Tamil
വിജയകാന്തിന് പദ്മഭൂഷണ്‍; പുരസ്‌കാരം ഏറ്റുവാങ്ങി ഭാര്യ പ്രേമലത
വിജയകാന്തിന് പദ്മഭൂഷണ്‍; പുരസ്‌കാരം ഏറ്റുവാങ്ങി ഭാര്യ പ്രേമലത
തമിഴ് സിനിമ ലോകത്തിന് നികത്താനാകാത്ത വലിയ നഷ്ടമാണ് നടന്‍ വിജയകാന്ത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തമിഴ്‌നാട്ടിലെ മുന്‍ പ്രതിപക്ഷനേതാവ് കൂടിയായ വിജയകാന്തിനോടുള്ള ബഹുമാനസൂചകമായി കേന്ദ്ര സര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഭാര്യയും ഡി എം ഡി കെ അധ്യക്ഷയുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ പ്രേമലത ആകാശത്തേക്ക് നോക്കി വികാരാധീനയായിരുന്നു. വിജയകാന്തിന്റെ മകന്‍ വിജയ് പ്രഭാകരനും പദ്മ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. അന്തരിച്ച പിതാവിന്റെ അഭിമാന നിമിഷത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
1979ല്‍ പുറത്തിറങ്ങിയ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന വിജയകാന്ത് 150 ഓളം തമിഴ്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട അഭിനയത്തിന് ശേഷം അദ്ദേഹം 2005 ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
രണ്ട് തവണ നിയമസഭാംഗമായ അദ്ദേഹം 2011 ല്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മോശം ആരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം 2023 ഡിസംബറില്‍ 28 ന് അന്തരിക്കുമ്പോള്‍ 71 വയസ്സായിരുന്നു പ്രായം.