
Malayalam
മലയാളികൾ മറക്കാത്ത അമ്മമാർ;ഊർമിള ഉണ്ണി പറയുന്നു!
മലയാളികൾ മറക്കാത്ത അമ്മമാർ;ഊർമിള ഉണ്ണി പറയുന്നു!
Published on

മലയാള സിനിമയിൽ മറക്കാൻ കഴിയാത്ത ചില വ്യക്തിത്വങ്ങളുണ്ട്.അമ്മവേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ ചിലർ.ഷീലയും,കെ പി എ സി ലളിതയും,കവിയൂർ പൊന്നമ്മാമയുമൊക്കെ അതിൽ ഒഴിച്ചുകൂടാൻ കഴിയാത്തവരാണ്.ഇപ്പോളിതാ തന്തയെ ജീവിതാനുഭവത്തിന്റെ വേലിക്കാത്തതിൽ മലയാള സിനിമയെ എന്നും അനശ്വരമാക്കിയ അമ്മമാരെക്കുറിച്ച് പറയുകയാണ് നാടോ ഊർമിള ഉണ്ണി..
ഊർമിള ഉണ്ണിയുടെ വാക്കുകൾ..
നൂറു ദിവസം തിയറ്ററിൽ ഓടിയ സിനിമയാണു ‘സർഗം’. ഞാനതിലെ അമ്മത്തമ്പുരാട്ടിയുടെ വേഷം ചെയ്തു മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച സമയം. എനിക്കന്നൊരു മുപ്പതു വയസ്സു കാണും. എന്തിനാണ് ആ ചെറുപ്രായത്തിൽ വയോധികയുടെ വേഷം തിരഞ്ഞെടുത്തതെന്ന് ഇന്നും പലരും എന്നോടു ചോദിക്കാറുണ്ട്. പക്ഷേ, ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലിൽ ‘സർഗം’ തിരഞ്ഞെടുത്തപ്പോൾ നായിക എന്നാണവർ എന്നെ അഭിസംബോധന ചെയ്തത്. സ്ത്രീയുടെ മഹത്വം അമ്മയിലാണെന്ന് അവർ പറഞ്ഞു.
നിറഞ്ഞുനിൽക്കുന്ന ആ കഥാപാത്രമാണ് അതിലെ നായിക എന്നുംകൂടി കേട്ടപ്പോൾ അഭിമാനംകൊണ്ട് ഉള്ളുനിറഞ്ഞു. ഗീതയും ശാന്തികൃഷ്ണയുമൊക്കെ നായികമാരായി നിറഞ്ഞുനിൽക്കെ ഞാൻ മുടിനിറയെ നര കോരിയിട്ടു സിനിമയിലും സീരിയലിലും അഭിനയിച്ചു. ആരോടും പരാതിയില്ല. കിട്ടുന്ന വേഷങ്ങളിൽ തൃപ്ത.
ഒരു സിനിമാ ലൊക്കേഷനിൽ ചെന്നാൽ സംവിധായകൻ, നായകൻ, ക്യാമറാമാൻ, ലൈറ്റ് ചുമക്കുന്നവർ, ഭക്ഷണം വിളമ്പുന്നവർ, കാർ ഓടിക്കുന്നവർ തുടങ്ങി അവിടത്തെ എല്ലാവരുടെയും അമ്മയായി മാറുന്ന നടിയായിരുന്നു സുകുമാരിച്ചേച്ചി. ചേച്ചി വീട്ടിൽനിന്നു ഭക്ഷണത്തിനുള്ള പല വിഭവങ്ങളും കൊണ്ടുവരും. അവിടെയുള്ള എല്ലാവർക്കും കൊടുക്കും. അടുത്തുള്ള ക്ഷേത്രത്തിൽ പോയിട്ടേ രാവിലെ ഷൂട്ടിങ്ങിനെത്തൂ. നിവേദ്യം എല്ലാവർക്കും നാവിലിറ്റിച്ചു കൊടുക്കും. അസുഖം വരുമ്പോൾ സമാധാനിപ്പിക്കും.
