Malayalam
ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധം ‘ഉണ്ടത്രേ’ എന്ന് പോലീസ്; ആ ഉണ്ടത്രേയിലാണ് ആ കേസ് ഇതുവരെ നിന്നത്, ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ലെന്ന് രാഹുൽ ഈശ്വർ
ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധം ‘ഉണ്ടത്രേ’ എന്ന് പോലീസ്; ആ ഉണ്ടത്രേയിലാണ് ആ കേസ് ഇതുവരെ നിന്നത്, ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ലെന്ന് രാഹുൽ ഈശ്വർ
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിലൊന്നും അഭിപ്രായം പറയാതെ നിന്നവരും ഏറെയുണ്ട്.
അത്തരത്തിൽ പലപ്പോഴും ചാനൽ ചർച്ചകളിലും മറ്റും ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരാനിരിക്കെ ദിലീപ് നിരപരാധിയാണെന്ന് ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. ഞാൻ ഇന്നുവരെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കോടതി തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടോ? രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരിയെന്ന് കാലവും കോടതി തെളിയിച്ചുവെന്നും രാഹുൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരുമ്പോൾ എനിക്ക് നൂറ് ശതമാനം ഉറപ്പാണ് ദിലീപ് നിരപരാധിയാണെന്ന്. ആ കേസ് പഠിക്കുന്ന ഏതൊരു വ്യക്തിക്കും അത് മനസ്സിലാകും. ദിലീപിനെ കുടുക്കാനായി നമ്മുടെ പൊലീസുകാർ വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കി. അതായത് കേരള പൊലീസിലെ ചില ആളുകൾ ദിലീപിനേയും പൾസർ സുനിയേയും കണക്ട് ചെയ്യാനായി വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കി മനോരമ മുതൽ ദേശാഭിമാനി വരെ എല്ലാവർക്കും കൊടുത്തു.
ദിലീപിന്റെ പുറകിൽ നിൽക്കുന്ന രണ്ട് പേരിൽ ഒരാൾ പൾസർ സുനിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ രണ്ട് ഫോട്ടോകൾ മെർജ് ചെയ്തിരിക്കുകയാണ്. പൊലീസ് ചാനലുകളെ ഉപയോഗിച്ച് ദിലീപിനെ കരിവാരിത്തേക്കാൻ ശ്രമിച്ചത്. ഈ ഫോട്ടോ ഒന്ന് വിശദമായി പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധം ‘ഉണ്ടത്രേ’ എന്നാണ് പൊലീസ് കോടതിയിൽ പറയുന്നത്.
അങ്ങനെ പറഞ്ഞാൽ എളുപ്പമുണ്ട്. ആ ഉണ്ടത്രേയിലാണ് ആ കേസ് ഇതുവരെ നിന്നതെന്നും രാഹുൽ ഈശ്വർ പറയുന്നു. ഈ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പറയുകയാണ്. നിങ്ങൾ എഴുതി വെച്ചോളൂ ദിലീപ് 100 ശതമാനം നിരപരാധിയാണ്. അത് വിചാരണക്കോടതിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥാപിക്കും. ദിലീപ് നിരപരാധിയാണ് എന്നാൽ പൾസർ സുനിയും അദ്ദേഹത്തിന്റെ കൂടെയുള്ളവരും തെറ്റുകാരാണ്.
ഇവരുമായിട്ടൊന്നും ദിലീപിന് യാതൊരു പങ്കുമില്ല. പൾസർ സുനിയെ ആക്രണ സമയത്ത് അതിജീവിത നേരിട്ട് കണ്ടിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ ദിലീപാണെന്ന് ആ നടിക്ക് എങ്ങനെ അറിയാൻ സാധിക്കും.
എത്രയോ ദിവസങ്ങൾ കഴിഞ്ഞാണ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദിലീപിനെതിരെ ഒരു കടുക് മണിയോളം തെളിവെങ്കിലും ഇതുവരെയായി ഹാജരാക്കാനായിട്ടുണ്ടോ? ഉദാഹരണത്തിന് ദിലീപും പൾസർ സുനിയും ഏതെങ്കിലും ഒരു ടവർ ലൊക്കേഷന് കീഴിലുണ്ടോ? ദിലീപ് പൾസർ സുനിക്ക് പൈസ കൊടുത്തതിന് തെളിവുണ്ടോ? അങ്ങനെ ഇരുവരുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ? ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കേസ് പഠിക്കുന്ന ആർക്കും മനസ്സിലാകും.
ഇത് മനസ്സിലാക്കിയ ജഡ്ജിയുടെ കുടുംബത്തെ വരെ ഇതിലേക്ക് വലിച്ചിഴച്ചു. തന്റെ 12 വയസ്സുള്ള മകളെ ഒഴിച്ച് എല്ലാവരേയും ഇതിലേക്ക് വലിച്ചിട്ടുവെന്ന് ജഡ്ജി തന്നെ പറയുകയുണ്ടായി. എന്നിട്ടും ഒരു സ്ത്രീയുടെ നീതിബോധമാണ് അവിടെ കണ്ടത്. അവരെ സമ്മർദത്തിലാക്കി കേസ് ജയിക്കാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ എന്ത് ചെയ്യാൻ പറ്റും. ദിലീപിനെതിരെ കടുക് മണിപോലും തെളിവില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.
ചാരക്കേസിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ 50 ദിവസം ജയിലിലിട്ട് രാജ്യദ്രേഹിയെന്ന മുദ്രകുത്തി വേട്ടയാടി. അന്ന് അത്തരമൊരു കള്ളക്കഥയുണ്ടാക്കിയ കേരള പൊലീസിലെ ചില ആളുകളാണ് ദിലീപിനെ 85 ദിവസം റിമാൻഡിലാക്കിയത്. ദിലീപ് നാല് പൊലിസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന ഒരു കേസ് ഉണ്ടല്ലോ? അത് എന്തായി, അതേക്കുറിച്ച് ആരും ഇപ്പോൾ അന്വേഷിക്കാത്തത് എന്താണെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
