Connect with us

ആ നടൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ വിവാഹം നടക്കില്ലായിരുന്നു; ബാലചന്ദ്ര മേനോൻ

Malayalam

ആ നടൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ വിവാഹം നടക്കില്ലായിരുന്നു; ബാലചന്ദ്ര മേനോൻ

ആ നടൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ വിവാഹം നടക്കില്ലായിരുന്നു; ബാലചന്ദ്ര മേനോൻ

നടന്‍ കുഞ്ചനുമായുള്ള അപൂര്‍വ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. സിനിമയില്‍ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം തനിക്ക് കുഞ്ചനോടുണ്ടെന്നും, കുഞ്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ തന്റെ വിവാഹം ഒരു പക്ഷേ നടക്കുമായിരുന്നില്ലെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

നിങ്ങളെപ്പോലെ തന്നെ ഞാനും പത്തുദിവസത്തിനു മീതെ ‘ഒറ്റപ്പെടല്‍’ എന്ന വൈറസിന്റെ ആക്രമണത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴും അമേരിക്കയില്‍ നിന്ന് മകളും ദുബായില്‍ നിന്ന് മകനും ഫോണില്‍ വിളിക്കുമ്പോഴാണു വീട്ടിലെ ശ്മശാനമൂകതക്ക് ഒരു അറുതി ഉണ്ടാകുന്നത് . അല്ലെങ്കില്‍ വീട്ടിലെ ഫോണും നിശ്ശബ്ദം. സിനിമയില്‍ അങ്ങനെയാണ് . അടുത്ത ഒരു സിനിമയെപ്പറ്റി ഞാന്‍ ഒന്ന് ആലോചിക്കുകയാണെങ്കില്‍ എനിക്കു മുന്‍പേ ലോകം അതറിയും. അതിന്റെ ‘ഗുട്ടന്‍സ്’ ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഫോണിന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അത് പണ്ട് മുതലേ അങ്ങിനെയാണ് .

കുറ്റം പറയരുതല്ലോ. ഇടയ്ക്കു നടന്‍ കുഞ്ചന്‍ വിളിച്ചു. കുഞ്ചന്‍ അങ്ങനെയാണ്. വിളിക്കാന്‍ പ്രതേകിച്ചു കാരണമൊന്നും വേണ്ട. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോടമ്പാക്കത്തു തുടങ്ങിയ സൗഹൃദം അതെ വീറോടെ കാത്തു സൂക്ഷിക്കുന്നതില്‍ ടിയാനുള്ള ഉത്സാഹം ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സിനിമയില്‍ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം എനിക്ക് കുഞ്ചനോട് തോന്നാനുള്ള കാരണം കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും. കുഞ്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ വിവാഹം ഒരു പക്ഷേ നടക്കുമായിരുന്നില്ല എന്ന് മാത്രം തല്‍ക്കാലം പറഞ്ഞു നിര്‍ത്തുന്നു. ഈയുള്ളവന്റെ ആകെയുള്ള ഒരു പ്രണയകഥക്ക് കാരണഭൂതന്‍ കുഞ്ചന്‍ മാത്രമാണ് എന്നറിയുക. അധികമാരും അറിയാത്ത സംഭവബഹുലമായ ആ പ്രണയ കഥ ‘filmy Fridays’ ന്റെ SEASON 3 ല്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് എന്ന് മാത്രം തല്‍ക്കാലം പറഞ്ഞു നിര്‍ത്തട്ടെ ..

എന്നാല്‍ സിനിമാക്കാരല്ലാത്ത എത്രയോ പേരാണ് എന്നെ ഫോണില്‍ വിളിച്ചത്. അടുത്തിടെ ടിവി യില്‍ വന്ന ‘വിവാഹിതരെ ഇതിലെ ‘ എന്ന സിനിമയായിരുന്നു മൂലകാരണം. അല്ലെങ്കിലും എന്റെ സിനിമകള്‍ ഏതു ചാനലില്‍ വന്നാലും അപ്പപ്പോള്‍ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കും .പടത്തെ പറ്റിയുള്ള അഭിപ്രായവും കൂട്ടത്തില്‍ ഇപ്പോളെന്താ സിനിമ ചെയ്യാത്തെ എന്നൊരു ചോദ്യവും. സിനിമ പഴയതാണെങ്കിലും വിളിക്കുന്നത് പുതിയ തലമുറയാണെന്നുള്ളതാണ് എന്റെ സന്തോഷം.

