Actress
മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല, അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? ; എനിക്കും മലയാള സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്; കസ്തൂരി
മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല, അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? ; എനിക്കും മലയാള സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്; കസ്തൂരി
മലയാളം സിനിമകളിലൂടെയും പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി കസ്തൂരി. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറഞ്ഞെത്തിയ സ്ത്രീകളുടെ ധൈര്യത്തെ സമ്മതിക്കണമെന്ന് പറയുകയാണ് നടി കസ്തൂരി. അതോടൊപ്പം തന്നെ ഞെട്ടിക്കുന്ന വെളിപ്പെടത്തലുകളും കസ്തൂരി നടത്തുന്നു. തനിക്കും മലയാള സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് കസ്തൂരി പറയുന്നത്.
അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഷൂട്ടിംഗ് സെറ്റിൽ നിന്നും താൻ പോയി. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നും കസ്തൂരി വ്യക്തമാക്കി.
മോശം അനുഭവങ്ങളെ തുടർന്നാണ് താൻ മലയാള സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയത്. ‘ഇൻഡസ്ട്രിയിൽ ചില വിവരദോഷികളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തിൽ. അതുകൊണ്ടാണ് ഞാൻ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തിയത്. വളരെ മോശം സമീപനമായിരുന്നു. പ്രൊഡക്ഷൻ ടീമിലുള്ള നിരവധി പേർ മോശമായി പെരുമാറിയിട്ടുണ്ട്. ഒരു പ്രൊഡക്ഷൻ മാനേജരെ ഞാൻ കരണത്തടിക്കുക വരെയുണ്ടായി.
സംവിധായകനും മോശമായി പെരുമാറി. അയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പിന്നീട് ആ സിനിമയിലും മലയാളത്തിലും അഭിനയിച്ചിട്ടേയില്ല. ഒപ്പം അഭിനയിച്ച നായകന്മാരിൽ നന്നായി പെരുമാറുന്നവരുണ്ട്. മൊത്തം മലയാള സിനിമയെക്കുറിച്ചുമല്ല പറയുന്നത്. ചില വ്യക്തികളെക്കുറിച്ചാണ് പറയുന്നത്. മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ്?
അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്ന് സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്.
സർക്കാർ നിയമങ്ങൾ കൊണ്ടു വരികയും, ആളുകൾ സ്ത്രീകളെ ബഹുമാനിക്കാൻ തുടങ്ങുകയും ചെയ്യാതെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ആയിരം റിപ്പോർട്ട് വന്നാലും മാറ്റം സാധ്യമല്ല. ഇത് രണ്ടുമാണ് ഏറ്റവും പ്രധാനമായും നടപ്പിലാകേണ്ടതെന്നും താരം പറയുന്നു.
കേരളത്തിലെ സ്ത്രീകൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ തമിഴ്‌നാട്ടിൽ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ല. അവർക്ക് സംസാരിക്കാൻ ഭയമാണ്. ഖുശ്ബുവിനെ പോലുള്ളവർക്കും സംസാരിക്കാൻ ഭയമാണ്. വിശാൽ പറഞ്ഞത് പോലെ പറയുന്നത് സാധ്യമാണ്. എന്നാൽ വേണ്ടത് ഇടപെടലുകളാണെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.
നേരത്തെ, തമിഴ് നടി രാധിക ശരത്കുമാറും മലയാള സിനിമയെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നു. കാരവാനിൽ ഒളിക്യാമറവെച്ച് നടികളുടെ ദൃശ്യങ്ങൾ പകർത്തി ഷൂട്ടിംഗ് സെറ്റിൽ പുരുഷന്മാർ മാറിയിരുന്ന് കണ്ടാസ്വദിച്ച് ചിരിക്കുന്നത് താൻ നേരിൽ കണ്ടുവെന്നാണ് രാധിക വെളിപ്പെടുത്തിയത്.
അതേസമയം, തൊണ്ണൂറുകളിലെ നിറസാന്നിധ്യമാണ് കസ്തൂരി. നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. തമിഴിലാണ് കൂടുതലെങ്കിലും മലയാളത്തിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കസ്തൂരിയ്ക്ക് സാധിച്ചു. തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ കസ്തൂരി പലപ്പോഴും തുറന്ന് പറയാറുണ്ട്.