News
ആരാധകര്‍ക്ക് ഇഷ്ടമാവില്ല, പ്രേമം പോലുള്ള ചിത്രങ്ങള്‍ ബോധപൂര്‍വം ചെയ്യാത്തത്; വിജയ് ദേവരക്കൊണ്ട
ആരാധകര്‍ക്ക് ഇഷ്ടമാവില്ല, പ്രേമം പോലുള്ള ചിത്രങ്ങള്‍ ബോധപൂര്‍വം ചെയ്യാത്തത്; വിജയ് ദേവരക്കൊണ്ട
മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്കിലെ സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. മഞ്ഞുമ്മല്‍ ബോയ്സും, പ്രേമലുവും കാണാന്‍ കാത്തിരിക്കുകയാണെന്നും. ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ട്രെയ്ലര് അടുത്തിടെ കണ്ടിരുന്നുവെന്നും പറഞ്ഞിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
മലയാള സിനിമകള്‍ സാങ്കേതികമായി മികച്ചതാണെന്നും പോസ്റ്റര്‍ മുതല്‍ സംഗീതം വരെ ഒന്നിനൊന്ന് എല്ലാം മികച്ചതാണെന്നും താരം ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തിലെ പ്രേമം പോലുള്ള ചിത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ ആകുമെന്നും എന്നാല്‍ ബോധപൂര്‍വം അത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കാത്തതാണെന്നും വിജയ് പറഞ്ഞു.
‘ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് ഞാനുമായി ചേര്ന്നുനില്ക്കണമെന്നില്ല. സാധാരണയായി ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ സമയമെടുത്താണ് സിനിമകള്‍ പൂര്‍ത്തിയാകുന്നത്. ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഏക ചിത്രമാണ് ഫാമിലി സ്റ്റാര്‍. എന്റെ ഒരു ചിത്രം മോശമായാല്‍ അത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയുണ്ടാക്കും.
പല ഭാഷകളിലെയും വ്യത്യസ്ത സിനിമകള്‍ കാണാറുണ്ട്. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ ചെയ്യാനാണ് താല്പര്യം. യുവാക്കള്‍ക്ക് കണക്റ്റാവാന്‍ പറ്റുന്ന ഒരു പ്രായമാണ് ഇപ്പോള്‍ എനിക്ക്. അതുപോലെ പ്രായമായവരും കുട്ടികളും ഒരു പോലെ എന്റെ സിനിമ ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് അവരെയെല്ലാം രസിപ്പിക്കണം. ഞാന്‍ എന്നെത്തന്നെ പരിമിതപ്പെടുത്തുകയാണെന്ന് എനിക്കറിയാം,’ എന്നും വിജയ് പറഞ്ഞു.
