നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് ബി ഗിരീഷാണ് തള്ളിയത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഗുരുതര കേസാണെന്നും ജാമ്യം നൽകരുത് എന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ്.
നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. നിലവിൽ ഒളിവിലാണ് നടൻ. പ്രതിയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഇയാളെ കണ്ട് കിട്ടിയിരുന്നില്ല.
കൂട്ടിക്കൽ ജയചന്ദ്രന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ പരിശോധിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പേക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. എന്നാൽ ജൂലൈ 12-ന് കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
നഗരത്തിലെ ഒരു വീട്ടിൽ വച്ച് നാല് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് പലതവണ മൊഴി എടുത്തിരുന്നു. കേസിൽ പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭന്ന് കുട്ടിയെ സ്കൂളിൽ അയക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
