Malayalam
ഞാൻ ചെയ്ത ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ഗാനത്തിലുള്ളത്; ആരോപണവുമായി സംഗീത സംവിധായകൻ സന്തോഷ് നാരായണൻ
ഞാൻ ചെയ്ത ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ഗാനത്തിലുള്ളത്; ആരോപണവുമായി സംഗീത സംവിധായകൻ സന്തോഷ് നാരായണൻ
നിരവധി ആരാധകരുള്ള തമിഴ് താരമാണ് പ്രശാന്ത്. ഇപ്പോൾ പ്രശാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം അന്ധാഗൻ തിയേറ്ററുകളിലേയ്ക്ക് എത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ചെന്നൈയിൽ വെച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ മുഖ്യാതിഥിയായി നടൻ വിജയും എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായാണ് സംഗീത സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. താൻ ചെയ്ത പാട്ടിൽ സിനിമയുടെ നിർമാതാക്കളും സോണി മ്യൂസിക്കും തിരിമറികൾ നടത്തിയെന്നാണ് സന്തോഷ് നാരായണൻ പറയുന്നത്.
ഔദ്യോഗിക എക്സ് അക്കൗണ്ടിൽ സോണി മ്യൂസിക് പോസ്റ്റ് ചെയ്ത പാട്ടിന്റെ ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് രൂക്ഷ വിമർശനവുമായി സന്തോഷ് നാരായണൻ രംഗത്തെത്തിയത്. ചരിത്രത്തിലാദ്യമായി ഒരു ഓഡിയോ ലേബൽ കാഴചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു- എന്നാണ് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചത്.
സിനിമയിലെ പ്രശാന്തിന്റെ കഥാപാത്രം കാഴ്ചശക്തിയില്ലാത്തയാളാണ്. ഇതുകൂടി സൂചിപ്പിച്ചുകൊണ്ടാണ് സന്തോഷ് നാരായണന്റെ പരിഹാസം. അന്ധാഗൻ ആന്തം എന്ന പേരിൽ ഇപ്പോഴെത്തിയിരിക്കുന്നത് ഞാൻ സംഗീതം നൽകിയ ഗാനമല്ല, കൂടാതെ ഞാൻ ചെയ്ത ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ഗാനത്തിലുള്ളത്- എന്നും സന്തോഷ് നാരായണൻ കുറിച്ചു.
സംഗീത സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരുതന്നെയാണ് നിർമാതാക്കൾ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ വിജയ് ആണ് ഗാനം പുറത്തിറക്കിയത്. ഈ ചടങ്ങിൽ സന്തോഷ് നാരായണൻ പങ്കെടുത്തിരുന്നില്ല. ഉമാ ദേവി, ഏകാദശി എന്നിവരാണ് വരികളെഴുതിയത്. അനിരുദ്ധും നടൻ വിജയ് സേതുപതിയും ചേർന്നാണ് ഗാനം ആലപിച്ചത്.
2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധാഗൻ. 2022-ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സാങ്കേതികകാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. പ്രശാന്തിന്റെ പിതാവും നടനുമായ ത്യാഗരാജനാണ് സംവിധാനം. പ്രിയാ ആനന്ദ്, സിമ്രാൻ, കാർത്തിക്, സമുദ്രക്കനി, ഉർവശി, യോഗി ബാബു, കെ.എസ്. രവികുമാർ, വനിതാ വിജയകുമാർ, അന്തരിച്ച നടൻ മനോബാല എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.