Connect with us

‘ നയൻതാരയൊക്കെ ചെയ്തതു പോലെ ‘പുരികം ത്രെഡിങ്ങ്’ എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേർന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരിയുടെ കൺസെപ്റ്റ് മാഞ്ഞു പോയി ..’ – മഞ്ജു വാര്യരെ കുറിച്ച് ഒരു കുറിപ്പ്

Malayalam Breaking News

‘ നയൻതാരയൊക്കെ ചെയ്തതു പോലെ ‘പുരികം ത്രെഡിങ്ങ്’ എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേർന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരിയുടെ കൺസെപ്റ്റ് മാഞ്ഞു പോയി ..’ – മഞ്ജു വാര്യരെ കുറിച്ച് ഒരു കുറിപ്പ്

‘ നയൻതാരയൊക്കെ ചെയ്തതു പോലെ ‘പുരികം ത്രെഡിങ്ങ്’ എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേർന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരിയുടെ കൺസെപ്റ്റ് മാഞ്ഞു പോയി ..’ – മഞ്ജു വാര്യരെ കുറിച്ച് ഒരു കുറിപ്പ്

marriage of manju warrier

മഞ്ജു വാര്യർ മലയാള സിനിമയുടെ ഏക ലേഡി സൂപ്പർസ്റ്റാർ ആണ്. ചുരുങ്ങിയ വർഷങ്ങളിൽ മലയാളികൾ എന്ന് ഓർമ്മിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച് മലയാള സിനിമയിൽ നിന്ന് മറഞ്ഞ കലാപ്രതിഭ ആയിരുന്നു മഞ്ജു വാര്യർ. നീണ്ട പതിനാലു വര്ഷം വേണ്ടി വന്നു പിനീട് ആ താരോദയം സിനിമയിലേക്ക് തിരികെയെത്താൻ .

എന്നാൽ അതിനു മുൻപ് പരസ്യങ്ങളിലൂടെ മഞ്ജു വാര്യർ മുഖം കാണിച്ചിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ പല മഞ്ജു ആരാധകർക്കും ആ തിരിച്ചുവരവ് അത്ര ദഹിച്ചില്ല. കാരണം മലയാളിത്വത്തോടെ ആരാധിച്ച ആ രൂപം മാറി മോഡേൺ ലുക്കിലാണ് മഞ്ജു വാര്യർ എത്തിയത്. അത് പലരുടെയും മനസ് തകർക്കുന്നതായിരുന്നു. ഇപ്പോൾ മഞ്ജു വാര്യർ വീണ്ടും എങ്ങനെ ഹൃദയം കീഴടക്കി എന്ന് വിശദമായി വ്യക്തമാക്കുകയാണ് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് സുരേഷ് കുമാർ .

സുരേഷ് കുമാർ എഴുതിയ കുറിപ്പിന്റെ പൂർണരൂപം

‘ജാക്ക് ആൻഡ് ജിൽ’ ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം ഞാൻ മഞ്ജു വാരിയരുടെ അടുത്തു പോയി ചോദിച്ചു, “ഞാനും എന്റെ സുഹൃത്ത് വിജീഷും ചേർന്നാണ് സംഭാഷണം എഴുതുന്നത്. എങ്ങനെയുണ്ട്, ഓക്കേ ആണോ?”

അതിനു കിട്ടിയ മറുപടി, “കലക്കി…ഗംഭീരം…ഞാനത് ഡെലിവർ ചെയ്തത് നന്നായിരുന്നോ? ഇഷ്ടപ്പെട്ടോ?

ജഗതിയും, മുകേഷും, സുരാജ് വെഞ്ഞാറമൂടുമൊക്കെ പറയുന്നതു പോലെ “പോ അവിടുന്ന്” എന്നാണ് പറയാൻ തോന്നിയത്! ഫീൽഡിൽ ഇത്രയും പരിചയസമ്പത്തുള്ള, അപാരമായ കഴിവുള്ള ഒരു അഭിനേത്രി, നവാഗതനായ എന്നോട് ചോദിക്കുകയാണ്, “ഞാൻ ഡയലോഗ് പറഞ്ഞത് ശരിയായോ” എന്ന്!

1996, ഞാൻ ബീകോം ഡിഗ്രി ആദ്യത്തെ വർഷം പഠിക്കുന്ന സമയത്താണ്, ആ വർഷത്തെ കലാതിലകമായ മഞ്ജു വാരിയർ സിനിമയിലെത്തുന്നത്. ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ, തൊട്ടു മുൻപത്തെ വർഷം തന്നെ സിനിമാ അഭിനയം തുടങ്ങിയെങ്കിലും, മറ്റുള്ളവരെപ്പോലെ എന്റെ മനസ്സിലും മഞ്ജു വാരിയരുടെ ആദ്യത്തെ സിനിമ ‘സല്ലാപം’ തന്നെയാണ്.

