”നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് അഭിരാമി!
നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമാലോകത്തെത്തുന്നത്. പിന്നീട് പത്രം, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറുകയാണ് അഭിരാമി. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം പങ്കുവെക്കുകയാണ് അഭിരാമി.
നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നു എന്നാണ് അഭിരാമിയുടെ തുറന്നു പറച്ചില്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മനസ് തുറക്കല്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം തുറന്ന് പറയുന്ന താരമാണ് അഭിരാമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമി.
സിനിമയില്‍ നിന്നുമല്ല തനിക്ക് ദുരനുഭവമുണ്ടായത് എന്നാണ് അഭിരാമി പറയുന്നത്. വിദേശത്ത് താമസിച്ചിരുന്ന കാലത്തായിരുന്നു മോശം അനുഭവം. ഇരുണ്ട നിറത്തിന്റെ പേരിലാണ് അഭിരാമിയ്ക്ക് വിവേചനം നേരിട്ടത്. ഇതോടെ താന്‍ ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
”നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്‌പെക്ട്രം വച്ച് നോക്കുമ്പോള്‍ ഞാന്‍ കുറച്ച് ഫെയര്‍ ആയിട്ടുള്ള ആളാകാം. പക്ഷെ ഞാന്‍ പതിനേഴ് വര്‍ഷം അമേരിക്കയിലായിരുന്നു. അവിടെ ഞാന്‍ ഇരുണ്ട നിറമുള്ള ആളാണ്. അതിന്റെ പേരില്‍ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്” എന്നാണ് അഭിരാമി പറയുന്നത്. അതേസമയം ഇവിടെ നിറത്തിന്റേ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ മറ്റ് തരത്തിലുള്ള വേര്‍തിരിവ് അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.അമേരിക്കയില്‍ വച്ചുണ്ടായ അനുഭവത്തെക്കുറിച്ച് അഭിരാമി തുടര്‍ന്ന് സംസാരിക്കുന്നുണ്ട്. വ്യക്തിപരമായൊരു അനുഭവമായിരുന്നു. വണ്‍ ഓണ്‍ വണ്‍ ഇന്ററാക്ഷനായിരുന്നു അതെന്നാണ് താരം പറയുന്നത്.
ഇതോടെ ആ വ്യക്തിയില്‍ നിന്നും മാറി നിന്നു. അവരുടെ മനസിലിരുപ്പ് ഇങ്ങനെയാണ് എന്ന് മനസിലായപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്നാണ് താരം പറയുന്നത്. അതേസമയം സിനിമയില്‍ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കി.നേരത്തെ താന്‍ അഭിനയിച്ച ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചും അഭിരാമി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. കാലം മാറുന്നതോടെ നമ്മളുടെ കാഴ്ചപ്പാടും മാറും. അന്നത്തെ സിനിമ കാണിച്ചത് ആ കാലത്തിലെ കാഴ്ചപ്പാടും ചിന്താഗതിയുമാണ്.
ആ ഒരു സിനിമ മാത്രമല്ല. ആ കാലത്തിലെ പല സിനിമകളിലും അങ്ങനൊരു ധ്വനി ഉണ്ടായിരുന്നു. പക്ഷെ ഇന്ന് കാലം മാറി. അതോടെ നമ്മളുടെ കാഴ്ചപ്പാടും മാറി എന്നാണ് അഭിരാമി പറയുന്നത്.ഇപ്പോള്‍ നമ്മള്‍ കുറേക്കൂടി ബോധവാന്മാരായി. കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അങ്ങനെ പണ്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് മനസിലായി. അങ്ങനെയാണ് താന്‍ പ്രതികരിക്കുന്നത് എന്നാണ് അഭിരാമി പറയുന്നത്. ഒരു വ്യക്തിയോടുള്ള കാര്യമല്ല പറഞ്ഞത്. അന്നത്തെ കാലഘട്ടത്തിലുള്ള ചിന്താഗതി ഇന്ന് ഇല്ല എന്നതില്‍ സന്തോഷമുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് എന്നും അഭിരാമി വ്യക്തമാക്കുന്നു.
ബോഡി ഷെയ്മിംഗും മറ്റുമുള്ള സിനിമകള്‍ കാണുമ്പോള്‍ ആ സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. അല്‍പ്പം കോമണ്‍സെന്‍സുള്ള ആരും അങ്ങനെ ചിന്തിക്കും. കൂടാതെ എനിക്ക് തരുന്ന ഡയലോഗില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് പറയും എന്നും അഭിരാമി പറയുന്നു. കുറേ വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളെന്ന നിലയില്‍ ബഹുമാനം തരുന്നതിനാലും പറയാനുള്ള ധൈര്യം ഉള്ളതിനാലും പറയും. കുറേ സിനിമകളില്‍ മാറ്റാന്‍ പറ്റുന്ന കാര്യങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും താരം പറയുന്നു.തെറ്റായ കാര്യങ്ങള്‍ ഗ്ലോറിഫൈ ചെയ്യുന്നതിലാണ് കുഴപ്പം. നെഗറ്റീവ് കഥാപാത്രമാണെങ്കില്‍ അത്തരം കാര്യങ്ങള്‍ വന്നേക്കാം. എന്നാല്‍ വില്ലത്തി സ്വഭാവം കാണിച്ച് കയ്യടി വാങ്ങാന്‍ പറ്റില്ല. മറ്റ് ഭാഷകളിലും മലയാളത്തിലും അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.