ഏപ്രില്‍ 18 എന്റെ ആദ്യത്തെ സിനിമയാണെന്ന് കരുതുന്നവരും ഈ കൂട്ടത്തിലുണ്ട്. കുടുംബപുരാണവും സസ്‌നേഹവും ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണെന്നു തര്‍ക്കിക്കുന്നവരും ഉണ്ട്. സിനിമ അങ്ങിനെയാണ .’കാര്യം നിസ്സാരം ‘ സിനിമയാണോ സീരിയലാണോ എന്ന് നാളെ ഒരു സംശയം തോന്നിയാല്‍ എനിക്കത്ഭുതമില്ല.

ഞാനുമായി ബന്ധപ്പെടുന്നവര്‍ എന്റെ സിനിമകള്‍ കണ്ടവരോ, കേട്ടറിഞ്ഞവരോ അല്ലെങ്കില്‍ ഇനി കാണാന്‍ പോകുന്നവരോ ആണ് .എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ ആണ് . വിളിച്ചവരുടെയൊക്കെ പ്രധാന പരാതി ബോറടിക്കുന്നു എന്നാണു . ഞാന്‍ പെട്ടന്ന് കട്ട് ചെയ്തു മഹാഭാരതത്തിലെ കുന്തീദേവിയിലേക്കുപോയി. ആവശ്യപ്പെടുന്ന എന്ത് വരവും തരാം എന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് ‘ എനിക്ക് അങ്ങയെപ്പറ്റി ഓര്‍മ്മവരാന്‍ വേണ്ടി കുറച്ചു ദുഃഖം തരണേ എന്നാണു.

ഇതിന്റെ ഒരു നൂതന വേര്‍ഷന്‍ ഞാന്‍ കേട്ടത് ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ വകയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അദ്ദേഹം ആഗ്രഹിച്ചു പോകുന്നത് ഒരു വരട്ടു ചൊറിക്കാണ് . ബോറടിക്കുന്ന മനസ്സിന് ചൊറിയുടെ ഒരു പൊറ്റ കിട്ടിയാല്‍ അത് നുള്ളി അടര്‍ത്തുന്ന സുഖത്തില്‍ ലയിക്കാമെന്നാണ് വിവക്ഷ. എനിക്ക് തോന്നി, കൊറോണയുടെ പേരില്‍ കര്‍ഫ്യൂ അടിച്ചേല്‍പ്പിക്കുന്ന ബോറടി മാറ്റാനായി എന്റെ പഴയ സിനിമകള്‍ കാണാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ( വേണ്ട ബ്രോ …അതിലും ഭേദം ഞങ്ങള്‍ ഒറ്റക്കിരുന്നോളാം എന്ന് ഒരു ട്രോളന്‍ മനസ്സില്‍ വിചാരിക്കുന്നതും ഈയുള്ളവന്‍ അറിയുന്നു. ഇല്ല ബ്രോ .. കണ്ടാലും എന്റെ സിനിമകളെ നിങ്ങള്‍ വരട്ടു ചൊറിയുടെ ഗണത്തില്‍ പെടുത്തില്ല ..ഉറപ്പു)

