News
പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ വിജയ് തീരുമാനിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിനു് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും; ആവേശത്തില്‍ ആരാധകര്‍
പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ വിജയ് തീരുമാനിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിനു് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും; ആവേശത്തില്‍ ആരാധകര്‍
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ദളപതി വിജയ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കത്തെ തന്റെ പാര്‍ട്ടിയായി വിജയ് പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. അതിലും വലിയൊരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ വിജയ് ഫൈനലൈസ് ചെയ്തു എന്നാണ് പുതിയ വിവരം.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരിയില്‍ ആദ്യ ആഴ്ചയില്‍ തന്നെ ഉണ്ടായേക്കും. പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് തന്നെ പുറത്തിറക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തമിഴക മുന്നേട്ര കഴകം (ടിഎംകെ) എന്നായിരിക്കും പാര്‍ട്ടിയുടെ പേര് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു.
സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാലകളും വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. 10,000 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ക്യാപ്റ്റന്‍ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ് നടന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തൊട്ടടുത്ത ദിവസം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി വിജയ് എത്തിയിരുന്നു.