‘സല്ലാപം’ തിയറ്ററിൽ പോയി കണ്ടില്ല. കാരണം, പലവട്ടം കണ്ടിട്ടും മതിയാകാത്ത ‘കാലാപാനി’ കണ്ടു തീർത്ത് സുല്ല് പറഞ്ഞ് തിയറ്ററിൽ നിന്ന് ഇറങ്ങിയിട്ടു വേണ്ടേ ‘സല്ലാപം’ കാണാൻ! ആദ്യമായി തിയേറ്ററിൽ കാണുന്ന മഞ്ജു വാരിയർ സിനിമ ‘ദില്ലിവാലാ രാജകുമാരൻ’ ആണ്, തിരുവനന്തപുരം ശ്രീപത്മനാഭയിൽ നിന്നും.

പുള്ളിക്കാരി സ്വയം ഡബ്ബ് ചെയ്ത ആദ്യത്തെ സിനിമയും അതു തന്നെയായിരുന്നു (‘സല്ലാപം’ ശ്രീജ ചേച്ചിയായിരുന്നു ഡബ്ബ് ചെയ്തത്). അതേ ദിവസം വൈകിട്ട് അജന്തയിൽ പോയി ‘തൂവൽകൊട്ടാരം’ കാണുകയും ചെയ്തു. അന്നു തൊട്ട്, 1999’ൽ റിലീസായ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ വരെ എന്തോ ഒരു സ്വപ്നസമാനമായ സ്ഥാനമായിരുന്നു ‘മഞ്ജു വാരിയർ’ എന്ന പേരിന്, എന്റെ ഹൃദയത്തിൽ. തനി നാടൻ ശൈലിയിൽ ഡയലോഗ് പറയുന്ന, ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം തന്റേതായ ഒരു സ്‌പെഷൽ ടച്ച് കൊടുത്ത മഞ്ജു വാരിയർ.

റിലീസ് ദിവസം രാവിലെ ന്യൂ തിയേറ്ററിൽ നിന്നും ‘ഹരികൃഷ്ണൻസ്’, രാത്രി അജന്തയിൽ സെക്കന്റ് ഷോ ‘സമ്മർ ഇൻ ബെത്‌ലഹേം’, അങ്ങനെ ഓടി നടന്ന് സിനിമ കാണുന്ന സമയം (1998 ഓണം). “ചൂളമടിച്ചു കറങ്ങി നടക്കും” എന്ന പാട്ട് സ്‌ക്രീനിൽ ഓടുന്നു. അതിലെ രണ്ടാമത്തെ ഇന്റർലൂഡ് മ്യൂസിക് പോർഷനിൽ (ചരണത്തിനു മുൻപുള്ള), പുള്ളിക്കാരിയുടെ ഒരു മോഡേൺ ഡാൻസ് സ്റ്റെപ്പുണ്ട്. വലിയ നർത്തകിയാണ് എന്ന് അറിയാമായിരുന്നെങ്കിലും, ആൾക്ക് അത്തരം സംഗതികൾ വഴങ്ങുമോ എന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ, ശരിക്കും അദ്ഭുതം തോന്നി, അദ്ഭുതം അല്ല രോമാഞ്ചം. ആ ഒരു മോഡേൺ ശൈലി തീരെയങ്ങു തുടരാതെ പെട്ടെന്ന് തന്നെ നാടൻ ശൈലിയിലേക്ക് മാറുന്നുമുണ്ട് ആ സീക്വൻസിൽ. അപ്പോഴൊക്കെ മഞ്ജു വാരിയർ എന്ന സിനിമാ താരത്തോട് എന്തോ ഒരു വെരി വെരി സ്‌പെഷൽ ഇഷ്ടമായിരുന്നു. സത്യം.

കുറേ നേരമായല്ലോ മോനേ, എന്താണ് ഈ ‘ആയിരുന്നു…ആയിരുന്നു’? ഇപ്പൊ ഇഷ്ടമല്ലേ? തുറന്നു പറയാല്ലോ, ഏറെ പ്രതീക്ഷിച്ച് കാത്തിരുന്നു കിട്ടിയ ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ല. കാരണം, പ്രധാനമായും ആ മോസ്റ്റ് മോഡേൺ ഹെയർ സ്റ്റൈൽ, അത് ഒട്ടും ദഹിച്ചിരുന്നില്ല! പിന്നെ, നയൻതാരയൊക്കെ ചെയ്തതു പോലെ ‘പുരികം ത്രെഡിങ്ങ്’ എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേർന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരി കൺസപ്റ്റ് ഞാനറിയാതെ മാഞ്ഞു പോയി.