ആലോചിക്കേണ്ട താമസം തൃശൂര്‍ ഗോപാലകൃഷ്ണന്‍ യുട്യൂബില്‍ ലഭ്യമായ എന്റെ ചിത്രങ്ങളുടെ ലിങ്കുകളുടെ ലിസ്റ്റ് തയ്യാറാക്കി . (അപ്പോഴാണ് എന്റെ ചിത്രങ്ങളില്‍ എനിക്കവകാശപ്പെട്ട ചില ചിത്രങ്ങള്‍ എന്റെ അനുമതിയില്ലാതെ ചിലര്‍ അപ്ലോഡ് ചെയ്ത സന്തോഷവിവരവും ഞാന്‍ അറിയുന്നത് . ഒരു വക്കീലിനുള്ള ‘പണി’ യായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ ) ഈ ആശയം ചര്‍ച്ച ചെയ്തപ്പോള്‍ ‘filmy Fridays’ എഡിറ്റു ചെയ്യുന്ന സജീവ് വ്യാസന്‍ ഇതിനു പറ്റിയ ഒരു ഡിസൈന്‍ പ്ലാന്‍ ചെയ്തു. അങ്ങിനെ എന്റെ സിനിമകള്‍ കാണാത്തവര്‍ക്ക് ആദ്യമായികാണാനും, മുന്‍പ് കണ്ടവര്‍ക്ക് ‘അയവിറക്കി’ കാണാനും ഒരവസരമായി ഈ കര്‍ഫ്യൂ പ്രയോജനകരമാവട്ടെ എന്ന് ഞാനും കരുതി . ചില സിനിമകള്‍ ഒരിക്കല്‍ കൂടി കാണാന്‍ ഞാനും തീരുമാനിച്ചു .

എനിക്കൊരപേക്ഷയുള്ളതു, കാണുമ്പൊള്‍ കുടുംബമൊത്ത് കാണുക . ഒരു വീട്ടിലെ അംഗങ്ങള്‍ ഏവരും എങ്ങും പോകാതെ ഒരുമിച്ചിരിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് നമ്മുടെ പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചിരിക്കുന്നത് . അങ്ങിനെ ഒരുമിച്ചിരുന്നു ഒരുകുടുംബസിനിമ കാണുക എന്നത് ഇന്നത്തെ കാലത്തു അസാധ്യമായ ഒന്നാണെന്ന് എനിക്കറിയാം .അതുകൊണ്ടു തന്നെ എന്റെ സിനിമകള്‍ കാണാന്‍ പോകുന്ന ഏവര്‍ക്കും ഞാനൊരു ‘WISH YOU A HAPPY VIEWING’ പറഞ്ഞോട്ടെ .

കൂട്ടത്തില്‍ ഒരു കുസൃതി കൂടി . ഞാന്‍ മുപ്പതു ചിത്രങ്ങളാണ് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് .നിങ്ങള്‍ എന്നെ സംബന്ധിച്ച് ഒരു അവാര്‍ഡ് കമ്മറ്റി ആണ് .ഏറ്റവും നല്ല കുടുംബചിത്രത്തിനായി ഈ കൂട്ടത്തില്‍ ഒരു ചിത്രം സെലക്ട് ചെയ്യുക .അതിനുള്ള കാരണം ഒരു പാരഗ്രാഫില്‍ ഒതുക്കി എഴുതുക .ഏറ്റവും നല്ല ജഡ്ജിനു എന്റെ വക ഒരു സമ്മാനം. മതിയായ എന്‍ട്രികള്‍ വന്നില്ലെങ്കില്‍ സമ്മാനവും ‘ചിന്ത്യം’ ! ഏപ്രില്‍ 30 ആണ് അവസാന തീയതി ( ആഹാ ! സംഗതി അങ്ങ് സീരിയസ് ആയ പോലുണ്ടല്ലോ )

അപ്പോള്‍ ബോറടി മാറാനുള്ള മാര്‍ഗ്ഗമായി . നമ്മളെ ബോറടിപ്പിക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല . മനസ്സ് വെച്ചാല്‍ ഒരോ സെക്കന്റ് ആഹ്ലാദകരമാക്കാന്‍ നമുക്ക് കഴിയും .

കൊറോണക്കെതിരെയുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളേയും ഞാന്‍ മാനിക്കുന്നു . ആരോഗ്യവകുപ്പിനെ അഭിനന്ദിക്കുന്നു . ഒപ്പം രോഗബാധിതര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു …

that’s ALL your honour!

balachandra menon

Continue Reading

More in Malayalam

Trending

Recent

To Top