Malayalam
ഗുരുവായൂരപ്പനെ കാണാൻ കാടിറങ്ങി വന്ന കുട്ടിക്കൊമ്പൻ ഗുരുവായൂർ പദ്മനാഭനായി മാറിയ കഥ!
ഗുരുവായൂരപ്പനെ കാണാൻ കാടിറങ്ങി വന്ന കുട്ടിക്കൊമ്പൻ ഗുരുവായൂർ പദ്മനാഭനായി മാറിയ കഥ!
നിലമ്പൂർ കുന്നിന്റെ തല പൊക്കം ഉള്ള കുട്ടിക്കൊമ്പൻ കാടിറങ്ങി വന്നത് ഗുരുവായൂരപ്പൻ വിളിച്ചിട്ടുതന്നെ… കണ്ണന്റെ തിടമ്പേറ്റാനുള്ള നിയോഗമുള്ള ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ച് വന്നു നിന്നത് മനുഷ്യവാസ മേഖലയിൽ ….ആലത്തൂരിലുള്ള സ്വാമിയുടെ അടുത്തേക്ക് എത്തിച്ചപ്പോൾ ആനക്കുട്ടിയുടെ അഴക് കണ്ട് സ്വാമി അമ്പരന്നു. ആനക്കച്ചവടത്തിനു വിടാതെ, എങ്ങോട്ടും വിടാൻ തയാറല്ലെന്നു പ്രഖ്യാപിച്ചു സ്വാമി ഒപ്പം കൂട്ടി …പക്ഷെ കുട്ടിക്കൊമ്പനെ കാടിറക്കിയത് സാക്ഷാൽ ഗുരുവായൂരപ്പനല്ലേ …അപ്പോൾ അവിടെ എത്തിച്ചേരാതെ തരമില്ലല്ലോ….
ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് എന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമകളുടെ വീട്ടിലെ മുത്തശിക്ക് അസുഖം… …സുഖപ്പെട്ടാൽ ഗുരുവായൂരപ്പന് മാങ്ങാമാല നൽകാമെന്നു നേർച്ച നേർന്നു. എന്നാൽ, അസുഖം മാറിയില്ലേ, ഒരു ആനയെ നടയിരുത്തണമെന്നായിരുന്നു ജ്യോത്സ്യന്റെ നിർദേശം… അങ്ങനെ ആനയെത്തപ്പി ഇറങ്ങിയ ഇ.പി.ബ്രദേഴ്സ് ആലത്തൂർ സ്വാമിയുടെ അടുത്തെത്തി. കൂട്ടത്തിലെ ഏറ്റവും കേമനായ ആനയെ വേണം, ഗുരുവായൂരപ്പനു കൊടുക്കാനാണ് – ഇ.പി. അച്യുതൻ നായരും ഇ.പി. മാധവൻ നായരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും നിലമ്പൂർ കാടിറങ്ങി വന്ന കുട്ടിക്കൊമ്പനെ കൊടുക്കാൻ സ്വാമി ആദ്യം മടിച്ചു. പിന്നെ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ സ്വപ്നത്തിൽ ആലത്തൂർ സ്വാമിയോട് വന്നു പറഞ്ഞത്രേ കുട്ടിക്കൊമ്പനെ നടക്കിരുത്താൻ ….അങ്ങിനെയാണ് പിന്നീട് ആനയെ കൈമാറിയതെന്നാണ് ഇപി കുടുംബത്തിലെ പിൻമുറക്കാരുടെ കേട്ടുകേൾവി..
