ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം! മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ജുനൈസ്.. സീസൺ ഫൈവിൽ ലാലേട്ടന്റെ ഫേവറേറ്റ്സ് റിനോഷും ജുനൈസുമായിരുന്നുവെന്ന് ആരാധകർ
ഇത്തവണ ബിഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത് ചെന്നൈയിലാണ്. ഇതിനോടകം മത്സരാർത്ഥികളെല്ലാം ചെന്നൈയിൽ എത്തി കഴിഞ്ഞു. സിനിമാ-സീരിയൽ-സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒരുപിടി താരങ്ങൾക്കൊപ്പം രണ്ട് കോമണേഴ്സും ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി ജുനൈസ് പങ്കിട്ട ഒരു ഫോട്ടോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനും സീസൺ ഫൈവിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന റിനോഷ് ജോർജിനും ഒപ്പമുള്ള ഫോട്ടോയാണ് ജുനൈസ് പങ്കിട്ടിരിക്കുന്നത്. ബിഗ് ബോസ് ഗ്രാന്റ് ലോഞ്ച് പരിപാടിയിൽ റിനോഷ് ജോർജിന്റെയും ജുനൈസിന്റെയും സാന്നിധ്യമുണ്ടാകുമെന്നാണ് ഫോട്ടോയിൽ നിന്നും മനസിലാകുന്നത്.
ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ജുനൈസ് വി.പി കുറിച്ചത്. ഫോട്ടോ വൈറലായതോടെ സീസൺ ഫൈവിൽ മത്സരാർത്ഥികളായിരുന്ന സെറീന ആൻ ജോൺസൺ, റെനീഷ റഹ്മാൻ, നടൻ ഷിജു, വിഷ്ണു ജോഷി, നാദിറ മെഹ്റിൻ തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ച് എത്തി. ഒപ്പം ബിഗ് ബോസ് കണ്ട് ഇരുവരെയും സ്നേഹിച്ചവരും കമന്റുകൾ കുറിച്ചിട്ടുണ്ട്. അല്ലേലും ലാലേട്ടന് സീസൺ ഫൈവിന്റെ സമയത്ത് ജുനൈസിനോടും റിനോഷിനോടും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. റിനോഷും ജുനൈസും ഗസ്റ്റായി എത്തുന്നുണ്ടോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. സീസൺ ഫൈവിൽ ലാലേട്ടന്റെ ഫേവറേറ്റ്സ് റിനോഷും ജുനൈസുമായിരുന്നുവെന്നും കമന്റുകളുണ്ട്. ബിബിന്റെ സ്വന്തം വിജയനും ബാലേട്ടനുമെന്ന് കമന്റിട്ടവരും നിരവധിയാണ്. സീസൺ ഫൈവിൽ ജുനൈസിന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളായിരുന്നു റിനോഷ്. ഇരുവരും ഒരുമിച്ചിരുന്നായിരുന്നു പല കളികളും പ്ലാൻ ചെയ്തിരുന്നതും ചർച്ച ചെയ്തിരുന്നതും ഇവർക്കൊപ്പം അനിയൻ മിഥുനും ഉണ്ടാകാറുണ്ടായിരുന്നു.
സീസൺ ഫൈവിൽ കിരീടം ചൂടിയത് സംവിധായകനായ അഖിൽ മാരാരായിരുന്നു. റെനീഷ റഹ്മാനായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം ജുനൈസിനായിരുന്നു. സീസണില്‍ മികച്ച ഒരു മത്സരാര്‍ത്ഥിയായിരുന്ന റിനോഷ് ഷോയുടെ അവസാന ആഴ്ചയ്ക്ക് മുമ്പ് അസുഖത്താല്‍ സീസണില്‍ നിന്നും പുറത്തുപോവുകയായിരുന്നു. റിനോഷ് ഹൗസിൽ നിലനിന്നിരുന്നെങ്കിൽ ഒരു കടുത്ത മത്സരം ഫിനാലെ വേദിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമായിരുന്നു. ബിഗ് ബോസിന് ശേഷം സിനിമയിലേക്കും ജുനൈസിന് അവസരം ലഭിച്ചിരുന്നു. ജോജു ജോര്‍ജ് തിരക്കഥയെഴുതുന്ന സിനിമയില്‍ അഖില്‍ മാരാരും സാഗര്‍ സൂര്യയും ജുനൈസിനൊപ്പമുണ്ട്. സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജാണ്.
