News
മകന്റെ പേര് കയ്യില്‍ പച്ച കുത്തി നടന് വിക്രാന്ത് മാസി
മകന്റെ പേര് കയ്യില്‍ പച്ച കുത്തി നടന് വിക്രാന്ത് മാസി
12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനംകവര്‍ന്ന താരമാണ് വിക്രാന്ത് മാസി. സിനിമ വന്‍ വിജയമായതിനു പിന്നാലെ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരുന്നു. വിക്രാന്തിന്റെ ഭാര്യ ശീതള്‍ മകന് ജന്മം നല്‍കുകയായിരുന്നു. ഇപ്പോള്‍ മകന്റെ പേര് കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മകന്റെ പേര് പച്ചകുത്തിയ വിവരം താരം അറിയിച്ചത്. മകന്റെ വര്ധാന് എന്ന പേരും ജനിച്ച ദിവസവുമാണ് ടാറ്റൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 7നാണ് വിക്രാന്തിനും ശീതളിലും കുഞ്ഞ് ജനിച്ചത്. ഈ മാസം ആദ്യം മകന്റെ ആദ്യമാസം ദമ്പതികള്‍ ആഘോഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് എന്ന വിവരം വിക്രാന്ത് അറിയിക്കുന്നത്. പുതിയ തുടക്കം എന്ന അടിക്കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്. 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിധു വിനോദി ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ സിനിമയിലെ പ്രകടനം വിക്രാന്തിന് വലിയ രീതിയില്‍ ശ്രദ്ധനേടിക്കൊടുത്തു. സെക്ടര്‍ 36, ഫിര്‍ ആയി ഹസീന് ദില്‍രുബ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.
