Tamil
വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും കുടുംബത്തിൻ്റെ അനുമതി വാങ്ങണം; ഭാര്യ രംഗത്ത്!, ആശങ്കയിലായി ആരാധകർ
വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും കുടുംബത്തിൻ്റെ അനുമതി വാങ്ങണം; ഭാര്യ രംഗത്ത്!, ആശങ്കയിലായി ആരാധകർ
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിജയകാന്ത് അന്തരിച്ചത്. പിന്നാലെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും സ്ക്രീനിലെത്തിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിജയുടെ പുതിയ ചിത്രമായ ദ ഗോട്ടിലാണ് വിജയകാന്തിനെ സ്ക്രീനിലെത്തിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലൊരു കാര്യം ചെയ്യുന്നതിനും സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും കുടുംബത്തിൻ്റെ അനുമതി വാങ്ങണമെന്ന് പറയുകയാണ് വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലത. വിജയ് നായകനായെത്തുന്ന വെങ്കട് പ്രഭു ചിത്രം ’ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിൽ വിജയകാന്തിൻ്റെ സാന്നിധ്യമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽട്ടൺ ഒരുക്കുന്ന ’മഴൈ പിടിക്കാത്ത മനിതനി’ലും വിജയകാന്ത് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്താനായി സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വരികയും പലവട്ടം ചർച്ചകൾനടത്തുകയും ചെയ്തു. എന്നെ വന്നു കാണണമെന്ന് വെങ്കട്ട് പ്രഭു അഭ്യർത്ഥിച്ചിരുന്നു.
ഞാനിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ഗോട്ട് എന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരിൽക്കാണണമെന്ന് വിജയ്യും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണിൽ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയ് സിനിമയിൽ വന്ന സമയത്ത് അദ്ദേഹം നായകനായ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയകാന്ത് അഭിനയിക്കുകയും വിജയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.
വിജയെയും പിതാവ് എസ്എ ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത് എന്നും പ്രേമലത പറഞ്ഞു.
വെങ്കട്ട് പ്രഭു സംവിധാനം ചിത്രത്തിൽ വിജയകാന്ത് ഉണ്ടാകുമെന്ന് പ്രേമലത തന്നെയാണ് നേരത്തെ അറിയിച്ചത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കുന്ന കാര്യത്തേക്കുറിച്ച് വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു അന്ന് പ്രേമലത വ്യക്തമാക്കിയത്.
എന്നാൽ ഇപ്പോൾ പ്രേമലത നടത്തിയ പരാമർശങ്ങൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ‘മഴൈ പിടിക്കാത്ത മനിതൻ’ എന്ന ചിത്രത്തെ കുറിച്ചാകാം പ്രേമലത പറഞ്ഞതെന്നും വിജയ് ചിത്രത്തെ കുറിച്ചായിരിക്കെല്ലെന്നും ചില ആരാധകർ പറയുന്നുണ്ട്. അതേസമയം, സെപ്തംബർ അഞ്ചിന് ആണ് വിജയ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.