Actor
ചിത്രീകരണത്തിടെ 76 പരിക്കുകള്‍; ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല, മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ് വൈശാഖ്
ചിത്രീകരണത്തിടെ 76 പരിക്കുകള്‍; ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല, മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ് വൈശാഖ്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടര്‍ബോ’. ചിത്രത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് ആണ്. മുഴുനീള ആക്ഷന്‍ കോമഡി ആയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വാര്‍ഡ്, കാതല്‍ എന്നീ ചിത്രങ്ങളുടെ വിജയാഘോഷ പരിപാടിക്കൊപ്പമാണ് ടര്‍ബോയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. പരിപാടിയ്ക്കിടെ മമ്മൂട്ടിയോട് സംവിധായകന്‍ വൈശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടര്‍ബോയുടെ ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകള്‍ ഉണ്ടായയെന്ന് മമ്മൂട്ടി പറഞ്ഞതിന് പിന്നാലെയാണ് വൈശാഖിന്റെ പ്രതികരണം.
‘ആദ്യം തന്നെ എനിക്ക് മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്. കാരണം, അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട് ആ സിനിമയില്‍ മമ്മൂക്കയെ. ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി.
ഒരു തവണ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന്. അതിന് മറുപടിയായിട്ട് ഞാന്‍ പറഞ്ഞത്, ‘എനിക്ക് മമ്മൂക്കേടെ പ്രായം 45നും 50നും ഇടയിലാണ്’. എന്നാല്‍ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞു.
സിനിമയിലെ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ആ ക്യാരക്ടര്‍ ചെയ്യുന്ന എല്ലാം ഞാന്‍ മമ്മൂക്കയെക്കൊണ്ട് ഞാന്‍ ചെയ്യിച്ചിട്ടുണ്ട്. ഒരുപാട് ദിവസം മൂന്ന് മണി വരെയും നാല് മണി വരെയും ഷൂട്ട് ചെയ്ത് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ വിശ്വാസവും മമ്മൂക്ക തന്നെയാണ്’ എന്നും വൈശാഖ് പറഞ്ഞു.
ഇന്നലെ പുറത്തിറങ്ങിയ ടര്‍ബോയുടെ സെക്കന്റ് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടന്‍ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
