Malayalam
പതിനഞ്ച് വർഷമായി ഒരാളുമായി പ്രണയത്തിൽ, സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്; അഭിനയ
പതിനഞ്ച് വർഷമായി ഒരാളുമായി പ്രണയത്തിൽ, സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്; അഭിനയ
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി അഭിനയ. 18 വർഷത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങൾ അഭിനയ ഇതിനകം പൂർത്തിയാക്കി. മലയാളത്തിൽ ഇതിനകം അഞ്ചു ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചു കഴിഞ്ഞു. ‘പണി’ എന്ന ചിത്രത്തിൽ ജോജു ജോർജിന്റെ നായികയായും അഭിനയ തിളങ്ങി. ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഭിനയ ഏറെ പ്രയത്നിച്ചാണ് സിനിമാ രംഗത്ത് സ്ഥാനം നേടിയത്. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം.
ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിനയ. ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിതെന്നും അഭിനയ വ്യക്തമാക്കി. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും.
സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും അഭിനയ മറുപടി നൽകി. ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഒരുപാട് സമയമുണ്ടെന്നും നടി പറയുന്നു. അഭിനയ രംഗത്ത് തന്നെക്കുറിച്ചുള്ള മുൻധാരണകളെക്കുറിച്ചും അഭിനയ സംസാരിച്ചു. സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആൾക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്.
അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങൾ കുറവുള്ളവരല്ല. ഞങ്ങൾക്കും കഴിവുണ്ട്. എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അഭിനയ വ്യക്തമാക്കി. മരിച്ച് പോയ അമ്മയെക്കുറിച്ചുള്ള ഓർമകളും അഭിനയ പങ്കുവെച്ചു. 24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും.
തമാശകൾ പറയും. എനിക്ക് 33 വയസാണ്. ഇത്രയും വർഷങ്ങൾ എനിക്ക് നല്ല ഓർമകളാണ് അമ്മ തന്നത്. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും നീ ഇൻഡിപെൻഡന്റായി നിന്റേതായ പേര് വാങ്ങണമെന്നും ക്ഷമ വേണമെന്നും അമ്മ പറയുമായിരുന്നു. എന്റെ ഏറ്റവും വലിയ സമാധാനം അമ്മ കഷ്ടപ്പെടാതെ ദൈവത്തിനടുത്ത് പോയി എന്നതാണ്. അമ്മയെ ഞാനെപ്പോഴും മിസ് ചെയ്യുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും അഭിനയ വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് നടിയുടെ അമ്മ മരിച്ചത്.
ഒരു സിനിമ എന്നിലേക്ക് എത്തുമ്പോൾ, എന്റെ കഥാപാത്രം എന്താണെന്ന് സംവിധായകനിൽ നിന്ന് കൃത്യമായി മനസ്സിലാക്കാറുണ്ട്. ആ കഥാപാത്രത്തിനു ഡയലോഗ് എത്രത്തോളം ഉണ്ട്, ഏതു ഭാഷയാണ് എന്നൊക്കെ മനസ്സിലാക്കി, അവ പഠിച്ച്, ലിപ് സിങ്ക് വരാൻ നന്നായി പ്രാക്റ്റീസ് ചെയ്യും.
എങ്ങനെ അവതരിപ്പിക്കണം, എന്തു എക്സ്പ്രഷൻസ് കൊടുക്കണം, കഥാപാത്രത്തിന്റെ സ്വഭാവം എന്താണ്, സോഫ്റ്റാണോ അതോ പരുക്കൻ കഥാപാത്രമാണോ എന്നൊക്കെ സംവിധായകനോടു ചോദിക്കും. അസിസ്റ്റന്റ് ഡയറക്ടേഴ്സും ഇക്കാര്യത്തിൽ ഒരുപാട് ഹെൽപ്പ് ചെയ്യാറുണ്ട്. തെലുങ്ക്, തമിഴ് ചിത്രങ്ങൾ ആണെങ്കിൽ എന്റെ അമ്മയാണ് ഡയലോഗ് പഠിക്കാനൊക്കെ സഹായിച്ചിരുന്നതെന്നും നടി പറയുന്നു.
