Malayalam
സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും കരിയറില്‍ ഒത്തിരി സ്ട്രഗിള്‍ ചെയ്തു, ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്; വിജയ് യേശുദാസ്
സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും കരിയറില്‍ ഒത്തിരി സ്ട്രഗിള്‍ ചെയ്തു, ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്; വിജയ് യേശുദാസ്
ഗാനഗന്ധര്വ്വന് കെജെ യേശുദാസിന്റെ മകന് എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനാകുമ്പോഴും തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തികൂടിയാണ് വിജയ്. എന്നാല്‍ കരിയറില്‍ ഒത്തിരി സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് വിജയ് ഇപ്പോള്‍.
തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്സ്ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാര്‍സിലേക്ക് കോള്‍ വരുന്നതും അതില്‍ പാടന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്. യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോള്‍ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലര്‍ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനിസല്‍ വെച്ച് പെരുമാറാറില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും തനിക്ക് അതിന് ശേഷമുള്ള ഏഴ് വര്‍ഷം അവസരങ്ങള്‍ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും വിജയ് പറയുന്നു.
സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങള്‍ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തുടക്ക കാലത്ത് പൊളിഷ്ഡ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. ജോലിയെടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഫ്രസ്ട്രേഷന്‍ ആയിരുന്നു ആ സമയത്ത്. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.
അപ്പയ്ക്ക് തുടക്ക കാലത്ത് ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് എന്ന തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങളല്ല അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നോട് ചോദിച്ചത് എന്തിനാണ് അച്ഛനെപ്പോലെ അനുകരിക്കുന്നത് എന്നാണ്. അത് ഞാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ വേറെ പോലെ പാടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ജന്മനാ അങ്ങനെ ഒന്ന് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് ചെറുപ്പം തൊട്ട് ആ ശബ്ദം കേട്ട് വളര്‍ന്നതുകൊണ്ടാകാം എന്നും അദ്ദേഹം പറയുന്നു.
തന്റെ മക്കളെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു. ഒരു കുഞ്ഞു കുട്ടി ഹരിവരാസനം പാടിയ പാട്ട് വൈറലാവുന്നുണ്ട്, എന്റെ മകളാണെന്ന് പറഞ്ഞാണ് വൈറലാവുന്നത്. പക്ഷെ അതെന്റെ മകളല്ല, ആ കുട്ടിയ്ക്ക് കിട്ടേണ്ട അംഗീകാരം എന്റെ മകള്‍ക്ക് കിട്ടുന്നതില്‍ വിഷമം ഉണ്ട്. എന്റെ മകള്‍ ഇതുവരെ പ്രൊഫഷണലി എവിടെയും പാടിയിട്ടില്ല. മകനെയും മകളെയും പാട്ട് പഠിപ്പിയ്ക്കുന്നുണ്ട്. അവരുടെ ഇഷ്ടത്തിന് വിട്ടേക്കുവാണ്.
എന്റെ അപ്പനും അമ്മയും എന്നോട് ചെയ്ത ആ തെറ്റ് മക്കളോട് ചെയ്യില്ല എന്നാണ് തമാശയോടെ വിജയ് പറയുന്നത്. അവര്‍ക്ക് നല്ല മ്യൂസിക് ടീച്ചേഴ്സിനെ കൊടുക്കും, പാട്ട് പഠിക്കണം എന്നത് അവരുടെ ഉത്തരവാദിത്വമാണ്. അപ്പനും അമ്മയും പറഞ്ഞത് ഞാന്‍ അനുസരിക്കാത്തത് കൊണ്ട്, അവരുടെ പുറകെ നടന്ന് അതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് വിജയ് യേശുദാസ് പറയുന്നത്.
അതേസമയം, താടിയും മുടിയുമൊക്ക എന്തിനാ ഇങ്ങനെ വളര്‍ത്തുന്നത്, വെട്ടിക്കളഞ്ഞൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു. ബാക്കിയുള്ളവര്‍ നമ്മളെ കുറിച്ച് എന്ത് പറയും എന്ന് വിചാരിച്ച് നമ്മള് നമ്മളെ തന്നെ ഇല്ലാണ്ടാക്കരുത്. വീട്ടിലുള്ളവര്‍ ആയാലും പുറത്തു നിന്നുള്ളവര്‍ ആയാലും അവര്‍ അഭിപ്രായം പറയും. എനിക്ക് അതിനൊരു കാരണമുണ്ട്, ഇത് എന്റെ വീട്ടിലുള്ളവരോടും പുറത്തുള്ളവരോടും എനിക്ക് വിശദീകരിക്കേണ്ട കാര്യമില്ല’ എന്നാണ് വിജയ് യേശുദാസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
