Actress
എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്, ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല; ജ്യോതിർമയി
എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്, ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല; ജ്യോതിർമയി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ജ്യോതിർമയി. 2013ന് ശേഷം ജ്യോതിർമയി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നടിയുടെ തിരിച്ച് മലയാള സിനിമാ ലോകത്ത് തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഊർത്താവും സംവിധായകനുമായ അമൽ നീരദിന്റെ പുതിയ ചിത്രമായ ബോഗെയ്ൻ വില്ലയിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്.
പണ്ട് കണ്ട ജ്യോതിർമയിയേ അല്ല പ്രേക്ഷകർ ഇപ്പോൾ കാണുന്നത്. സോൾട്ട് ആന്റ് പെപ്പർ ഹെയർസ്റ്റെെൽ ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. പലർക്കും ഇത് തങ്ങളുടെ ആ പഴയ ജ്യോതിർമയി ആണെന്ന് വിശ്വസിക്കാൻ തന്നെ സാധിച്ചിരുന്നില്ല. വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിർമയി അഭിമുഖങ്ങളിൽ നിന്നും ഷോകളിൽ നിന്നും പോലും മാറി നിൽക്കുകയായിരുന്നു.
ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിലാണ് താരം പങ്കെടുക്കുന്നത്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുകയാണ്. പൊതുവെ തന്റെ സ്വകാര്യ വിഷയങ്ങളെക്കുറിച്ചൊന്നും ജ്യോതിക സംസാരിക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്.
സിനിമാ രംഗത്ത് ഇനി സജീവമാകുമോ എന്ന ചോദ്യത്തോട് സംസാരിക്കുകയായിരുന്നു നടി. ഞാൻ ഒരു പ്ലാനും ചെയ്യാത്ത ആളാണ്. ഇപ്പോൾ പ്രത്യേകിച്ചും പ്ലാൻ ചെയ്യാവുന്ന അവസ്ഥയിൽ അല്ല. ഒരു കുഞ്ഞ് മോനുണ്ട്. മൂന്നര വയസേയുള്ളൂ. അവനെ എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്. ഫാമിലി എന്നെ ഈ സിനിമ ചെയ്യാൻ സപ്പോർട്ട് ചെയ്തു.
ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല. ചെയ്യുമെന്നോ ചെയ്യില്ലെന്നോ പ്രഖ്യാപിക്കുന്നില്ല. എല്ലാം ഒത്ത് വരികയാണെങ്കിൽ ചെയ്യും. മോന്റെ കാര്യങ്ങളും സിനിമയുടെ കഥയും ടീമുമെല്ലാം ഒത്ത് വരുമ്പോൾ ചെയ്യാമെന്നാണ് തീരുമാനമെന്നുമാണ് ജ്യോതിർമയി വ്യക്തമാക്കിയിരിക്കുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് കുഞ്ഞിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അഭിമുഖത്തിൽ അമൽ നീരദിന്റെ കരിയറിലെ തിരക്കുകളെക്കുറിച്ചും ജ്യോതിർമയി സംസാരിക്കുന്നുണ്ട്. ഇയോബിന്റെ പുസ്തകത്തിൽ അമൽ പ്രൊഡ്യൂസറും സംവിധായകനും ക്യാമറമാനുമായിരുന്നു. ഇത്രയും ടെൻഷനടിച്ച് അമലിനെ ഞാൻ കണ്ടിട്ടില്ല.
മോനെ എല്ലാം കൂടി ചെയ്യാൻ പറ്റില്ലെങ്കിൽ എല്ലാം എടുക്കേണ്ടെന്ന് അമലിന്റെ അമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു സംവിധായകൻ അമലിന്റെയുള്ളിൽ ശക്തമായി നിൽക്കുന്നുണ്ട്. ഒരുപക്ഷെ കഥ പറയാനുള്ള താൽപര്യം കൂടുതലുള്ളത് കൊണ്ടായിരിക്കും കൂടുതൽ സിനിമകൾ സംവിധാനം ചെയ്യുന്നത്. കുറച്ച് കഴിഞ്ഞ് റിലാക്സ് മൂഡിലേക്ക് പോകുമ്പോൾ സിനിമോട്ടോഗ്രഫിയിലേക്ക് ശ്രദ്ധ കൊടുത്തേക്കാം. സംവിധാനം ചെയ്യുമ്പോഴും സിനിമാട്ടോഗ്രഫിയിൽ അമലിന് അമലിന്റേതായ കാഴ്ചപ്പാടുണ്ട്. അത് സിനിമാട്ടോഗ്രഫറോട് പറയാറുണ്ടെന്നും ജ്യോതിർമയി പറഞ്ഞു.
2015 ലാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരാകുന്നത്. അതേസമയം, ഒക്ടോബർ 17 നാണ് ബോഗെയ്ൻ വില്ല റിലീസ് ചെയ്യുക. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിൽ ജ്യോതിർമയിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായല്ല ജ്യോതിർമയി അമൽ നീരദ് ചിത്രത്തിൽ സാന്നിധ്യം അറിയിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ജ്യോതിർമയി ഡാൻസ് നമ്പർ ചെയ്തിരുന്നു.
സുരേഷ് ഗോപി ചിത്രമായ പൈലറ്റ് സിൽ കൂടി ആണ് ജ്യോതിർമയി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. രണ്ടാം ചിത്രം ദിലീപും നവ്യ നായരും പ്രധാന വേഷത്തിൽ എത്തിയ ഇഷ്ടത്തിൽ കൂടി ആയിരുന്നു. അതിൽ നവ്യയുടെ കൂട്ടുകാരിയുടെ വേഷത്തിൽ ആണ് ജ്യോതിർമയി എത്തിയത്. എന്നാൽ ജ്യോതിർമയി കൂടുതൽ ശ്രദ്ധ നേടിയത് ദിലീപ് ചിത്രം മീശ മാധവനിൽ കൂടി ആയിരുന്നു. ആദ്യ അര മണിക്കൂറിൽ താഴെ മാത്രമെ താരം ഉണ്ടായിരുന്നുള്ളൂ എന്നിരുന്നാലും രണ്ടു ഗാനരംഗങ്ങൾ അടക്കം താരത്തിന് ചിത്രത്തിൽ ഉണ്ടായിരുന്നു.
