Malayalam
ഞാന്‍ ഇപ്പോള്‍ ക്യൂട്ടാണെന്നു വരെ പറയാറുണ്ട്, ആളുകള്‍ക്ക് തന്നോടുണ്ടായിരുന്ന പഴയ പേടിയൊക്കെ പോയെന്ന് അബു സലിം
ഞാന്‍ ഇപ്പോള്‍ ക്യൂട്ടാണെന്നു വരെ പറയാറുണ്ട്, ആളുകള്‍ക്ക് തന്നോടുണ്ടായിരുന്ന പഴയ പേടിയൊക്കെ പോയെന്ന് അബു സലിം
നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അബു സലിം. അടുത്തിടെയായി വില്ലന്‍ വേഷങ്ങളില്‍ നിന്നും മറ്റ് കഥാപാത്രങ്ങളായും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് ആളുകള്‍ക്ക് തന്നോടുണ്ടായിരുന്ന പേടി ഇപ്പോള്‍ കുറഞ്ഞുവെന്നും ക്യൂട്ടാണെന്നുവരെ കുറേപ്പേര് പറയുന്നുണ്ടെന്നുമാണ് താരം പറയുന്നത്. പൂക്കാലം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്താനുള്ള ചിത്രം. മലയാളസിനിമയില്‍ പൊതുവേ ഒരാള്‍ ഒരുതരത്തിലുള്ള വേഷം ചെയ്തുകഴിഞ്ഞാല്‍ അടുത്ത പടത്തിലും അതേവേഷം തന്നെയാവും കിട്ടുക. പക്ഷേ അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ആളുകളാണ് മലയാളത്തില്‍ ഗംഭീര കോമഡി താരങ്ങളായി വന്നിട്ടുള്ളത്. കാരക്റ്റര്‍ റോളുകളിലേക്ക് വന്നവരും വില്ലന്‍വേഷങ്ങള്‍ ചെയ്തവരാണ്. നമുക്കും അങ്ങനെയൊരു കാലം വരും എന്നൊരു തോന്നലുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ ഭീഷ്മപര്വത്തോടുകൂടിയാണ് ആ മാറ്റം വന്നത്. ഏത് റോളും ചെയ്യിക്കാം എന്നൊരു ധാരണ സംവിധായകര്‍ക്കും വന്നുതുടങ്ങിയിട്ടുണ്ട്.
പിന്നെ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍പറ്റും എന്ന് തെളിയിക്കാനുള്ള അവസരം കിട്ടണം. കിട്ടിയാലേ പറ്റൂ. എന്ത് വേഷമാണോ കിട്ടുന്നത്, അത് വൃത്തിയായി ചെയ്യുക എന്നുള്ളതാണ്. കലാകാരനായതിന് ശേഷമാണ് കാക്കിയണിഞ്ഞത്. 1977ലാണ് ആദ്യത്തെ പടം ചെയ്തത്. സുകുമാരേട്ടന് നായകനായ രാജന് പറഞ്ഞ കഥ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു.
1979ലാണ് പോലീസില്‍ ചേരുന്നത്. പക്ഷേ ആദ്യസിനിമയില്‍ പോലീസ് വേഷമായിരുന്നു. മുമ്പ് ഹോട്ടലുകളില്‍ പോകുമ്പോള്‍ ലിഫ്റ്റില്‍ കയറുന്ന സമയത്തെല്ലാം സ്ത്രീകള്‍ പേടിച്ച അനുഭവമുണ്ടായിട്ടുണ്ട്. ചിരിയൊക്കെ ആദ്യത്തെ ആ ഞെട്ടലിന് ശേഷമാണ് എന്നും അബു സലിം പറഞ്ഞു.
45 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഒരിക്കലും സിനിമ വേണ്ടെന്ന് തോന്നിയിട്ടില്ല. ജീവിതത്തില്‍ മൂന്ന് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. പോലീസാവുക, നടനാവുക, ബോഡി ബില്‍ഡിങ്. മൂന്നും തുടര്ന്നുകൊണ്ടുപോന്നിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ പോലീസില്‍ തുടരാനാവില്ല എന്നതുകൊണ്ട് റിട്ടയര്‍ ആയി. മറ്റേത് രണ്ടും ഇപ്പോഴുമുണ്ട്. എന്താവണം എന്നുള്ളതിന്റെ മാക്സിമത്തില്‍ എത്തി എന്നതില്‍ സംതൃപ്തിയുമുണ്ടെന്നും അബു സലിം കൂട്ടിച്ചേര്‍ത്തു.