16,000 രൂപ നൽകി ആലത്തൂരിൽ നിന്ന് ഇപി തറവാട്ടിലെത്തിച്ച കൊമ്പനെ 1954ൽ കുടുംബം ഗുരുവായൂരിൽ നടയ്ക്കിരുത്തി. അന്ന് ആനയ്ക്കു 14 വയസ്സ്. അച്യുതൻ നായരുടെയും മാധവൻ നായരുടെയും അമ്മ ലക്ഷ്മി അമ്മയുടെ വഴിപാടായിരുന്നു നടയ്ക്കിരുത്തൽ. പണ്ട്, തിരുവിതാംകൂർ മഹാരാജാവ് നടയിരുത്തിയ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞതിനു പിന്നാലെയെത്തിയ കൊമ്പനു ക്ഷേത്രം അതേ പേരുനൽകി.
അങ്ങനെ പേരിനോടൊപ്പം ‘ഏത് ആനയും കൊതിക്കുന്ന’ ഗുരുവായൂർ എന്ന വിശേഷണം ചാർത്തിക്കിട്ടി. നിലമ്പൂർ കാട്ടിലെ കുട്ടിക്കൊമ്പൻ ഗുരുവായൂർ പദ്മനാഭനായി മാറി… ജന്മനാലുള്ള അഴക്, തറവാടിത്തമുള്ള ശീലം, തലപ്പൊക്കം.. ഇതെല്ലാം ഗുരുവായൂരപ്പന് അടിയറവെച്ചത് നീണ്ട 66 വർഷം …
ശ്രീലകത്തുനിന്നു തിടമ്പുമായി വരുമ്പോള്‍ ആരും പറയാതെ തന്നെ വലംകാല് അമര്‍ത്തി ഇരിക്കും.. പുറത്തു തിടമ്പു കയറ്റി എല്ലാവരും ഇരുന്നു എന്നുറപ്പാകുന്നതുവരെ അനങ്ങുക പോലുമില്ല. ഒരിക്കല്‍പ്പോലും തിടമ്പേറ്റിയ ശേഷം പത്മനാഭന് വികൃതി കാട്ടിയില്ല..അനക്കുകയോ കുമ്പിടുകയോ ചെയ്യാതെ തല ഉയർത്തിപ്പിടിക്കുമ്പോൾ എന്റെ നെറുകയിലുള്ളതു സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന അഭിമാനം ആ കണ്ണുകളിൽ കാണാം .. ഗോപുരം കടന്നു അകത്തേക്കു വരുമ്പോഴും പോകുമ്പോഴും ശ്രീലകത്തിനു മുന്നില്‍ നിന്നു തുമ്പി ഉയര്‍ത്തി വണങ്ങും.
പിൽക്കാലത്തു പത്മനാഭൻ, സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻഗാമിയായും കണ്ണന്റെ പ്രതിരൂപമായും അറിയപ്പെട്ടു. പ്രായാധിക്യം മൂലം സമീപകാലത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ മാത്രമാണു നിയോഗിച്ചിരുന്നത്. അവസാനമായി ഡിസംബർ 8 ന് ഏകാദശിക്കാണ് എഴുന്നള്ളിച്ചത്. 2 മാസമായി ചികിത്സയിലായിരുന്നു..
വിടപറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് കണ്ണന്റെ വിഗ്രഹത്തിൽ അലങ്കാരമായതും ‘ഗജരത്നം പത്മനാഭൻ’. ഇന്നലെ ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീലകവാതിൽ തുറന്നപ്പോൾ ഭക്തർ കണ്ടത് പത്മനാഭന്റെ പുറത്ത് സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ രൂപമാണ്.ഉച്ചപ്പൂജ സമയത്ത് മേൽശാന്തിമാർ വിഗ്രഹത്തിൽ ശ്രീകൃഷ്ണന്റെ ഓരോ ഭാവങ്ങൾ കളഭം ചാർത്തി അലങ്കരിക്കും. നട തുറന്നാൽ ഭക്തർ കണ്ടു തൊഴുന്നത് ഈ രൂപമായിരിക്കും.ഇന്നലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയും ഓതിക്കൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരിയും ആണ് പത്മനാഭന്റെ പുറത്ത് സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ ഭാവം തീർത്തത്…
about guruvayur pathamanabhan