സുകുമാരിച്ചേച്ചിയുള്ള ലൊക്കേഷനുകളിൽ നമ്മൾ അമ്മയെ ‘മിസ്’ ചെയ്യില്ല എന്നു ചെറുപ്പക്കാർ വരെ പറയും. രണ്ടു ജോടി സെറ്റ്മുണ്ട് ബാഗിൽ വച്ചാൽ ചേച്ചിയുടെ കോസ്റ്റ്യൂമും റെഡി. ചേച്ചിയുടെ ‘മിഴികൾ സാക്ഷി’ എന്ന ചിത്രം കണ്ടവർക്ക് അതു മറക്കാനാവില്ല. നന്മയും തിന്മയും ഒരുപോലെ അഭിനയിച്ച് പ്രതിഭ തെളിയിച്ച കലാകാരി.
‘അമ്മ മഴക്കാറിനു കൺനിറഞ്ഞു…’ എന്ന പാട്ടു കേൾക്കുമ്പോൾത്തന്നെ കെപിഎസി ലളിതച്ചേച്ചിയുടെ വിങ്ങിപ്പൊട്ടുന്ന മുഖമാണ് ഓർമ വരിക. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി. സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്നു പറയുന്നതു ലളിതച്ചേച്ചിയുടെ കാര്യത്തിൽ നൂറു ശതമാനം സത്യം.
ദേശീയ അവാർഡ് വാങ്ങിയതു ‘തുലാഭാരം’ എന്ന സിനിമയിലാണെങ്കിലും ശാരദാമ്മയുടെ ‘രാപകൽ’ എന്ന സിനിമയിലെ അഭിനയമാണ് എനിക്കേറെയിഷ്ടം. ഒരുപാടു കണ്ണീർക്കടൽ നീന്തി അഭിനയിച്ചാണു ശാരദാമ്മ ‘രാപ്പകലിൽ’ വന്നുനിൽക്കുന്നത്. ഒരു അത്യുഗ്രൻ അമ്മവേഷം.
‘മനസ്സിനക്കരെ’, ‘സ്നേഹവീട്’ എന്നീ സിനിമകളിലൂടെ, താൻ തച്ചോളിക്കഥകളിലെ സുന്ദരിക്കുടം മാത്രമല്ല, സ്നേഹം തുളുമ്പുന്ന ഒരമ്മകൂടിയാണെന്നു ഷീലാമ്മയും തെളിയിച്ചു.തിക്കോടിയന്റെ കഥയായിരുന്നു ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’. മകനെ നഷ്ടപ്പെട്ട ഭ്രാന്തിയായ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയ നടിയാണു നമ്മുടെ കെ.ആർ.വിജയാമ്മ.
ശ്രീവിദ്യയുടെ കണ്ണുകൾപോലെ അമ്മവാത്സല്യം നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഇന്ത്യൻ സിനിമയിൽത്തന്നെ മറ്റൊരാൾക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ, മലയാള സിനിമയുടെ അമ്മ എന്നു പറഞ്ഞാൽ നമുക്ക് ആദ്യം ഓർമ വരിക അമ്പിളിപോലെ വലിയൊരു കുങ്കുമപ്പൊട്ടാണ്. കവിയൂർ പൊന്നമ്മച്ചേച്ചി. ‘തനിയാവർത്തന’ത്തിലെയും ‘കിരീട’ത്തിലെയും അമ്മ നമ്മിലോരോരുത്തരിലും നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു പേരുകേട്ട ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടിക്കു മുഖ്യാതിഥിയായി പോകാമോ എന്നു പൊന്നമ്മച്ചേച്ചി എന്നെ ഫോണിൽ വിളിച്ചു ചോദിച്ചു.