‘ഹൗ ഓൾഡ് ആർ യു’വും, അതിനു ശേഷമുള്ള മറ്റു സിനിമകളുമൊക്കെ കണ്ടെങ്കിലും ഒന്നിലും ആ പഴയ ’96-99’ മഞ്ജു വാര്യരെ കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ആ പഴയ പ്രതിഭയുടെ മിന്നലാട്ടം കുറച്ചെങ്കിലും കിട്ടിയത് ‘കെയർ ഓഫ് സൈറ ബാനു’വിലാണ്. പിന്നെ, പരസ്യങ്ങളിൽ പുള്ളിക്കാരി അഭിനയിക്കുന്നതൊക്കെ, നമ്മുടെ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ എനിക്ക് “കണ്ണു കീറെ കണ്ടുകൂടാ”യിരുന്നു! ദേഷ്യമോ വെറുപ്പോ അല്ല, ഒരു പരിധിയിൽ കൂടുതലുള്ള ഇഷ്ടം കൊണ്ടുള്ള മനോവിഷമം, അതായിരുന്നു കാരണം.

ഇപ്പോൾ എല്ലാം മാറി, അടപടലം മാറി! ‘ജാക്ക് ആൻഡ് ജിൽ’ സമയത്ത്, ഏതാണ്ട് നാൽപത്തി അഞ്ചോളം ദിവസങ്ങൾ എന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ട്, ചിരിച്ചു കൊണ്ട് സ്നേഹത്തോടെ സംസാരിച്ച്, ഡയലോഗ് പറഞ്ഞു കൊടുത്ത്, ക്യാമറയുടെ മുന്നിൽ അഭിനയിക്കുന്നതു കണ്ട്, വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ ആ വ്യക്തി എല്ലാ മനുഷ്യരോടും പെരുമാറുന്നതു കണ്ട്, ഒടുവിൽ ഷൂട്ട് അവസാനിക്കുന്നതിന്റെ തലേന്ന് പുള്ളിക്കാരിക്ക് ചെറിയൊരു പരുക്ക് പറ്റുന്നതു കണ്ട് നിയന്ത്രിക്കാനാവാതെ സ്വയം കരഞ്ഞ് ഞാൻ എന്റെ ആ പഴയ ആരാധനയിലേക്ക് പൂർണമായും മടങ്ങിപ്പോയി! മനസ്സിന്റെ അടിത്തട്ടിൽ പതിഞ്ഞു പോയ ആ പഴയ മഞ്ജു വാരിയരുടെ എല്ലാ ഭാവങ്ങളും, ചേഷ്ടകളും, ശൈലികളും വീണ്ടും ക്യാമറയ്ക്കു മുന്നിൽ സംഭവിക്കുന്നത് ഏറെ സന്തോഷത്തോടെ നോക്കി നിൽക്കാൻ കഴിഞ്ഞു എന്നതാണ് സത്യം!

ആകപ്പാടെ ഉണ്ടായിരുന്ന ആശയക്കുഴപ്പം, ‘മഞ്ജു വാരിയർ’ എന്നു വിളിക്കണോ അതോ ‘മാഡം’ എന്നു വിളിയ്ക്കണോ എന്നതായിരുന്നു? “എന്തു വേണോ വിളിച്ചോ, പക്ഷെ തെറി വിളിക്കാതിരുന്നാൽ മതി” എന്ന രീതിയിലുള്ള ആ ഒരു നിഷ്കളങ്കമായ സമീപനം കണ്ടപ്പോൾ, അറിയാതെ വിളിച്ചു, വിളിക്കുന്നു, ഇനി നാളെയും വിളിക്കും, ‘മാഡം’ എന്ന്….സർവ്വ ഐശ്വര്യങ്ങളോടും കൂടി, ആയൂരാരോഗ്യസൗഖ്യത്തോടെ നീണ്ടകാലം ഇവിടെ തുടരാൻ കഴിയട്ടെ മഞ്ജു മാഡം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

എന്ന്,ഒരു ’96-99′ തീവ്ര ആരാധകൻ, ഒപ്പ്…

NB :- നീണ്ട ഒരു ഡയലോഗ് കൊടുത്താൽ പോലും, ‘എന്തിരൻ ചിട്ടി’യെ പോലെ ആ പേപ്പർ ഒരു പ്രാവശ്യം വാങ്ങി നോക്കി, ഒന്നു ചിന്തിച്ച് തിരികെ ഏൽപ്പിച്ചതിനു ശേഷം, ക്യാമറയുടെ മുന്നിൽ പോയി പയറ് പയറു പോലെ അഭിനയിച്ച്, സന്തോഷ് സാറിന്റെ വെരി ഗുഡും വാങ്ങി, കസേരയിൽ പോയി ഇരിക്കുന്ന ആ പ്രത്യേക പ്രക്രിയ മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല മാഡം!

viral post about manju warrier

More in Malayalam Breaking News

Trending

Recent

To Top