസ്, ഫ്ലവേഴ്സ് ചാനൽ, 24 ന്യൂസ് എന്നിവയെല്ലാം സംയുക്തമായാണ് സുധിയുടെ സ്വപ്ന ഭവനം പണിതുയർത്തുന്നത്.
ചിങ്ങത്തിൽ ഗൃഹപ്രവേശന ചടങ്ങുകൾ ഉണ്ടാകുമെന്ന് അടുത്തിടെ രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വീടിന് നൽകാൻ പോകുന്ന പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേണു. സുധിലയം എന്നാണ് വീടിന്റെ പേര്. നെയിംപ്ലേറ്റുമായി നിൽക്കുന്ന ചിത്രം പങ്കിട്ട് വീട് നിർമ്മിക്കാൻ സഹായിച്ച എല്ലാവർക്കും രേണു നന്ദിയും അറിയിച്ചിട്ടുണ്ട്.
പേര് സുധിയുടെ ആരാധകർക്കും ഇഷ്ടപ്പെട്ടുവെന്നത് കമന്റിൽ നിന്നും വ്യക്തമാണ്. രേണുവിനും കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ, എല്ലാം നന്നായി വരട്ടെ, സന്തോഷത്തോടെ ഇരിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകൾ. നന്നായി ജീവിക്കൂ. സുധിയ്ക്കും ഈ പേര് ഇഷ്ടമാകും, ഗ്രഹപ്രവേശനത്തിന് സുധിയും ഉണ്ടാകും എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് ഫ്ലവേഴ്സും 24 ന്യൂസും ചേർന്നാണ്.
അച്ഛന്റെ ആഗ്രഹം പോലെ ആനിമേഷനാണ് കിച്ചു പഠിക്കുന്നത്. അടുത്തിടെ പരീക്ഷയ്ക്ക് വിജയിച്ചതിന്റെ സന്തോഷം ഫ്ലവേഴ്സ് ടിവി അവതാകര ലക്ഷ്മി നക്ഷത്രയുടെ ചാനലിലൂടെ തന്നെ കിച്ചു പങ്കിട്ടിരുന്നു. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്നാണ് രേണു പറഞ്ഞത്.
വീട് പണി നന്നായിട്ട് പോകുന്നു. കെഎച്ച്ഡിസിയാണ് വീട് പണി ചെയ്യുന്നത്. ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് ചെയ്ത് തരുന്നത്. വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി.
നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ. വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പ് എന്നും രേണു പറഞ്ഞിരുന്നു.
അടുത്തിടെ വളരെ നാളുകളായുള്ള രേണുവിന്റെ ഒരു ആഗ്രഹം ലക്ഷ്മി സാധിച്ച് കൊടുത്തിരുന്നു.
സുധിയുടെ മണം തന്റെ മരണം വരെ തനിക്ക് ഒപ്പം വേണമെന്ന ആഗ്രഹമുണ്ടെന്നും ആ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്നുമായിരുന്നു രേണു ലക്ഷ്മിയോട് ചോദിച്ചിരുന്നത്. പിന്നീട് അതിനുള്ള ശ്രമത്തിലായിരുന്നു ലക്ഷ്മി. ഒടുക്കം രേണുവിൻറെ ആ വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ലക്ഷ്മി. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു അതേപോലെ സൂക്ഷിച്ച് വെച്ചിരുന്നു.
2023 ജൂൺ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.