ചേച്ചിക്കു കുറച്ച് ആരോഗ്യപ്രശ്നമുള്ളതുകൊണ്ടു പകരക്കാരിയായാണു ഞാൻ പോകേണ്ടത്. കവിയൂർ പൊന്നമ്മയെ കാണാൻ കാത്തിരിക്കുന്ന ജനങ്ങൾ എന്നെ എങ്ങനെ സ്വീകരിക്കും? മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതംമൂളി. ഞാൻ അങ്ങോട്ടു പോകുമ്പോൾ പൊന്നമ്മച്ചേച്ചിയുടെ പടംവച്ച ഹോർഡിങ്ങുകളുണ്ടായിരുന്നു വഴിനിറയെ. പക്ഷേ, ജനം എന്നെ ചെണ്ടയും മേളവും പൂത്താലവുമേന്തി സ്വീകരിച്ചു. പക്ഷേ, ആ സ്വീകരണം ഊർമിള ഉണ്ണിക്കല്ലായിരുന്നു, ‘സർഗ’ത്തിലെ സുഭദ്രത്തമ്പുരാട്ടിക്കുള്ളതായിരുന്നു!
ഞാൻ മോഹൻലാലിന്റെ അമ്മയായി ‘ഉത്സവപ്പിറ്റേന്ന്’ എന്ന ചിത്രത്തിലും മകൻ പ്രണവിന്റെ അമ്മയായി ‘പുനർജനി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും മോഹൻലാലിന്റെ അമ്മ, നമുക്കെല്ലാം കവിയൂർ പൊന്നമ്മയാണ്. ‘കൈ നിറയെ വെണ്ണതരാം’ എന്നു പാടിയപ്പോഴും മലയാള സിനിമയിൽ മോഹൻലാലിന് അമ്മയുണ്ടായിരുന്നു. പേരിൽത്തന്നെ അമ്മയുടെ വാത്സല്യം ചൊരിഞ്ഞു വന്നവരാണ് കവിയൂർ പൊന്നമ്മയും ആറന്മുള പൊന്നമ്മയും. മലയാള സിനിമയുടെ അച്ഛനും അമ്മയും തിക്കുറിശ്ശി സുകുമാരൻ നായരും ആറന്മുള പൊന്നമ്മയുമാണെന്നു കേട്ടു വളർന്ന സിനിമാതലമുറയാണ് എന്റേത്.
എന്നിട്ട് ഇപ്പോൾ എവിടെപ്പോയി മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങൾ? ആരും അന്വേഷിച്ചില്ല. ഇന്നത്തെ സിനിമയിൽ അച്ഛനുമില്ല, അമ്മയുമില്ല. നായകന്റെ കൂടെ തമാശ കാണിക്കാൻ കുറെ സുഹൃത്തുക്കൾ. പാട്ടുപാടാൻ പേരിനൊരു നായിക. അത്ര മതി ന്യൂജെൻ സിനിമക്കാർക്ക്. ഇന്നത്തെ കഥകൾക്ക് അമ്മമാർക്കു പ്രസക്തിയില്ലത്രേ!
കഴിഞ്ഞ വർഷം ഒരു സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോൾ സംവിധായകൻ അസോഷ്യേറ്റിനോടു പറയുന്നതു കേട്ടു: ‘ഊർമിളച്ചേച്ചിക്ക് ഒറ്റ ദിവസത്തെ ഷൂട്ട് മതി. കാരണം അമ്മമാരെയൊക്കെ സ്ക്രീനിൽ കണ്ടാൽ ജനം കൂവും.’ കേൾക്കാത്ത ഭാവം നടിച്ചു നിന്നെങ്കിലും കണ്ണു നിറഞ്ഞുപോയി. മനുഷ്യബന്ധങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ലെന്നു തോന്നുന്നു. ഒരു സിനിമാലോകം മുഴുവൻ വിചാരിച്ചാലും നിർവചിക്കാനാവാത്ത വാക്കാണ് അമ്മ. എഴുതിയാൽ തീരാത്ത മഹാകാവ്യം.
about urmila unni
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...