മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതല്‍ കൂട്ടാളികള്‍ക്കെതിരെയും കേസെടുക്കാന്‍ ഒരുങ്ങി പൊലീസ്. നിലവില്‍ പൊലീസ് കേസെടുത്ത പലരും ഒളിവിലാണ്. സൈജുവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സൈജു നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസുള്ളത്. ഇയാളുടെ മൊബൈലില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.
അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാന് സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളില്‍ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയില്‍ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാര്‍ട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാര്‍ട്ടികള്‍ക്കു ചുക്കാന്‍ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും.
കൊച്ചിയില്‍ പപ്പടവട ഹോട്ടല്‍ നടത്തിയിരുന്ന മിന്നു പോള്‍, ഭര്‍ത്താവ് അമല്‍ പപ്പടവട തുടങ്ങിയവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവര്‍ വന്‍ തോതില്‍ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും. മാത്രവുമല്ല, ഇതുവരെ ഇവരുടെ സകല ഇടപാടുകളും പ്രവൃത്തികളും ചികഞ്ഞ് നോക്കി കണ്ടെത്താനാണ് പോലീസ് നീക്കം.
നേരത്തേ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ മിന്നു പോസ്റ്റിട്ടിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വിഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങള്‍ പൊലീസിനു ലഭിക്കുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വിവരങ്ങള്‍ പരാമര്‍ശിക്കുന്നതും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വരും ദിവസങ്ങളില്‍, ചുമതലയുള്ള എസ്എച്ച്ഒമാര്‍ ചോദ്യം ചെയ്യും.
സൈജുവിന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ ആരൊക്കെയാണെന്നു തിരിച്ചറിയാനാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. പേരും മറ്റു വിവരങ്ങളും ലഭിച്ച 17 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും. റോയിക്കെതിരായ കേസില്‍ വിഡിയോ ദൃശ്യങ്ങളില്‍നിന്നു കാര്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. സൈജുവിനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നത്. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അന്‍പതിലധികം വിഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ‘ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന് സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വിഡിയോകള്‍ മൊബൈല്‍ ഫോണില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്. ‘ ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയ വിഡിയോകളെ കുറിച്ച് സൈജു വിവരിച്ചത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കാക്കനാട് നമ്പര്‍ 18 ഹോട്ടലില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കും. ഇയാള്‍ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയില്‍നിന്ന് പൊലീസിന് അറിയാന്‍ സാധിച്ചത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
2020 സെപ്റ്റംബര്‍ 7നു ചിലവന്നൂരിലെ ഫ്ലാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെന്നു പറയുന്ന അമല്‍ പപ്പടവട, നസ്ലിന്, സലാഹുദീന്‍ മൊയ്തീന്, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുള്ളത്.
സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നുണ്ട്. ‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’എന്നിങ്ങനെയാണ് ചാറ്റ്. പൊലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...