മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ തന്റെ സിനിമകള്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഃഖം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് അദ്ദേഹം. നിരവധി ജനപ്രിയ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടും താന്‍ തഴയപ്പെട്ടതില്‍ സര്‍ക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
‘സര്‍ക്കാര്‍ എന്റേയും സര്‍ക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സര്‍ക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി വന്നതില്‍ ലജ്ജയും ദുഃഖവുമുണ്ട്’ ഈ വരികള്‍ പറഞ്ഞുകൊണ്ടായിരുന്നു ബാലചന്ദ്ര മേനോന്‍ തുടങ്ങിയത്. നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍.
നിരവധി മലയാള സിനിമകളുടെ കഥയും സംഭാഷവും സംവിധാനവുമെല്ലാം നിര്‍വഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കാത്തതെന്തെന്ന് ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു. ‘മലയാള സിനിമയുടെ പരിച്ഛേദം കാണിക്കാനുള്ള സിനിമകളുടെ പട്ടികയില്‍ എന്റെ ഒരു സിനിമ പോലും ഇല്ല. ഇത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല.
ഇപ്പോള്‍ കരയുന്ന കുഞ്ഞനല്ലേ പാലുള്ളു. പലപ്പോഴും കരഞ്ഞിട്ടും കിട്ടാറില്ല. എന്റെ സിനിമകളിലൂടെ ഞാനുണ്ടാക്കിയ പ്രേക്ഷക ബന്ധമുണ്ട്. എന്റെ സിനിമ കണ്ട് വിസിലടിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന ഫാന്‍സ് എനിക്കില്ല. പക്ഷേ എന്റെ സിനിമ ഇഷ്ടപ്പെടുന്നവരാണ്. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങള്‍ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ ഒന്നിന് വന്ന് പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്. പക്ഷേ സിനിമയില്‍ പ്രവര്‍ത്തിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അച്ചുവേട്ടന്റെ സിനിമ സ്ത്രീപക്ഷ ചിത്രമായിരുന്നു. ചിരിയോ ചിരി ട്രെന്‍ഡ് സെറ്ററായിരുന്നു. ഇതിന് ശേഷമാണ് നാടോടിക്കാറ്റൊക്കെ വരുന്നത്. ഏപ്രില്‍ മാസം എന്ന് കേട്ടാല്‍ ഏപ്രില്‍ 18 ആണ് മലയാളികളുടെ മനസിലേക്ക് എത്തുന്നത്. ഇതൊന്നും ജനപ്രിയ സിനിമകളല്ലേ ?’ എന്നും ബാലചന്ദ്ര മേനോന്‍ ചോദിച്ചു.