News
ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്
ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്
ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ പ്രതിയും ആക്ടിവിസ്റ്റായ ഗൗതം നവ്ലാഖയ്ക്ക് ഇളവ് അനുവദിച്ചതില്‍ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു സംവിധായകന്റെ ആരോപണം.
ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018ല്‍ നടത്തിയ പരാമര്‍ശത്തില്‍ അന്ന് കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജഡ്ജിക്കെതിരായ തന്റെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും അഗ്നിഹോത്രി കോടതിയില്‍ സത്യവാങ്മൂലം നല്കി.
എന്നാല്‍, ട്വീറ്റ് അഗ്നിഹോത്രി ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ട്വിറ്റര്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
കേസിന്റെ അവസാനവാദം അടുത്ത മാര്‍ച്ച് പതിനാറിന് കേള്‍ക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്നിഹോത്രിയ്ക്ക് നിര്‍ദേശം നല്കി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് വിവേക് അഗ്നിഹോത്രി ഏറെ ശ്രദ്ധേയനായത്.
